Tuesday, 23 June 2015

നമസ്കാരവും കൈപിടിച്ചു കുലുക്കലും

രണ്ടും രണ്ടു രാജ്യങ്ങളുടെ  അഭിവാദനങ്ങൾ.  ഇവയൊന്നും കൂടാതെ നാനാവിധമായ നാശകൊശങ്ങലായ അനവധി അനവധി അഭിവാദനങ്ങൾ,  മറ്റുള്ള നാടുകളിൽ ഉള്ളതും,  ഉളുപ്പുള്ള മറ്റു നാട്ടുകാര്ക്ക്  അവ അനാചാരമായി നില കൊള്ളുന്നതും നമുക്കറിയാം.  പക്ഷെ അവയുടെ കൂട്ടത്തിൽ മേലെ പറഞ്ഞ രണ്ടു എണ്ണങ്ങളെ മാത്രം ഞാൻ എടുത്ത് പെരുമാറുകയാണ്.  കാരണമെന്തെന്നാൽ ഒന്ന് നമ്മുടെ സ്വന്തവും, മറ്റൊന്ന് നമ്മുടെ  നേരെ എതിർവശത്ത് നില്ക്കുന്നതും നമ്മുടെ ശത്രു എന്ന് ചിലരും മഹാ മിത്രങ്ങൾ എന്നും മറ്റു ചിലരും ധരിച്ചു വെച്ചിട്ടുള്ള മറ്റൊരു രാജ്യത്തിന്റെ അഭിവാദനവും ആകുന്നു.  ഇവയോട് ആഭിമുഖ്യവും എതിര്പ്പും ഉള്ള രണ്ടു ചേരികൾ എന്നും നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു.  ഇവയിൽ ഒന്നായ നമസ്കാരത്തിന് മറ്റേതു നാട്ടിലെ അഭിവാദ്യത്തെക്കാളും കൂടുതൽ പെരുമ ഉണ്ടെന്നും, നമസ്കാര നേരങ്ങളിൽ കൂർത്ത് നില്ക്കുന്ന കൈകളുടെ അറ്റങ്ങളിൽ ഊര്ജം വന്നു നിറയുന്നുണ്ട് എന്നും നമ്മുടെ ഹിന്ദു ശാസ്ത്രജ്ഞന്മാർ കണ്ടു പിടിച്ചത് ഈയിടെയാണ്.  അങ്ങനെ ഉള്ള ഒരു സാഹചര്യത്തിൽ ഇവയോടുള്ള വ്യക്ത്യതിഷ്ടിത ഇഷ്ടാനിഷ്ടങ്ങൾ ഈ പേജുകളിൽ പ്രകടിപ്പിക്കുന്നതിൽ അസാംഗത്യം ഉള്ളതായി എനിക്ക് തോന്നുന്നില്ല.

