Monday, 8 June 2015

നമ്മുടെ ഘന വ്യവസായങ്ങൾ

പണ്ടൊരു പഴമൊഴിയുണ്ട്. ജനാധിപത്യം ജീർണിക്കുമ്പോൾ നാട്ടിൽ ഫാസിസം ഉയർന്നു വരും എന്ന്. അത് ഒരു പഴമോഴിയായി കണക്കാക്കിയാൽ പോലും, അതിൽ നിന്ന് മനസ്സിലാക്കേണ്ടത് മനുഷ്യൻ നിര്മിച്ച ഒരു സ്ഥാപനം ജീർണിക്കുമ്പോൾ അപകടകരമായ മറ്റൊരു സ്ഥാപനം അതിന്റെ സ്ഥാനം കയ്യേറാൻ സാധ്യതയുണ്ട് എന്ന് തന്നെയാണ് .  നമ്മുടെ പൊതു മേഖലക്കും സംഭവിച്ചത് ഏതാണ്ട് ഇതൊക്കെ തന്നെയാണ്.  എങ്ങനെ എല്ലാമോ നമ്മുടെ പൊതു മേഖല അഴിമതിയുടെ കൂത്തരങ്ങായി പോയി.  അതിൽ നമ്മുടെ രാഷ്ട്രീയത്തിനും അന്താ രാഷ്ട്ര ഗൂഡാലോച്ചനകൾക്കും ഒരു പോലെ പങ്കുണ്ടാകാം.  അതിനെ കുറിച്ചുള്ള ചർച്ചകൾ പിന്നീടാകാം.  പക്ഷെ പറഞ്ഞു വരുന്നത് ഇതാണ്.  ഇവിടെയും ജീർണത , കുറെ കൂടി അപകട കരമായ ഒരു സ്ഥാപനം , പഴയതിന്റെ സ്ഥാനത്തേക്ക് കയറി വരുന്നതിനു സഹായകമാകുന്നു എന്നുള്ളതാണ്.  സ്വകാര്യ മേഖലയിലെ സംഘടിത ഘന വ്യവസായങ്ങൾക്ക് ഒരൊറ്റ ലക്‌ഷ്യം മാത്രമേ ഉള്ളൂ. ലാഭം.  ഈ ലാഭം എന്നത് അവർ മുതലിട്ട മൂല ധനം, അവ പ്രയോഗത്തിൽ വരുത്താൻ വേണ്ട മറ്റു ചിലവുകൾ എന്നിവ , അവരുടെ വരുമാനത്തിൽ നിന്ന് തട്ടി കിഴിച്ച് ബാക്കി ഉള്ളത് ആണ്.  ഇവിടെ വിചിത്രമായ ഒരു സംഗതി എന്തെന്നാൽ, പ്രകൃതി പലപ്പോഴും അവരുടെ മൂലധനത്തിന്റെ ഭാഗമായി വരുന്നില്ല എന്നതാണ് .  കാരണം പ്രകൃതി അവർക്ക് വെറുതെ കിട്ടുന്നതാണ്.  പ്രകൃതി താറുമാറായി പോകുന്നതിന്റെ അനേകം കാരണങ്ങളിൽ ഒന്ന് ഇതും ആണ് എന്ന് പലരും പറഞ്ഞിട്ടുണ്ട്.  പ്രകൃതി വില കെട്ട ഒരു സാധനമാണ് എന്ന ഈ തീരുമാനം അങ്ങ് മാർക്സിസത്തിൽ പോലും ഉണ്ട് എന്നാണു എന്റെ വിശ്വാസം.

വര്ത്തമാന കാല ശാസ്ത്രം വിഡ്ഢികളുടെ പറുദീസയാണ് എന്ന് ഞാൻ ധരിക്കുന്നു.  പ്രകൃതിയുടെ നേരെ ഉള്ള നമ്മുടെ ശാസ്ത്രത്തിന്റെ മനോഭാവം അതാണ്‌ കാണിക്കുന്നത്.  ശാസ്ത്രം ധരിക്കുന്നത് പ്രകൃതി ഇല്ലാതെ അതിനു നില നിന്ന് പോകാം എന്നാണു.

നമ്മൾ എപ്പോഴും ആലോചിക്കേണ്ടത് ഇവിടെ നില നിന്ന് പോകേണ്ടത് ഘന വ്യവസായങ്ങൾ അല്ല. മറിച്ച് മനുഷ്യൻ തന്നെ ആണ് എന്നാണു.  ഘന വ്യവസായങ്ങൾ മനുഷ്യന്റെ നില നില്പ്പിനു ഭീഷണി ആണെങ്കിൽ നാം അതിനെ ഒഴിവാക്കുക തന്നെ വേണം. മറ്റൊരു തരത്തിൽ പറഞ്ഞാൽ മനുഷ്യൻ അതിനെ ഒഴിവാക്കുക തന്നെ ചെയ്യും.

മനുഷ്യാധ്വാനത്തെ പൂര്ണമായും പുറം തള്ളുന്ന ഇന്നത്തെ ഉത്പാദന രീതി തികച്ചും പിന്തിരിപ്പൻ ആണ് എന്ന് പറയാതെ നിവൃത്തിയില്ല.  ഘന വ്യവസായങ്ങൾ തൊഴിൽ കൊണ്ടു വരും എന്ന് വിലപിക്കുന്നവന് അറിയില്ല അത് യഥാർത്ഥത്തിൽ തൊഴിൽ ഇല്ലാതാക്കുകയാണ് ചെയ്യുന്നത് എന്ന്.

മനുഷ്യാധ്വാനം പൂര്ണമായും ഒഴിവാക്ക പ്പെടുമ്പോൾ , അങ്ങനെ ഒഴിവാക്ക പ്പെടുന്ന അധ്വാനം നാം സ്വീകരിക്കേണ്ടത് പ്രകൃതിയിൽ നിന്നാണ്. അതായത് നാം കിണറ്റിൽ നിന്ന് കൈ കൊണ്ടു വെള്ളം തൂക്കുന്നതിനു പകരം, ഒരു മോട്ടോർ പമ്പ്‌ ഉപയോഗിക്കുന്നു എങ്കിൽ,  ആ വൈദ്യുതി ഉത്പാദിപ്പിക്കാൻ മാത്രം എത്രയോ മരങ്ങൾ പിഴുതെറിയ പ്പെടും.

നമ്മുടെ ആധുനിക വ്യവസായം അതിന്റെ ഭീമ മായ ഇന്നത്തെ നിലയിൽ നിന്ന് കുറെ കൂടി ചെറിയ രീതിയിലേക്ക് മാറ്റി മറിക്ക പ്പെടും എന്ന് ഷൂമാക്കർ എഴുതിയിട്ടുണ്ട്.  അതിലൂടെ മാത്രമേ മനുഷ്യ വര്ഗത്തിന് നില നിന്ന് പോകാൻ കഴിയുള്ളൂ.

നമ്മൾ അതിനെ കുറിച്ച് ക്രിയാത്മകമായി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു 

No comments:

Post a Comment