Sunday, 7 June 2015

ഒരിക്കലും നശിക്കാത്ത കലകൾ

നമ്മുടെ നാട്ടിൽ ഫോട്ടോ വരക്കുന്ന ഒരു സ്ഥലം ഉണ്ട്. ഇതെന്താണ് ഈ ഫോട്ടോ വരക്കുന്ന സ്ഥലം എന്ന് നിങ്ങൾ അല്ബുധപ്പെടുന്നുണ്ടാവും. അത് കൊണ്ടു ഞാൻ അതിന്റെ ഇംഗ്ലീഷ് പരിഭാഷ ഇവിടെ ചേർക്കാം. portrait painting. എന്റെ അമ്മ പറയാറുള്ളത് പോലെ ചില കാര്യങ്ങൾ മലയാളത്തിൽ പറഞ്ഞാൽ നമുക്ക് മനസ്സിലാകില്ല.
പണ്ടു കാലത്ത് ചിത്രകാരന്മാരുടെ പണി ഇത് തന്നെ ആയിരുന്നു. രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും, പണക്കാരുടെയും, പണം കൊടുക്കാൻ തയ്യാറുള്ള സാധാരണ മനുഷ്യരുടെയും ചിത്രങ്ങൾ വരക്കൽ. ഒരാള് ചിത്രകാരന്റെ മുന്നിൽ ഇരിക്കുന്നു. ചിത്രകാരൻ പണി തുടങ്ങുന്നു. (തുണി കഴിച്ചാൽ പണി തുടങ്ങുന്ന പരിപാടിയും അന്നുണ്ടായിരുന്നു എന്ന് അന്നത്തെ ചില ചിത്രങ്ങൾ കണ്ടാൽ നമുക്ക് തോന്നും)
ആ ഇടക്കാണ് ഏതോ ഒരു വികടൻ, വേണ്ടാത്ത ഒരു യന്ത്രം കണ്ടു പിടിച്ചത്. ഇന്ന് നമ്മൾ അതിനെ കേമറ എന്ന് വിളിക്കുന്നു. സത്യം പറയാലോ അതോടെ നമ്മുടെ ചിത്രകാരന്മാരുടെ പണി പോയി. ചിത്രകാരന്മാർ ദുഖിതരായി. നമ്മൾ ഇന്ന് വരെ എത്രയോ ദിവസങ്ങള് എടുത്തു ചെയ്ത പണി മുഴുവൻ, മണ്ടയിൽ ഒന്നും ഇല്ലാത്ത ഈ ദുഷ്ടൻ നിന്ന നിൽപ്പിൽ ചെയ്തു കളയുന്നു. ഇനി നാം എന്ത് ചെയ്യും എന്ന് അവർ വേവലാതിപ്പെട്ടു. പലരും കാൻവാസ് മടക്കി കൈക്കോട്ടു പണിക്കു പോയി. ചിത്രകല മരിച്ചു.
പക്ഷെ ചിത്രകല മരിച്ചില്ല. അകാലത്ത്‌ കണ്ടു പിടിച്ച ഒരു യന്ത്രം അതിനു അസാമാന്യമായ ഒരു തിരിച്ചറിവ് ഉണ്ടാക്കി. നാട്ടു കാരുടെ മോന്ത നോക്കി ചിത്രം വരക്കലല്ല തന്റെ പണി എന്ന്. ഇത്ര കാലവും യാതാര്ത്യത്തിന്റെ വ്യര്തതയിൽ താൻ അഭിരമിക്കുകയായിരുന്നു എന്ന സത്യം ചിത്രകല പൊടുന്നനവേ മനസ്സിലാക്കി. ചിത്ര കല അയഥാർത്ഥമായി . ഇനി മുതൽ നാം നിങ്ങളെ വരക്കുന്നെങ്കിൽ കൂടി അത് യാതാര്തമായ നിങ്ങളെ അല്ല, അയഥാർത്ഥമായ നിങ്ങളെ ആയിരിക്കും എന്ന് ചിത്രകല ഉറക്കെ പ്രഖ്യാപിച്ചു.

No comments:

Post a Comment