Sunday, 7 June 2015

ഒരിക്കലും നശിക്കാത്ത കലകൾ 2

1889 ജനുവരി 1

ആറ്റുപുറം വയലിൽ ഒരു വെള്ളരി നാടകം നടന്നു കൊണ്ടിരിക്കുന്നതിനു ഇടയിലാണ് നാടകത്തിന്റെ അണിയറ പ്രവർത്തകർ ഒരു നിലവിളി കേട്ടത്. നാടക സംവിധായകൻ ചത്തു ഏട്ടൻ കരയുകയായിരുന്നു.  കരയാൻ മാത്രമുള്ള രംഗങ്ങൾ ഒന്നും തന്നെ ഇല്ലാതിരുന്ന ഒരു നാടകമായിരുന്നിട്ടു കൂടി  ചാത്തു ഏട്ടൻ കരഞ്ഞെതെന്തിനു എന്ന് എല്ലാവരും അത്ബുധപ്പെട്ടു.  നാടക നടിയും ചാത്തു ഏട്ടന്റെ കീപ്പും ആയ പാറു മെല്ലെ ചാത്തുവേട്ടന് അടുത്തേക്ക് നീങ്ങി ഇരുന്നു കൊണ്ടു ഇങ്ങനെ ചോദിച്ചു

കരയാൻ മാത്രം ഇവിടെ എന്തുണ്ടായി ചാത്തു ഏട്ടാ.

അപകടം വരാൻ പോകുന്നു. നാടകം മരിക്കാൻ പോകുന്നു.

ചാത്തുവേട്ടന്റെ ശബ്ദം ദിഗന്തങ്ങളിൽ മുഴങ്ങി കേട്ടു.  മറ്റാരെങ്കിലും ആയിരുന്നു ഇത് പറഞ്ഞിരുന്നതെങ്കിൽ ആരും  വിശ്വസിക്കുകയില്ലായിരുന്നു.  പക്ഷെ ചാത്തു ഏട്ടൻ വിശ്രമ വേളയിൽ കവിടി നിരത്തുന്ന ഒന്നാം തരം കണിയാരും കൂടെ ആയിരുന്നു എന്ന് എല്ലാവര്ക്കും അറിയാമായിരുന്നു.

1889 ജനുവരി 2 ആം തീയ്യതി തീർത്താൽ തീരാത്ത വ്യഥ യാൽ ചാത്തുവേട്ടൻ അന്തരിച്ചു.  വന്നു ചേർന്ന മരണങ്ങളിൽ മനം നോന്തുള്ള അന്തരിപ്പുകൾ അന്ന് സാധാരണ മായിരുന്നെങ്കിലും,  വരാൻ പോകുന്ന മരണത്തിന്റെ പേരിൽ ആരെങ്കിലും ചത്ത്‌ പോകുന്നത് തലശേരിയിൽ ആദ്യമായിരുന്നു.  പക്ഷെ ചാത്തു ഏട്ടൻ മരിക്കുക തന്നെ ചെയ്തു.

ചാത്തു ഏട്ടന്റെ പ്രവചനങ്ങൾ മാസങ്ങൾക്കകം യാതാര്ത്യമാകുന്നതാണ് പിന്നെ ലോകം കണ്ടത്. 1889 ഇൽ ഏതോ മാസം ഏതോ ഒരു സായിപ്പ് മൂവീ ക്യാമറ എന്ന വസ്തു നാട്ടിൽ ഇറക്കി.  അത് ഇങ്ങു തലശ്ശേരിയിൽ എത്താനുള്ള കാല താമസം ആലോചിച്ചപ്പോൾ, ചാത്തു ഏട്ടന്റെ അകാല മരണം വ്യർതമായി പോയി എന്ന് അദ്ധേഹത്തിന്റെ സുഹൃത്തുക്കൾ പലര്ക്കും തോന്നി.  ബാലാട്ടൻ അത് പരസ്യമായി പറയുകയും ചെയ്തു.

പഹയൻ വെറുതെ ചത്തതാ. അതിവിടെ എത്തുമ്പോഴേക്കു അവനു നൂറു വയസ്സ് കഴിയുമായിരുന്നു.

