Friday, 12 June 2015

ഒന്നാം ലോകത്തിന്റെ അതിഭോഗവും മൂന്നാം ലോകത്തിന്റെ മരണവും

കയറ്റു മതി എന്നതിന്റെ അർഥം എന്താണ് എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ. ഒരു ഉദാഹരണം പറയാം.  നമ്മുടെ വീട്ടിൽ ഉണ്ടായ പത്തു ചക്ക നമുക്ക് വേണ്ടതിലും അധികമാണ്.  അധികമുള്ളത് വേറെ ആർകെങ്കിലും കൊടുത്തു കളയാം.  സാധാരണ ഏതു കച്ചവടത്തിന്റെയും അടിസ്ഥാനമായ ഇതേ വികാരം തന്നെയാണ് കയറ്റു മതിയിലും ഉണ്ടായിരിക്കേണ്ടത്.  അതായത് നമ്മുടെ നാട്ടിലുള്ള ചില വസ്തുക്കൾ നാട്ടുകാര് ഉപയോഗിച്ച് കഴിഞ്ഞാലും ബാക്കിയാകുന്നു.  അത് ഒരു വിദേശ രാജ്യമായ നിങ്ങൾക്ക് നാം  തരികയാണ്. (അതിനു പകരമായി നിങ്ങൾ എന്ത് തരുന്നു എന്നുള്ളതിനെ കുറിച്ചുള്ള ചര്ച്ച പിന്നീടാവാം)

പക്ഷെ ഇന്ന് കയറ്റു മതി എന്നത് ഈ പറഞ്ഞത് ഒന്നും അല്ല.  നമ്മുടെ നാട്ടിലെ 30 ശതമാനത്തിൽ അധികം പേര് പട്ടിണി കിടക്കുന്നു.  അപ്പോഴും നാം ഭക്ഷണം കയറ്റി അയക്കുന്നു.  അധിലും അധികം പേര് മരുന്നുകള് കിട്ടാതെ ഉഴലുന്നു. പക്ഷെ നമ്മൾ മരുന്നുകൾ കയറ്റി അയക്കുന്നു.  നമ്മള് കയറ്റി അയക്കുന്ന ഉല്പന്നങ്ങളുടെ പേരുകൾ പറഞ്ഞാൽ തീരില്ല.  അവയിൽ പലതും നമ്മുടെ നാട്ടുകാരിൽ ഭൂരി ഭാഗം പേരും കാണുക പോലും ചെയ്യാത്തതാണ്‌.

അപ്പോൾ പ്രധാനപ്പെട്ട ചോദ്യം ഇതാണ്.  നമ്മൾ ഉപയോഗിക്കാൻ സാധ്യതയില്ലാത്ത വസ്തുക്കൾ നാം എന്ത് കൊണ്ടു അമിതമായി ഉല്പാദിപ്പിക്കുന്നു.  അതിന്റെ ഉത്തരം വളരെ ലളിതമാണ്.  അത് ആവശ്യമുള്ള ആരൊക്കെയോ വിദേശ രാജ്യങ്ങളിൽ അതിനു വേണ്ടി കാത്തിരിക്കുന്നു.  അവർ എന്ത് കൊണ്ടു അത് അവരുടെ നാടുകളിൽ ഉല്പാദിപ്പിക്കുന്നില്ല എന്ന ചോദ്യത്തിനാണ് നാം ഇനി മറുപടി പറയേണ്ടത്.  അതിനു വളരെ അധികം കാരണങ്ങൾ ഉണ്ടാകാം.  അതിൽ ഒന്നാമത്തേത് അവ ഉത്പാദിപ്പിക്ക പ്പെടെണ്ട സാഹചര്യങ്ങൾ അവിടെ ഉണ്ടാകില്ല.  സാഹചര്യങ്ങൾ എന്നത് കൊണ്ടു ഞാൻ ഉദ്ദേശിച്ചതിൽ പ്രകൃതി വിഭവങ്ങൾ മുതൽ കാലാവസ്ഥ വരെ വരും (തിരുവാതിര ഞാറ്റു വേല നിങ്ങള്ക്ക് കൊണ്ടു പോകാൻ പറ്റുമോ എന്ന് ഇവിടത്തെ ഒരു രാജാവ് ഒരു സായിപ്പിനോട്‌ തമാശയായി ചോദിച്ചത് ഇത്തരുണത്തിൽ ഓര്ക്കുന്നത് നന്നായിരിക്കും)

