Thursday, 26 March 2015

സംസാരവും രോഗ നിവാരണവും

സംസാരവും രോഗ നിവാരണവും എന്ന വിഷയത്തിലെ ന്യായന്യായങ്ങളെ കുറിച്ചുള്ള ചർച്ചകൾ ചൂട് പിടിച്ചു നമ്മുടെ സാമൂഹ്യ മാധ്യമങ്ങളെ വിയർപ്പിച്ചു കൊണ്ടിരിക്കുന്ന സമയമാണ് ഇത്. പ്രസ്തുത വിഷയത്തിൽ നമ്മുടെ മണ്ടോടി തറവാട്ടുകാര്ക്ക് കാര്യമായ അറിവുകൾ ഉണ്ടായിരുന്നതായി എന്റെ അമ്മ ഒരിക്കൽ എന്നോട് പറഞ്ഞിട്ടുണ്. ഒരിക്കൽ ഏതോ കാര്യങ്ങൾ സംസാരിക്കുന്നതിനിടക്ക് വലിയമ്മ എന്റെ അമ്മാവനോട് പറഞ്ഞത് ഇതായിരുന്നു അത്രേ 'എന്റെ വായിൽ നിന്ന് കേൾക്കേണ്ടത് കേട്ടാൽ നിന്റെ സകല രോഗവും മാറും' എന്ന്. സംസാരം രോഗ ശാന്തിക്ക് ഉപയോഗപ്പെടുത്താം എന്നുള്ള അറിവ് എന്റെ വലിയമ്മക്ക് ഉണ്ടായിരുന്നു എന്ന് ചുരുക്കം.
സംസാരവും രോഗ നിവാരണവും തമ്മിലുള്ള ബന്ധം പിന്നെ ഞാൻ അറിയുന്നത് അമ്പലവാസിയായ എന്റെ സുഹൃത്ത്‌ രാമൻ നമ്പൂതിരി യിലൂടെയാണ് . കുറെ കാലം രോഗ ശയ്യയിലായി അതിനു ശേഷം രോഗ മുക്തി നേടി ഒരു വൈകുന്നേരം നടക്കാനിറങ്ങിയപ്പോൾ വഴിയിൽ കണ്ടു മുട്ടിയ എന്നോട് നമ്പൂതിരി പറഞ്ഞത് ഇതാണ് 'സംസാരം കൂട്ടിനു ഉണ്ടായിരുന്നില്ലെങ്കിൽ ഞാൻ ആ രോഗം കൊണ്ടു തന്നെ മരിച്ചു പോകുമായിരുന്നു' എന്ന്.
ഈ വിഷയത്തിൽ ചീനെശ്യ എന്ന രാജ്യത്തെ ഒരു പറ്റം ഗവേഷകർ കണ്ടെത്തിയ കാര്യങ്ങൾ ഇവയാണ്. അധികം നേരം സംസാരിക്കുന്നവർക്ക് രോഗ പ്രതിരോധ ശേഷി കൂടും എന്നും, അവർ മാരക രോഗങ്ങളിൽ നിന്ന് രക്ഷപ്പെടാൻ സാധ്യത കൂടും എന്നുമാണ്. അവർ കണ്ടെത്തിയ മറ്റൊരു കാര്യം ഇതാണ്. സംസാരിച്ചു സംസാരിച്ചു സംസാര സാഗരത്തിൽ ഉയർച്ച നേടിയവർ തങ്ങളുടെ ഒരൊറ്റ വാക്കിലൂടെ രോഗിയുടെ ശരീരത്തിലേക്ക് കടത്തി വിടുന്ന ഊര്ജം കൊണ്ടു രോഗ നിവാരണം സാധ്യമാകുന്നു അത്രേ. പല സ്വാമിമാരും അത് പ്രായോഗികമാക്കുന്നുണ്ട് എന്ന് നാം അനുഭവത്തിലൂടെ അറിയുന്നതാണല്ലോ.
സംസാരത്തിന്റെ ഇത്തരം ശക്തികളെ കുറിച്ച് ഒരു ശാസ്ത്രീയ പഠനം തീര്ച്ചയായും ആവശ്യമാണ്‌. വേണ്ടു വോളം സംസാരിക്കാൻ കഴിവുള്ള നമ്മെ പോലെ ഉള്ളവർ ഇവിടെ ഒരു പണിയും ഇല്ലാതെ ഇരിക്കുമ്പോൾ അനേകം രോഗികള് അനാവശ്യമായി മരണപ്പെട്ടു പോകുന്നത് നാം സമ്മതിച്ചു കൊടുക്കാൻ പാടില്ലാത്തതാണ്.

No comments:

Post a Comment