Thursday, 12 March 2015

ആസക്തിയിലൂടെ തകരുന്ന ലോകം -- സോദോമിനെ കുറിച്ചുള്ള ഒരു നൂതന കല്പന - സോരന്റിനോവിന്റെ THE GREAT BEAUTY

ആസക്തിയെ കയറൂരി വിട്ടാൽ ലോകം എവിടെ എത്തി ചേരും.  സാഹിത്യ ലോകത്ത് ഈ ചോദ്യം തൊടുത്തു വിട്ട മനുഷ്യനെ നമുക്കറിയാം.  അദ്ദേഹം ഇന്ന് ലൈങ്ങികാരജാകത്വത്തിന്റെ അപര നാമമാണ്.  സോടോമിലെ 120 ദിവസം എന്ന അദ്ധേഹത്തിന്റെ ആഖ്യായിക ഈ സമസ്യക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമമായിരുന്നു.  പക്ഷെ അദ്ധേഹത്തിന്റെ വിധി കൽ തുറുങ്കിൽ ജീവിക്കാനായിരുന്നു.

വർഷങ്ങൾക്കു ശേഷം 2013 ഇൽ ഇറ്റലിക്കാരനായ സോരന്റിനോ എന്ന മനുഷ്യനും ചോദിക്കുന്നത് സമാനമായ ഒരു ചോദ്യമാണ്.  ആസക്തിയുടെ പാരമ്യത്തിൽ നില്ക്കുന്ന മനുഷ്യ കുലം എവിടെ ചെന്ന് അവസാനിക്കും എന്ന്. അദ്ദേഹം  അത് പറയാൻ കണ്ടെത്തിയ സിനിമ എന്ന മാധ്യമം അപ്പോഴേക്കും സാദെ യുടെ കാലഘട്ടത്തിൽ നിന്ന് വളരെ ഏറെ വളർന്നു പോയിരുന്നു.  സാദെ പറഞ്ഞ കാര്യങ്ങൾ തെരുവരികിൽ വച്ച് ഉറക്കെ പറഞ്ഞാലും ഇന്ന് നിങ്ങളെ പോലീസ് പിടിക്കില്ല എന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങിയിരിക്കുന്നു.  ലോകം സാദെ വിചാരിച്ചതിനേക്കാൾ കൂടുതൽ മോശമായിരിക്കുന്നു.

ഒരു മൂന്നാം ലോക രാജ്യത്തെ തികച്ചും സാധാരണക്കാരനായ മനുഷ്യനെ സംബന്ദിചെടത്തോളം  സോരന്റിനോ വിന്റെ സിനിമ അവതരിപ്പിക്കുന്നത്‌ രണ്ടു തരം വെല്ലുവിളികൾ ആണ്.  ഒന്ന് അവനു പരിചയമില്ലാത്ത ഒരു സംസ്കാരം.  രണ്ടു ഈ സംസ്കാരം അത്ര മോശമില്ല എന്ന് അവന്റെ ഉള്ളിൽ നിന്ന് മർമര രൂപത്തിൽ പ്രഖ്യാപിക്കുന്ന അവന്റെ മനസ്സ്.  അവന്റെ മുന്നില് അവൻ കാണുന്നത് അവൻ ഒരിക്കൽ ലോകം ഇങ്ങനെ ആയാൽ കൊള്ളാമെന്നു, മനസ്സിൽ പറഞ്ഞു പോയ അതെ ലോകമാണ്.  അപ്പോൾ ഈ കാണുന്നത് അത്ര മോശമാണോ എന്ന് അവൻ ആത്മാര്തമായി തന്നോട് തന്നെ ചോദിക്കുന്നു.  അവന്റെ സുഹൃത്തുക്കളുടെ ആത്മാര്ത ഇല്ലായ്മ അവനെ ഒരു തരത്തിലും പ്രകൊപിപ്പിക്കുന്നില്ല.  എന്താണ് ഇത്തരം ഒരു ജീവിത രീതിയിൽ ഉള്ള മോശത്തരം.  നമ്മുടെ വ്യവസ്ഥാപിതമായ സദാചാര സങ്കൽപ്പങ്ങൾ മാത്രമല്ലേ. അതിൽ കൂടുതലായി എന്തെങ്കിലും ഉണ്ടോ.  പക്ഷെ ഉണ്ട് എന്നാണു കഥാ നായകനായ ജെപ് എന്ന മനുഷ്യനോടൊപ്പം സംവിധായകനായ സോരന്റിനോ വും പറയുന്നത്.  അദ്ദേഹം ഈ ജീവിതത്തിന്റെ ആഴങ്ങളിൽ മുങ്ങി അതിന്റെ ആഘാതങ്ങൾ ഏറ്റു തളർന്നവൻ ആണ്.  ഈ തളര്ച്ച ആയിരിക്കാം എന്നെ പോലെ ഉള്ള ഒരു സാധാരണക്കാരന് മനസ്സിലാക്കാൻ ബുദ്ധി മുട്ടുള്ളത്.  കാരണം നാം ഒരിക്കലും ഇത്തരം ഒരു തളര്ച്ചയെ നേരിട്ടിട്ടില്ല. ഇനി അടുത്ത കാലത്തൊന്നും അങ്ങനെ ഒന്ന് സംഭവിക്കാനും പോകുന്നില്ല

