Sunday, 29 March 2015

സീരിയലുകളെ കുറിച്ചുള്ള കുറിപ്പുകൾ

എന്റെ കഴിഞ്ഞ നാല്പതു വര്ഷത്തെ പഠനങ്ങളിൽ നിന്ന് ഞാൻ മനസ്സിലാക്കിയത് വഴക്കുകൾ ആണ് കുടുംബ ബന്ധങ്ങളെ തകര്ക്കുന്നത് എന്നാണു. പ്രത്യേകിച്ചും സ്തീകൾ തുടക്കമിടുന്ന വഴക്കുകൾ. കുറച്ചു കൂടി സാങ്കേതികമായി പറഞ്ഞാൽ ഉച്ചത്തിൽ ഉച്ചരിക്കുന്ന ഭാഷയാണ്‌ (വഴക്ക്) കുടുംബ ബന്ധങ്ങളെ തകർക്കുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ സ്ത്രീ പുരുഷർ എത്ര നേരം മൌനികൾ ആയി ഇരിക്കുന്നോ അത്രത്തോളം കുടുംബ ബന്ധങ്ങൾ തകരാൻ സാധ്യതയും കുറയും. അപ്പോൾ കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പിന് വേണ്ടത് സ്ത്രീകള് അധിക നേരം സംസാരിക്കാതിരിക്കുകയാണ്. കഴിയുമെങ്കിൽ പുരുഷന്മ്മാരും. നമ്മുടെ വീടുകളിൽ സ്ത്രീകളും പുരുഷരും അധികം സംസാരിക്കാത്ത വേളകൾ ഏതു എന്ന് ചോദിച്ചാൽ അതിന്റെ ഉത്തരം പറയാൻ അധികം ആലോചിക്കുകയോന്നും വേണ്ട . സീരിയലുകൾ കാണുന്ന സമയങ്ങൾ തന്നെയാണ്. അപ്പോൾ ഇതിൽ നിന്ന് മനസ്സിലാക്കുന്നത് കുടുംബ ബന്ധങ്ങൾ തകരാതിരിക്കാൻ സീരിയലുകൾ ആവശ്യം ആണെന്ന് തന്നെയാണ്. ഇതിനെ കുറിച്ച് പാരമ്പര്യ മനശാസ്ത്രജ്ഞനായ എന്റെ സുഹൃത്ത്‌ ബാലാട്ടനോട് ചോദിച്ചപ്പോൾ അദ്ദേഹം മറ്റൊരു കാര്യവും പറഞ്ഞു.

അമ്മായി അമ്മ മാരെ കൊല്ലാനും, കണ്ടവന്റെ ഒക്കെ കൂടെ ഒളിച്ചോടാനും , എല്ലാവര്ക്കും പാര വെക്കാനും ഒക്കെ ഉള്ള പ്രവണതകൾ എല്ലാ മനുഷ്യരിലും കാണും. പക്ഷെ എല്ലാവരും ഇത്തരം ക്രൂരതകളിൽ വ്യാപരിക്കാത്തത്, അത്തരം ദുഷ് വിചാരങ്ങൾ, ഉച്ചാടനം ചെയ്യാൻ മനുഷ്യൻ മറ്റു മാർഘങ്ങൾ കണ്ടെത്തുന്നത് കൊണ്ടാണ്. അതായത് നമ്മൾക്ക് ഏതെങ്കിലും നേതാവിനോട് തീർത്താൽ തീരാത്ത പകയുണ്ടെങ്കിൽ സാധാരണ നമ്മൾ എന്താണ് ചെയ്യുക. അയാളുടെ കോലം ഉണ്ടാക്കി അത് കത്തിച്ചു കളയും. അത് കൊണ്ടുള്ള ഗുണം എന്തെന്നാൽ, നേതാവിനും പ്രശ്നമില്ല, കോലം കത്തിക്കുന്ന നമ്മുടെ പ്രതികാരം തീര്ന്നു കിട്ടുകയും ചെയ്യും. അത് പോലെ ഉള്ള ഒരു തരം മാനസിക പ്രക്രിയ ഈ സീരിയൽ പ്രേക്ഷകരിൽ ഉണ്ടാകുന്നുണ്ട്. അവരിൽ ഒരാളും ഇനി അമ്മായി അമ്മമാരെ കൊല്ലാനോ, കണ്ടവന്റെ കൂടെ ഒളിച്ചോടാനോ , എല്ലാവര്ക്കും പാര വെക്കാനോ, മിനക്കിടില്ല. അവരുടെ അത്തരം ക്രൂരതകൾ ഒക്കെ അവിടെ സീരിയലുകളിൽ കഴിഞ്ഞു പോയി. ഇനി അവർ അത്തരം വൃത്തി കേടുകൾ ഒന്നും ഇല്ലാത്ത നല്ല മനുഷ്യർ ആണ്.

No comments:

Post a Comment