Saturday, 6 June 2015

സാമൂഹ്യ മാധ്യമങ്ങളും വാർത്തകളും

ഇന്നാളൊരിക്കൽ ഒരു സുഹൃത്ത്‌ പറഞ്ഞു.  വാർത്ത അറിയുന്നതിനും വാർത്ത അറിയിക്കുന്നതിനും   ഫേസ് ബുക്ക്‌ പോലെ ഉള്ള സാമൂഹ്യ മാധ്യമങ്ങള്ക്ക് വളരെ പ്രധാനപ്പെട്ട പങ്കു ഉണ്ടാക്കി തീർക്കുന്ന ഒരു കാലമാണ് ഇനി വരാൻ പോകുന്നത്. ഇന്ന് വരെ സ്ഥാപിത താല്പര്യങ്ങൾ ആറ്റി കുറുക്കി എടുത്ത അസത്യ ജടിലമായ വാർത്തകളായിരുന്നു നമ്മുടെ മുന്നിൽ പുലർ കാലങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നത് എങ്കിൽ, ഇനി മുതൽ അത് അങ്ങനെ ആവില്ല. സംഭവം നേരിട്ട് കണ്ട  ഓരോരുത്തനും അതിന്റെ ചിത്രങ്ങൾ പോലും ഇവിടെ പ്രദർശിപ്പിക്കാൻ പാകത്തിലാണ് ഇന്നത്തെ സാമൂഹ്യ മാധ്യമങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.  വലിയ ഒരു പരിധി വരെ ഇത് ശരിയാണ്.  കാരണം നമ്മൾ അറിയാതെ പോകുവാൻ ഇടയുണ്ടായിരുന്ന പല കാര്യങ്ങളും നാം ഫേസ് ബുക്കിൽ കൂടെ അറിഞ്ഞിട്ടുണ്ട് എന്ന് സത്യമാണ്.  അത്തരത്തിൽ ചിന്തിക്കുമ്പോൾ വാർത്ത മാധ്യമം എന്ന നിലയിൽ ഫേസ് ബുക്ക്‌ ഒരു പുതിയ ദൗത്യം ഏറ്റെടുക്കുന്നു എങ്കിൽ  അത് സ്തുത്യർഹമായ കാര്യം തന്നെയാണ്.  കാരണം അച്ചടിച്ച  വർത്തമാന പത്രങ്ങൾ ഇല്ലെങ്കിലും വലിയ കുഴപ്പമില്ല എന്ന് ഒരു ചെറിയ വിഭാഗം ജനങ്ങൾ എങ്കിലും ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.  അങ്ങനെ ചിന്തിക്കാൻ തുടങ്ങാത്ത വലിയ  ഒരു വിഭാഗം , വർത്തമാന പത്രം ഒരു ശീലമായി പോയവരാണ്.  രാവിലത്തെ ചായ പോലെ അവര്ക്ക് അത് ഒഴിവാക്കാൻ ആകാത്തതാണ്.  പുതിയ ശീലങ്ങൾ വരുമ്പോൾ അവയും താനേ മാറിക്കൊള്ളും.

പക്ഷെ ഫേസ് ബുക്ക്‌ പോലെ  ഉള്ള സാമൂഹ്യ മാധ്യമങ്ങളും , വർത്തമാന പത്രങ്ങൾക്കു ആരോപിക്കപ്പെട്ട മേലെ പറഞ്ഞ തരത്തിലുള്ള കുഴപ്പങ്ങളിൽ നിന്ന് പൂര്ണമായും മുക്തമാണോ. അല്ല എന്ന് ഫേസ് ബുക്കിൽ വളരെ അധികം നേരം കഴിഞ്ഞു കൂട്ടുന്ന എനിക്ക് അറിയാം.  വേണ്ടുവോളം അസത്യങ്ങൾ അതിലൂടെ പ്രച്ചരിപ്പിക്കപ്പെടുന്നുണ്ട് എന്ന് വ്യക്തമാണ്. അസത്യങ്ങൾ പ്രച്ചരിപ്പിക്കപ്പെടുന്നുണ്ട് എന്ന് മാത്രമല്ല സ്പര്ധയും ഭീകരത പോലും അതിലൂടെ പ്രചരിപ്പിക്കുന്നുണ്ട് എന്നത് സത്യമാണ്.  അപഖ്യാതികളും മാനഹാനി ഉണ്ടാക്കുന്ന വാർത്തകളും ഇവിടെ സുലഭം.  പക്ഷെ ഒരു സ്വതന്ത്ര സമൂഹത്തിൽ ഒരു പരിധി വരെ ഇതൊക്കെ നാം സഹിച്ചേ ഒക്കൂ എന്ന് സമാധാനിക്കാം.  പക്ഷെ ഒരു പരിധിയിൽ കവിയുമ്പോൾ ഇവയിൽ പലതും അപകട കാരികൾ ആയി തീർന്നേക്കാം. ഓണ്‍ലൈൻ മാധ്യമങ്ങൾക്ക് പ്രത്യേകമായ നിയന്ത്രണങ്ങൾ ഒന്നും ആവശ്യമില്ല എന്ന് ഞാൻ കരുതുന്നു.  കാരണം നമ്മുടെ നാട്ടിൽ ഇന്ന് നിലവിലുള്ള എല്ലാ നിയമങ്ങളും ഓണ്‍ലൈൻ മാധ്യമങ്ങൾക്കും ബാധകമാണ്. സിനിമയ്ക്കു വേണ്ടി മാത്രമായി ഒരു സെൻസർ ബോർഡ്‌ ആവശ്യമില്ല എന്ന് ഒരു നിരൂപകൻ പറഞ്ഞത് പോലെ ഓണ്‍ലൈൻ മാധ്യമങ്ങൾക്ക് മാത്രമായി ഒരു സെൻസർ ഷിപ്പിന്റെ ആവശ്യമില്ല എന്ന് അർഥം.

No comments:

Post a Comment