അപ്പോൾ അടുത്ത ചോദ്യം ഇതാണ്.  നമ്മൾ ഉപയോഗിക്കാൻ സാധ്യത ഇല്ലാത്ത ഒരു സാധനം,  ഒരു വിദേശിക്കു  വേണ്ടി ഉണ്ടാക്കി കൊടുക്കാൻ നാം എന്ത് കൊണ്ടു അമിതമായ താല്പര്യം എടുക്കുന്നു.  അതിനു വളരെ പ്രധാനപ്പെട്ട ഒരു ഉത്തരം മാത്രമേ ഉള്ളൂ.  നാം ആ വിദേശിക്കു എങ്ങനെയോ കടപ്പെട്ടിരിക്കുന്നു. നാം അവനോടു പണ്ടു കുറച്ചു പണമോ സാധനങ്ങളോ കടം വാങ്ങിയിരിക്കാം.  അവൻ ഇന്ന് അത് പണവും പലിശയും ചേർത്ത് തിരിച്ചു കൊടുക്കാൻ പറയുന്നു.  പക്ഷെ എന്റെ കയ്യിൽ പണമില്ല.  അപ്പോൾ അവൻ പറയുന്നു അവയൊക്കെ സാധനങ്ങൾ ആയി തിരിച്ചു കൊടുത്താൽ മതി എന്ന്.  അപ്പോൾ നാം അവൻ പറയുന്ന സാധനങ്ങൾ ഉത്പാദിപ്പിക്കാൻ നിര്ബന്ധിക്കപ്പെടുന്നു.  പക്ഷെ സാധനവും പണവും തുലനം ചെയ്യാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.  ഞാൻ എന്റെ ചക്കക്കു 100 രൂപ വിലയുണ്ട്‌ എന്ന് പറയുമ്പോൾ, അവൻ പറയുന്നു അതിനു 10 രൂപ മാത്രമേ വില വരൂ എന്ന്.  ആത്യന്തികമായി ഇവിടെയും ശക്തന്റെ അഭിപ്രായത്തിനു മാത്രമേ വിലയുള്ളൂ. അശക്തൻ അവിടെ പരാജയപ്പെടുന്നു.  ഒരു ചക്കകൊണ്ട് 100 രൂപയുടെ കടം തീർക്കാം എന്ന് ധരിച്ചു എങ്കിൽ, ഇനി അത് പത്തു ചക്ക കൊണ്ടു മാത്രമേ തീരുകയുള്ളൂ.

അപ്പോൾ ഇതിൽ നിന്ന് നമുക്ക് വ്യക്തമായി മനസ്സിലാകുന്നത്‌ കയറ്റുമതിയും കടവും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് തന്നെയാണ്.  നിങ്ങൾ കൂടുതൽ ആയി എടുക്കുന്ന ഓരോ കടവും,  നിങ്ങളുടെ വിഭവങ്ങളെ ചൂഷണം ചെയ്യാൻ ഉള്ള എളുപ്പ വഴിയാണ് എന്ന് നിങ്ങൾക്ക് കടം തരുന്ന ആൾക്ക് നന്നായി അറിയാം. അത് നാട്ടിലെ ബ്ലേഡ് ആയാലും ഐ എം എഫ് ആയാലും വലിയ വ്യത്യാസമില്ല.  അപ്പോൾ ഓരോ പ്രാവശ്യം കടം വാങ്ങുമ്പോഴും നീ അറിയുക നീ കൂടുതൽ കൂടുതൽ നിന്റെ വിഭവങ്ങൾ നഷ്ടപ്പെടാൻ പോകുകയാണ് എന്ന്.

ഒന്നാം ലോകത്ത് പ്രകൃതി വിഭവങ്ങൾ കുറഞ്ഞു വരികയാണ്.  നിങ്ങളുടെ വീട്ടു കാറ് അടിച്ചു പൊളിച്ചു ജീവിക്കുന്നതിനിടയിൽ,  ഈ അടിച്ചു പൊളിച്ചു ജീവിക്കാൻ മാത്രമുള്ള വസ്തുക്കൾ ഇനി കിട്ടില്ല എന്ന് ഉറപ്പായാൽ നിങ്ങൾ ഇനി എന്ത് ചെയ്യും.  ആദ്യമാദ്യം നിങ്ങള് സഹിക്കും.  പിന്നെ പിന്നെ നിങ്ങൾ ശക്തൻ ആണെങ്കിൽ (അത് അങ്ങനെ തന്നെ ആയിരിക്കും) ബല പൂർവ്വം മറ്റിടങ്ങളിൽ നിന്ന് നിങ്ങൾക്ക് വേണ്ട സാധനങ്ങൾ തരപ്പെടുത്താൻ നോക്കും. (എല്ലാ കാലവും അത് ഇങ്ങനെ ആയിരുന്നു).  അതായത് പ്രകൃതി വിഭവങ്ങളുടെ ഇല്ലായ്മ ഇന്നല്ലെങ്കിൽ നാളെ ആയുധ കളിയിൽ എത്തുമെന്ന് അർഥം.

ഇന്ന് ലോകത്ത് കുറഞ്ഞു വരുന്നത് കാര്ഷിക വിഭവങ്ങൾ മാത്രമല്ല. ധാതു ക്കളും, ലോഹങ്ങളും ഒക്കെ കുറഞ്ഞു വരികയാണ്. വെള്ളത്തിന്റെ കാര്യം പോലും പരിതാപകരമായി വരുന്നു.  (വെള്ളത്തിന്റെ കാര്യത്തിൽ പക്ഷെ ഒരു സമാധാനമുണ്ട്.  കുടിച്ചു വറ്റിക്കാൻ പറ്റാത്ത ആഴിയുണ്ട് നമ്മുടെ മുന്നിൽ. വെള്ളം തീരെ കിട്ടാതെ വരുമ്പോൾ, നമ്മൾ അത് കൈ കൊണ്ടോ കാലു കൊണോ ആറ്റി കുറുക്കി ശുദ്ധ ജലം സൃഷ്ടിച്ചേക്കാം).  റീസൈക്കിൾ ചെയ്യാനാവാത്ത പ്രകൃതി വിഭവങ്ങൾ നമ്മുടെ നില നില്പിന് പോലും ഭീഷണിയാണ്.

(തുടരും)

No comments:

Post a Comment