അറുപത്തഞ്ചു വർഷത്തെ (ബാല്യകാലത്തെ ഒഴിവാക്കാം) അത്യാസക്തി കലർന്ന ജീവിതത്തിനോടുവിൽ ജെപ് തന്റെ പഴയ കാലങ്ങളിലേക്ക് തിരിഞ്ഞു നോക്കുകയാണ്.  ശരീരത്തിനെ അതിന്റെ വഴിക്ക് നടക്കാൻ അനുവദിച്ചു കൊടുത്ത ആ പഴയ കാലത്തിലേക്ക്.  മദ്യവും മദിരയും ഒരു ആഘോഷമായി കൊണ്ടാടിയ ലോകം.  ഒരു സൌഹൃദ സംഭാഷണ ത്തിനിടയിൽ സൊരന്റിനൊ പറഞ്ഞതും ഇതാണ് .  റോമാ നഗരത്തിൽ ഇന്ന് പടര്ന്നു പിടിച്ചിരിക്കുന്ന തളര്ച്ചയുടെ പ്രതീകമാണ്, അവിടങ്ങളിലെ കോങ്ങാ നൃത്തവും അത്  പോലെ ഉള്ള മറ്റു നൃത്തങ്ങളും .  ഓരോ സുന്ദരനും, സുന്ദരിയും തന്റെ മുന്നിൽ ഉള്ള ഏതൊരു സുന്ദരനെയും സുന്ദരിയേയും ലൈങ്ങികമായി വശീകരിക്കാനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്'.  ഇത് റോമാ നഗരത്തിന്റെ പ്രത്യേകത എന്നതിനേക്കാൾ ഒരു കാലഘട്ടത്തിന്റെ പ്രത്യേകതയാണ്.  അതിനെ കുറിച്ച് അറിയാത്ത  നമ്മൾ ഈ അത്യാഹിതത്തിൽ ഭാഗ ഭാക്കാവുന്നില്ല എന്നല്ല അർഥം, മറിച്ചു നാം അതിനെ കാത്തിരിക്കുന്ന ഒരു ജനതയാണെന്ന് മാത്രമാണ്.  ആഘാതങ്ങൾ അനുഭവിച്ചവനേ , ആഘാതങ്ങളുടെ ആഴം അറിയുകയുള്ളൂ.  അവിടെ ആണ് ഒരു ആസ്വാദകൻ എന്ന നിലയിൽ ഞാൻ തളർന്നു പോകുന്നത്.  കാരണം ഈ ആസക്തി എന്നിൽ ഉള്ള ആസക്തി തന്നെയെങ്കിലും,  അതിന്റെ മറു തീരങ്ങളിൽ വേദനകളും ഉണ്ടെന്ന കാര്യം എന്റെ മനസ്സിന് സമ്മതിച്ചു കൊടുക്കാൻ ബുദ്ധി മുട്ടാണ്.  എനിക്ക് അത് അറിയാനാവുന്നില്ല.  ആകെ കൂടി എന്റെ മുന്നിലുള്ളത് ആസക്തിയുടെ അപകടങ്ങളെ കുറിച്ച് നമ്മുടെ ഋഷിമാർ പറഞ്ഞത് മാത്രമാണ്.  പക്ഷെ അവരും ഈ പറഞ്ഞ ആസക്തിക്ക് ചിലപ്പോഴെങ്കിലും വശം വദരായിരുന്നെന്നു എനിക്കറിയാം.

