Tuesday, 3 March 2015

ദൈവത്തിനു തിരക്കാണ്

ക്ഷേത്രങ്ങളിൽ ദൈവമുണ്ടോ എന്ന് എനിക്ക് അറിയില്ല. ഉണ്ടെങ്കിൽ തന്നെ അദ്ദേഹത്തിന് എല്ലാവരെയും ശ്രദ്ധിക്കാൻ ആവാത്ത തരത്തിൽ അത്ര ഏറെ തിരക്കാണ് ചില ഇടങ്ങളിൽ. തമിൾ നാട്ടുകാർ പക്ഷെ ഇതിനൊരു പ്രതിവിധി കണ്ടെത്തി. അവിടെ ഒരു ക്ഷേത്രത്തിൽ ഞാൻ കണ്ടത് ഇതാണ്. ഒരു വിഗ്രഹത്തിനു മുന്നിൽ ഒരു കൂമ്പാരം കടലാസുകൾ. എന്താണെന്ന് ചോദിച്ചപ്പോൾ ആരോ പറഞ്ഞു ഭക്തന്മ്മാർ ദൈവത്തിനു അയച്ച കത്തുകൾ ആണെന്ന്. നട തുറക്കാത്ത നേരങ്ങളിൽ ദൈവം ഫ്രീ ആണ്. കത്ത് വായിക്കാൻ വേണ്ടുവോളം സമയം.
കത്തയക്കുന്ന കാര്യത്തിൽ യുക്തി വാദികളും പുറകോട്ടല്ല. വായ്ക്കപ്പെടാത്ത എത്രയോ നിവേദനങ്ങൾ അവരും നിത്യമെന്നോണം അയക്കുന്നുണ്ടല്ലോ, കേൾക്കപെടാത്ത മുദ്രാവാക്യങ്ങൾ പോലെ. മുദ്രാവാക്യങ്ങൾ റെക്കോർഡ്‌ ചെയ്തു അവ കേൾക്കേണ്ട കേന്ദ്രങ്ങളിൽ എത്തിച്ചിരുന്നെങ്കിൽ കുറച്ചു കൂടെ ഗുണം ഉണ്ടായിരുന്നേനെ. നാട്ടുകാർക്ക് മുദ്രാവാക്യം പണ്ടെ മടുത്തിരുന്നു . സന്ധ്യാ നാമം ചെല്ലുന്നത് പോലും അവർ നിർത്തിയത്, സംഗതി പരമ ബോർ ആണെന്ന് അവർക്ക് തോന്നിയത് കൊണ്ടാണ്. (മുദ്രാവാക്യക്കാർക്ക് പക്ഷെ ചെറിയ ഒരു ആശ്വാസമുണ്ട്. *ഒരു പ്രസിദ്ധനായ സിനിമക്കാരൻ അവരെ സമാധാനിപ്പിക്കാൻ വേണ്ടിയോ, അല്ലെങ്കിൽ യാതാർത്യമെന്നു അദ്ദേഹത്തിന് തോന്നിയത് കൊണ്ടോ ഇനി പറയുന്ന ഒരു വാചകം അദ്ധേഹത്തിന്റെ ഒരു സിനിമയിൽ പ്രത്യേകം എടുത്തു ചേർത്തിട്ടുണ്ട്. അത് ഇതാണ്. എല്ലാ ദിവസങ്ങളിലും ഒരു കൃത്യ സമയത്ത്, മനുഷ്യൻ ഒരു ആചാരം പോലെ ചെയ്യുന്ന പ്രവൃത്തി, കുറെ കാലം മനുഷ്യൻ തുടർന്നാൽ ഈ ലോകം തീര്ച്ചയായും മാറും.). അപ്പോൾ ഇനി എല്ലാ ദിവസവും കൃത്യമായ ഏതെങ്കിലും വേളയിൽ മുദ്രാവാക്യം വിളിച്ചു കൊണ്ടു നമുക്ക് ഈ ലോകത്തെ മാറ്റാനും ശ്രമിക്കാവുന്നതാണ്. കുറെ വര്ഷങ്ങളോളം സന്ധാനാമം എന്ന പ്രക്രിയ തുടര്ന്നതിന്റെ ഫലമായി ഈ ലോകം വലിയ ഒരളവു വരെ മാറിയിട്ടുണ്ടെന്നുള്ളത് ഒരു വലിയ സത്യം തന്നെ ആണ്.
ഉണ്ണിക്കണ്ണനു പലരും ഇന്നും ആ പഴയ വെണ്ണ തന്നെയാണ് നിവേദ്യമായി അർപ്പിക്കുന്നത്. പക്ഷെ തമിൾ നാട്ടുകാരൻ ഇവിടെയും നമുക്ക് പുതിയ അറിവുകൾ പകർന്നു തന്നിരിക്കുന്നു. അവിടെ ഒരു ക്ഷേത്രത്തിൽ ഉണ്ണിക്കണ്ണനു മുന്നിൽ കണ്ട നിവേദ്യ കൂമ്പാരം മിൽക്ക് ചോക്കലെട്ടുകളുടെത് ആയിരുന്നു. കണ്ണനും നമ്മളെ കയ്യൊഴിഞ്ഞു തമിൾ നാട്ടിലേക്ക് ചേക്കേറിയതിന്റെ കാരണം ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായി കാണും എന്ന് വിശ്വസിക്കുന്നു.
യുക്തി വാദികൾ ഇപ്പോഴും രക്ത സാക്ഷി മണ്ടപങ്ങളിൽ അർപ്പിക്കുന്നത് പുഷ്പങ്ങൾ തന്നെയാണ്. ചത്തവനെ ചോകലെട്ടുകൾ കൊണ്ടു വശീകരിക്കാൻ ആവില്ലെന്ന് ഒരു യുക്തി വാദിയോളം നന്നായി അറിയുന്ന മറ്റാരും ഇല്ലല്ലോ.

No comments:

Post a Comment