                              %%%%%%%%%%%%%%%%%%

അന്ന് നാടകങ്ങൾ വിദേശങ്ങളിൽ സ്ഥിരം സ്റെജുകളിൽ ആണ് നടത്തി കൊണ്ടിരുന്നത്.  നാഴികകൾക്ക് അപ്പുറത്ത് നിന്ന് ആബാലവൃദ്ധം ജനങ്ങള് നടന്നോ, കാള വണ്ടികളിൽ കയറിയോ നാടക പ്രദർശന സ്ഥലത്ത് എത്തുകയായിരുന്നു പതിവ്.  ചിലര് വഞ്ചി തുഴഞ്ഞു എത്തിയതായും ചരിത്ര രേഖകളിൽ കാണുന്നു.   അത്തരം നാടക ദേഖ് യാത്രകളിൽ തന്നെ ചിലരൊക്കെ മരിച്ചു പോയതായും ചില ഗ്രന്ഥങ്ങളിൽ എടുത്തു പറഞ്ഞിട്ടുണ്ട്.  കലാസ്വാദനം അത്യധികം കഠിനമായ ഒരു പ്രവൃത്തിയായിരുന്ന ഒരു കാലമായിരുന്നു അത് എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം.  അത്തരം ഒരു വേളയിൽ ആയിരുന്നു മേൽ പറഞ്ഞ യന്ത്രം മാലോകർക്കിടയിൽ ഒരു ആശ്വാസം പോലെ ജനിച്ചു വീണത്‌. അതെന്തു കൊണ്ടു ആശ്വാസമായി എന്നുള്ളതാണ് ഇനി പറയാൻ പോകുന്നത്.  ആദ്യമാദ്യം കണ്ട ചക്കിയും ചങ്കരനും ഓടുന്നതും ചാടുന്നതും ഒക്കെ സിനിമയിൽ പകർത്തി ആസ്വദിക്കുന്നതിനു ഇടയിലായിരുന്നു കൂട്ടത്തിൽ ഒരുത്തൻ അവിസ്മരണീയമായ ഒരു അഭിപ്രായം പറഞ്ഞത്.

എന്നാ പിന്നെ ഞമ്മക്ക് ഈ നാടകത്തെ ഇതിലങ്ങു പിടിച്ചു കൂടെ.

ശരിയാണ്. പലരും ആലോചിച്ചു.  വെറുതെ നാഴികകൾ നടന്നു കാലു തഴയിച്ചു (അന്ന്  ചെരിപ്പുകൾ ഇല്ലായിരുന്നു) വിയർപ്പൊഴുക്കി നാടകം കാണുന്നതിലും എത്രയോ മെച്ചം, ഒന്നോ രണ്ടോ പേര് മാത്രം ഈ സിനിമ എന്ന സാധനം ചുമലിൽ തൂക്കി ഓരോ  കവലയിലും കാണിക്കുന്നതല്ലേ എന്നുള്ള അഭിപ്രായം ആ ആൾക്കൂട്ടത്തിൽ നിന്ന് പൊന്തി വന്നു.  അങ്ങനെ ആദ്യത്തെ നാടക സിനിമ, അല്ലെങ്കിൽ ആദ്യത്തെ സിനിമാ നാടകം ലോകത്ത് ജനിച്ചു വീണു.  അങ്ങനെ അങ്ങനെ കാലം കുറെ കഴിഞ്ഞപ്പോൾ ഈ പുതിയ കലാ പരിപാടിയുടെ പേരിൽ നിന്ന് 'നാടകം' ലോപിച്ച് വെറും സിനിമ ആയി.  ചാത്തു ഏട്ടൻ പ്രവചിച്ച ആ ദുരന്തം യാതാർത്യമായി നാടകം മരിച്ചു.

