Tuesday, 24 March 2015

മനുഷ്യന്റെ മരണ ഭയം

മനുഷ്യൻ ഏറ്റവും അധികം ഭയപ്പെടുന്നത് മരണത്തിനെ ആണെന്ന ഒരു മിഥ്യാ ധാരണ നമുക്ക് ഉണ്ട്.  മൃഗത്തിനെ പോലെ അല്ലാതെ മനുഷ്യൻ സ്വയം മരണത്തിനു അടിപ്പെടുന്നത്‌ നമുക്ക് ചുറ്റും നാം കാണുന്നും ഉണ്ട്.  അപ്പോൾ അതിൽ നിന്ന് നാം മനസ്സിലാക്കേണ്ടത് നാം മരണത്തെക്കാൾ ഭയപ്പെടുന്ന മറ്റേതോ ഉണ്ട് എന്നും, അത് നഷ്ടപ്പെട്ടാൽ നാം മരണത്തെ സ്വയം തിരഞ്ഞെടുക്കുന്നു എന്നും ആണ്.  എന്തിനെയാണ്   മനുഷ്യൻ മരണത്തെക്കാൾ കൂടുതൽ ഭയപ്പെടുന്നത്.

അൽബേർ കാമുവിന്റെ 'അതിഥി' എന്ന ചെറുകഥയിൽ ആൽജീരിയയിലെ ഒരു ഉൾ നാടൻ ഗ്രാമത്തിൽ ഒരിടത്ത് , തന്റെ അയല്ക്കാരനെ കൊലപ്പെടുത്തിയതിന്റെ പേരിൽ വധ ശിക്ഷക്ക് വിധിക്കപ്പെടുന്ന മനുഷ്യനെ കുന്നിൻ മുകളിൽ ദാരു എന്ന ഫ്രഞ്ച് കാരൻ നടത്തുന്ന ഒരു പാഠ ശാലയിലേക്ക് ഒരു പോലീസുകാരൻ എത്തിക്കുന്നു.  അങ്ങകലെ മരുഭൂമിയിൽ  എവിടെയോ കിടക്കുന്ന ജയിലിൽ വച്ചാണ് വധ ശിക്ഷ നടപ്പാക്കേണ്ടത്.  അയാളെ ജയിലിലേക്ക് എത്തിക്കേണ്ട ചുമതല ദാരുവിനാണ്.  'ഇവിടെ കുന്നിൻ മുകളിൽ നിന്ന് നോക്കിയാൽ  ഒരു ഭാഗത്ത്‌ അനന്തത വരെ പറന്നു കിടക്കുന്ന ആ പാറക്കെട്ടുകൾ സ്വാതന്ത്ര്യത്തിൽ അവസാനിക്കുന്നു. അവിടെ എത്തിയാൽ നിനക്ക് നാടോടികളുടെ കൂടെ ജീവിച്ചു രക്ഷപ്പെടാം.  മറുഭാഗത്ത്‌ ചരൽ കല്ലുകൾ നിറഞ്ഞ ഈ ഭൂവിഭാഗത്തിലൂടെ നാഴികകളോളം  നടന്നാൽ നിനക്ക് ജയിലിൽ എത്താം. ഞാൻ ഈ കർമത്തിൽ നിന്നെ അനുധാവനം ചെയ്യാൻ ഞാൻ  ഉദ്ദേശിക്കുന്നില്ല എന്ന് പറഞ്ഞു ദാരു തടവ് പുള്ളിയെ തന്റെ ഇച്ചക്കൊത്തുള്ളത് ചെയ്യാൻ വിട്ടു സ്കൂളിനു ഉള്ളിലേക്ക് നടന്നു കയറുന്നു.  അൽപ സമയം കഴിഞ്ഞു ജിപ്സികളുടെ കൂടാരങ്ങലുള്ള ദിശ  യിലേക്ക് തന്റെ ദൃഷ്ടി പായിച്ചപ്പോൾ ആ ദിശയിലേക്കു ആരും നടന്നു പോകുന്നത് ദാരുവിനു കാണാൻ കഴിയുന്നില്ല. മറു ഭാഗത്ത്‌ ചരൽ കല്ലുകൾ നിരന്ന ആ ഭൂവിഭാഗതിലൂടെ തടവുപുള്ളി തന്റെ മരണത്തിലേക്ക് നടന്നു നീങ്ങുന്ന കാഴ്ച ദാരു അത്ബുധതോടെ നോക്കി നിന്നു.

ജിപ്സികൾക്കിടയിലെ സ്വാതന്ത്ര്യത്തെക്കാൾ മനുഷ്യൻ മരണത്തെ വരിക്കാൻ ആഗ്രഹിക്കുന്നത് എന്ത് കൊണ്ടു.  തന്റെ കുറ്റത്തിന്  താൻ ശിക്ഷിക്കപ്പെടണം എന്നും മരണത്തിൽ നിന്നു തനിക്കു ഓടി രക്ഷപ്പെടാൻ കഴിയില്ലെന്നും അറിയുന്ന മനുഷ്യൻ മരണ ഭയത്തെ കീഴടക്കിയ മനുഷ്യനാണ്.  തന്റെ അസ്തിത്വത്തെ കുറിച്ചുള്ള അത്രയും വ്യക്തമായ അറിവാണ്, തടവുകാരനെ സ്വാതന്ത്ര്യം ആഗ്രഹിക്കാതിരിക്കാൻ പ്രേരിപ്പിക്കുന്നത്.  അത്തരം ഒരു ജീവിതത്തെയാണ് അയാൾ മരണത്തെക്കാൾ ഭയപ്പെടുന്നത്.  ചില സന്ദർഭങ്ങളിൽ മനുഷ്യൻ മനസ്സിലാക്കുകയാണ് , താൻ തന്റെ സഹജീവികളിൽ നിന്നു ഒറ്റപ്പെട്ടു പോകുകയാണ് എന്ന്, അത്തരം ഒരു ഒറ്റപ്പെടലിനേക്കാൾ നല്ലത് മരണമാണ് എന്നും.  പരീക്ഷയിൽ തോൽക്കുന്ന കുട്ടിയും, കാമുകനെ നഷ്ടപ്പെട്ട കാമുകിയും ഒരല്പ നേരത്തേക്ക്  അറിയുന്നത് ഈ ഒറ്റപ്പെടൽ തന്നെയാണ്.  അവർക്ക് അന്നെരങ്ങളിൽ മരണം മാത്രമേ ആശ്രയമുള്ളൂ. ആ സമയത്ത് അവരുടെ നിസ്സഹായത അവരെ അതിനു പ്രേരിപ്പിക്കുന്നു. അവർ ജീവിതത്തെ കൂടുതൽ ഭയപ്പെടുന്ന സമയങ്ങളാണ്  അവ.  ഒറ്റപ്പെടലിന്റെതായ ഇത്തരം കാരണങ്ങൾ എല്ലാവര്ക്കും ഒരു പോലെ ആകണം എന്നില്ല  .

No comments:

Post a Comment