അപ്പോൾ ഞാൻ ആദ്യമേ പ്രഖ്യാപിക്കുകയാണ്, ഞാൻ നമസ്കാരത്തെ ക്കാൾ കൂടുതൽ ഇഷ്ടപ്പെടുന്നത് സായിപ്പിന്റെ കൈ പിടിച്ചു കുലുക്കൽ ആണ്. ബാലാട്ടൻ ഒരിക്കൽ പറഞ്ഞത് പോലെ, അന്നെരന്മെങ്കിലും ആ സുന്ദരി കുട്ടി ശാരദയുടെ കൈകളിൽ ഒന്ന് ഞാൻ തൊട്ടോട്ടെ, എന്നുള്ള രീതിയിലുള്ള തികച്ചും അധമങ്ങളായ വികാരങ്ങൾ ഒന്നും തന്നെ എന്റെ ഈ അഭിപ്രായ പ്രകടനത്തിൽ ഇല്ല എന്ന് ഞാൻ ആദ്യമേ വ്യക്തമാക്കുകയാണ്. അപ്പോൾ പിന്നെ എന്താണ് പ്രശ്നം എന്ന് ചോദിച്ചാൽ പ്രശ്നമുണ്ട് എന്ന് തന്നെയാണ് ഉത്തരം.  ആദ്യത്തെ പ്രശ്നം നമസ്കാരം രണ്ടു വ്യക്തികൾക്ക് ഇടയിൽ അഗാധവായ ഒരു വിടവുണ്ടാക്കുന്നു.  നീന്തി കടക്കാനാവത്ത ഒരു നദി പോലെ.  നമ്മൾ അതിന്റെ കരകളിൽ അപ്പുറത്തും ഇപ്പുറത്തും ആയി നിന്ന് കൊണ്ടു കൈ കൂപ്പുകയാണ്.  ഈ അകൽച്ച എന്ത് കൊണ്ടോ എനിക്ക് സഹിക്കുന്നില്ല.  പക്ഷെ കൈ കുലുക്കുന്നവന്റെ സ്ഥിതി അങ്ങനെ അല്ല.  അവൻ അവന്റെ സഹജീവിയുടെ അടുത്തേക്ക് നീങ്ങാൻ നിര്ബന്ധിക്കപ്പെടുന്നു എന്ന് മാത്രമല്ല അവനെ അല്ലെങ്കിൽ അവളെ തൊടാൻ നിര്ബന്ധിക്കകൂടി ചെയ്യുകയാണ്.  തന്റെ എതിരാളി എതിര് ലിംഗത്തിൽ പെട്ട ആളാകുമ്പോൾ അവരിൽ ചിലര്ക്കെങ്കിലും അവാച്യമായ ഒരു അനുഭൂതിയോ, അല്ലെങ്കിലും ഒരു തരം ഞെട്ടലോ ഉണ്ടാകുന്നതായി  ആ സമയങ്ങളിലെ അവരുടെ രക്ത സമ്മർദം അളന്ന ശ്രീമാൻ ഡോക്ടർ ചാത്തു തന്റെ ഒരു ഗ്രന്ഥത്തിൽ പറഞ്ഞിട്ടുണ്ട്.   പക്ഷെ പ്രസ്തുത അനുഭൂതിയോ ഞെട്ടല്ലോ ഇപ്പറഞ്ഞ സായിപ്പിന് പ്രസ്തുത നേരങ്ങളിൽ ഉണ്ടായതായി കാണുന്നില്ല എന്നും ചാത്തു ഡോക്ടർ അടിവരയിട്ടു പറഞ്ഞിട്ടുണ്ട്.

ആണും പെണ്ണും പരസ്പരം  സ്പർശിക്കുന്നത്‌ ടാബൂ ആയി കണക്കാക്കുന്ന ഒരു സംസ്കാരത്തിന്റെ ഉല്പന്നമാണ് നമസ്കാരം എന്ന തികച്ചും പിൻ തിരിപ്പൻ ആയ ഈ അഭിവാദനം .  എന്റെ അമ്മയുടെയോ പെങ്ങളുടെയോ, മകളുടെയോ കരം ഗ്രഹിച്ചു കൊണ്ടു എനിക്ക് അവരെ ഒക്കെ അനുമൊദിക്കുകയൊ , അഭിവാദനം ചെയ്യുകയോ ഒക്കെ ആകാമെങ്കിൽ,  ഒരു സുഹൃത്തിനു നേരെയും അത് പ്രയോഗിക്കുന്നതിൽ എന്താണ് കുഴപ്പം.

നിഷ്കളങ്കമായ സ്പർശനത്തെ ഭയപ്പെടാതിരിക്കുക.  സ്ത്രീയും പുരുഷനും പരസ്പരം സ്പർശിക്കാതിരിക്കാൻ മാത്രം വിഷം പേറുന്ന ജീവികൾ അല്ല. അത് കൊണ്ടു പരസ്പരം കൈ പിടിച്ചു കുലുക്കി അഭിവാദനം ചെയ്യുന്നത് ഒരു ശീലമാക്കുക.

No comments:

Post a Comment