റോമിന്റെ നല്ല ഒരു പൈതൃകത്തെ കുറിച്ചുള്ള ഓർമ്മപ്പെടുതലുകളിലൂടെ ആണ് സിനിമ തുടങ്ങുന്നത്.  കൊളോസിയം, ദേവാലയം,  ശാന്തമായ തടാകം,  ബാലികമാർ ആലപിക്കുന്ന കൊയർ   (പക്ഷെ ഇതിലൊക്കെയും സഞ്ചാരികൾക്ക് മാത്രമേ താല്പര്യമുള്ളൂ ) എന്നിവയൊക്കെ ഭോഗത്തിന്റെ മൂര്ധന്യതിനിടയിലും ജ്വലിച്ചു നില്ക്കുന്ന പ്രതീകങ്ങൾ ആണ്.  പക്ഷെ ഒരു സഞ്ചാരിക്ക് പോലും അതിലൊക്കെ ഭാഗികമായ താല്പര്യങ്ങൾ മാത്രമേ ഉള്ളൂ എന്ന്, ചിത്രം പകർത്താൻ മാത്രം വ്യഗ്രത കാണിക്കുന്ന ഒരു സഞ്ചാരിയിലൂടെ നാം അറിയുന്നു.  അത്തരം ഭാഗിക  ജീവിതത്തിനിടയിൽ അയാൾ വീണു മരിക്കുന്നു. പുഴയിൽ നീന്തുന്നു എങ്കിൽ നമ്മൾ വെള്ളമായി തീരണം.  അതാണ്‌ നമുക്ക് കഴിയാത്തതും.  നമ്മൾ എപ്പോഴും ജീവിതം എന്ന സാഗരത്തിന്റെ കരയിൽ വസിക്കുകയാണ്.   പക്ഷെ നമ്മുടെ ധാരണ നാം അതിൽ നീന്തി തുടിക്കുകയാണ് എന്നത്രെ.

ചിത്രത്തിൽ ഉടനീളം ഒരു തരം മാസ്മരിക അന്തരീക്ഷം പടർന്നു പിടിച്ചതായി കാണാം.  അതിന്റെ ഉത്തുംഗതയിൽ നിൽക്കുന്ന പ്രതീകമാണ്, തനിക്കു മുന്നിൽ നിന്ന് ക്ഷിപ്രം അപ്രത്യക്ഷമായി പോയ ജിറാഫ് എന്ന ജീവി.  ഈ മായികത നമ്മുടെ ജീവിതത്തിൽ എവിടെയും നമുക്ക് ദർശിക്കാവുന്നതാണ്.  വർത്തമാന കാലം നമ്മെ വശീകരിക്കുന്നത് ഇത്തരം മാസ്മരികതകകളിലൂടെയാണ്‌ . ഒരു മാളിൽ സാധനം വാങ്ങാൻ പോകുമ്പോൾ പോലും നാം അനുഭവിക്കുന്നത് ഈ മായികതയാണ്.  ഒരു സാധാരണ അനാദി കടയിൽ നിന്ന് നമ്മെ പട്ടണത്തിലെ ഭീമാകാരമായ കച്ചവട സ്ഥാപനത്തിൽ എത്തിക്കുന്നത് അവിടെ കുടികൊള്ളുന്ന ഈ മാസ്മരികത തന്നെയാണ്.  നമ്മെ ആകര്ഷിക്കുന്നത് വസ്തുക്കളെക്കാൾ കൂടുതൽ അവയെ പൊതിഞ്ഞുവച്ച വർണ്ണ ശബളമായ പുറം ചട്ടകളാണ്. പ്രഭാ പൂരിതമായ ഒരു ലോകത്ത് വച്ച് സാധനങ്ങൾ വാങ്ങാൻ താല്പര്യമുള്ള ഒരു ജനതയായി നാം അധപതിച്ചു കൊണ്ടിരിക്കുകയാണ് .

തീർന്നില്ല

No comments:

Post a Comment