പക്ഷെ നാടകം മരിച്ചില്ല. രോഗ ശയ്യയിൽ ആയതു മാത്രമേ ഉള്ളൂ.  മുൻപൊരിക്കൽ ചിത്ര കലക്ക് സംഭവിച്ചത് പോലെ ഉള്ള എന്തോ ഒന്ന് ഇവിടെയും സംഭവിച്ചു.  അതെ തിരിച്ചറിവ്.  പക്ഷെ ഈ തിരിച്ചറിവ് തല തിരിച്ചിട്ട ഒരു തിരിച്ചറിവ് ആയിരുന്നു എന്ന് മാത്രം.  അന്ന്, നാം ചെയ്യുന്ന ജോലി അനായാസം മറ്റുള്ളവര് ചെയ്യുന്നത് കണ്ടപ്പോൾ നാം അതിനെ ഒഴിവാക്കിയതിനു വിരുദ്ധമായി, ഇതിൽ മറ്റുള്ളവർക്ക് തങ്ങള് ചെയ്യുന്ന പ്രവർത്തികൾ അതെ പോലെ അനുകരിച്ചു കൊണ്ടു നില നില്ക്കാനാവില്ല എന്ന ഒരു  തരം തിരിച്ചറിവായിരുന്നു അവിടെ മൊട്ടിട്ടു വന്നത്.,   ചിത്ര കല ചെയ്തത് പോലെ നമുക്ക് അയഥാർത്ഥമാകാൻ പറ്റില്ലായിരുന്നു.  കാരണം മജ്ജയും മാംസവും ഉള്ള കുറെ മനുഷ്യര് , മജ്ജയും മാംസവും ഉള്ള  മറ്റൊരു കൂട്ടം മനുഷ്യരുടെ മുന്നില് നടത്തുന്ന കലാപരിപാടി ആയിരുന്നല്ലോ എന്നും നാടകം.

എന്നിരുന്നാലും നാടകം കുറെ കാലം തളർച്ചയിൽ തന്നെ ആയിരുന്നു.  അതിനു പ്രധാന കാരണം അന്ന് നാടകം പിടിച്ചവൻ ഒക്കെ ഇന്ന് സിനിമ പിടിക്കാൻ തുടങ്ങി എന്നുള്ളതായിരുന്നു.  ഒരു യന്ത്രത്തിന്റെ കണ്ടു പിടുത്തതിലൂടെ നാടകം നേടിയ ഉൾക്കാഴ്ച്ച പ്രവർത്തികമാക്കാൻ  മാത്രം മനുഷ്യ ജീവികൾ ഇല്ല എന്ന നില വന്നു. നാടകം ഇഴഞ്ഞു നീങ്ങാൻ തുടങ്ങി.  ചില നേരങ്ങളിൽ അത് സിനിമ കോട്ടകളിൽ നിരങ്ങി കയറി, അവനെ മറി കടക്കാനുള്ള വല്ല സൂത്രങ്ങളും അവനിൽ തന്നെ ഉണ്ടോ എന്ന് പരിശോധിക്കാനും തുടങ്ങി.  അത്തരം പരീക്ഷണ യാത്രകളിൽ ആണ് നാടകം ഒരു കാര്യം മനസ്സിലാക്കിയത്.  ഇവിടെ പണം കൂടുതൽ കൊടുക്കുന്നവൻ പിന്നിലാണ്.  എവിടെ ഇരുന്നാലും ആർക്കും എന്തും കാണാം.  തിരശീലയിൽ പാറു തേങ്ങി കരയാൻ തുടങ്ങുമ്പോഴേക്കും ഇവിടെ കോണിക്ക് മേലെ ഉള്ള ബാൽ കോണിയിൽ ഇരിക്കുന്ന ശാരദ കരഞ്ഞു കഴിഞ്ഞിരിക്കും.  എല്ലാ പകൽ പോലെ വ്യക്തം. നമ്മുടെ സ്ഥിതി അങ്ങനെ ആയിരുന്നില്ല.  30 മീറ്റർ അപ്പുറത്തിരിക്കുന്ന കാൽ കാശിനു വകയില്ലാത്തോനെ കരയിക്കാൻ വേണ്ടി നമ്മൾ സ്റെജിൽ നിന്ന് ആർത്തു കരയേണ്ടി ഇരുന്നു.  അപ്പോൾ നമ്മൾ ചെയ്യുന്ന പലതും ഇവൻ ചെയ്യുന്നില്ല എന്നും, അഥവാ ചെയ്താൽ ഇവൻ പരമ ബോറൻ ആയി പരിണമിക്കും എന്നുമുള്ള പ്രപഞ്ച സത്യം നാടകം മനസ്സിലാക്കി വരികയായിരുന്നു.  അപ്പോൾ ഇനി മുതൽ നാം ജീവിച്ചു പോകാൻ നാം പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. പഴയത് പോലെ തന്നെ അട്ടഹസിച്ചു കൊണ്ടു മുന്നോട്ടു നീങ്ങിയാൽ മതി എന്ന് നാടകം മനസ്സിലാക്കി.

No comments:

Post a Comment