Monday, 22 June 2015

വൃദ്ധരെ എങ്ങനെ രക്ഷപ്പെടുത്താം.

തലവാചകം കേട്ട് ആരും ഞെട്ടിപോകരുത്.  കുറെ വൃദ്ധർ എന്തോ ഒരു ആപത്തിൽ പെട്ട് വിഷമിക്കുകയാണ് എന്നുള്ള ഒരു ധ്വനി ഇതിനു വന്നുപോയെങ്കിൽ ക്ഷമിക്കുക.  വൃദ്ധന്മാരു നേരിടുന്ന അത്തരം ഒരു അപകടത്തെ കുറിച്ചല്ല ഇവിടെ വിവക്ഷിക്കുന്നത്.  മറിച്ചു വാർധക്യം എന്ന ആപത്തും അതിനെ തുടർന്ന് ഉണ്ടാകുന്ന ശാരീരികവും മാനസികവും ആയ പ്രശ്നങ്ങളും അതിനെ തരണം ചെയ്യാൻ നമ്മുടെ സമൂഹം എടുക്കേണ്ട മുൻ കരുതലുകളും എന്തൊക്കെ എന്ന് ഉള്ളതിനെ കുറിച്ചുള്ള ഒരു ചിന്തമാത്രമാണ് ഇത്.  വൃദ്ധന്മാരെ സമൂഹത്തിനു ആവശ്യമാണ്‌ എന്നും,  അച്ഛനെ പോലെ ഉള്ള ആള് കൊണ്ട വെയിലാണ് ഞാൻ ഇന്ന് അനുഭവിക്കുന്ന തണലെന്നും ഉള്ള രീതിയിൽ ഉള്ള പയ്യാരം പറച്ചിലുകൾ നമുക്ക് എല്ലാ ഇടങ്ങളിൽ നിന്നും കേൾക്കാമെങ്കിലും, വര്ത്തമാന കാല സമൂഹങ്ങളിൽ വൃദ്ധരുടെ സ്ഥിതി നാൾക് നാൾ പരിതാപകരമായി തുടരുകയാണ്.  കൂട്ട് കുടുംബ വ്യവസ്ഥിതിയുടെ തകര്ച്ച അതിനു ഒരു മുഖ്യ കാരണമായി വർത്തിച്ചിട്ടുണ്ട്‌ എന്ന് ഞാൻ മുൻപൊരിക്കൽ ഇവിടെ എഴുതിയതായി ഓർക്കുന്നു.

ഇന്നത്തെ അബല ജനവിഭാഗം വാർധക്യത്തിൽ എത്തിപെട്ടവര് തന്നെയാണ്.  സ്ത്രീകളിൽ നിന്ന് അവർ ആ സ്ഥാനം തട്ടിയെടുത്തിരിക്കുന്നു.  അത് അങ്ങീകരിക്കപ്പെട്ട സ്ഥിതി വിശേഷമാകയാൽ,  ഇനി മുദ്രാവാക്യം വിളികളിലൂടെ ഈ വൃദ്ധ ജന സഞ്ചയത്തെ രക്ഷപ്പെടുത്തി കളയാം എന്നുള്ള മോഹം വെറും വ്യാമോഹം മാത്രമാണ്.  യുവാക്കളുടെ ഈ ലോകത്ത് ശക്തിയില്ലാത്ത വൃദ്ധന്റെ  പ്രതിഷേധങ്ങൾ - അത് പോലും വളരെ ചുരുക്കം - ആരും ശ്രദ്ധിക്കാതെ പോകുന്നു.  ജീവിതാന്ത്യ  കാലത്ത് അവനു കിട്ടുന്ന പെൻഷൻ പോലുള്ള സൌകര്യങ്ങൾ എടുത്തു കളയണം എന്നോ കുറച്ചു കളയണം എന്നോ അഭിപ്രായപ്പെട്ടിട്ടുള്ള ആളുകളും ചുരുക്കമല്ല.  (എല്ലാ തരത്തിലുള്ള സംവരണങ്ങളും നിർത്തൽ ചെയ്യണം എന്ന് ആരൊക്കെയോ പറയുന്നത് കേട്ടു.  ആവുന്ന കാലത്ത് സമ്പാദിചവൻ മാത്രം ആകാത്ത കാലത്ത് തിന്നാൽ മതി എന്നുള്ള ന്യായവും ഇക്കാലത്ത് പ്രചരിച്ചിട്ടുണ്ട്.  ആവുന്ന കാലത്ത് സമ്പാദിക്കാൻ പറ്റാതവന്റെ വിധി നിർണയിക്കപ്പെട്ടു എന്ന് അർഥം)

ആശക്തനെ അവന്റെ പാട്ടിനു വിടുന്ന ലോകം ക്രൂരരുടെ ലോകമാണ്.  എല്ലാവരും തുല്യമായി മത്സരിച്ചു, വിജയിക്കുന്നവന് മാത്രമേ അപ്പമുള്ളൂ എന്നുള്ള ന്യായം പ്രാകൃതമാണ്.  അത്തരത്തിലുള്ള പാതയിലേക്ക് ചലിച്ചു കൊണ്ടിരിക്കുന്ന ഒരു ലോകത്ത്  വൃദ്ധന്മാരെന്നല്ല , ശക്തിയില്ലാത്ത എന്തിന്റെയും  ഭാവി അപകടതിലായിരിക്കും എന്നുള്ളത് സത്യമാണ്.  ഈ ശക്തി ഇല്ലാത്ത എന്തും എന്നുള്ള പ്രയോഗത്തിൽ സ്ത്രീയും, പ്രകൃതിയും മൃഗങ്ങളും ഒക്കെ വരും.  തങ്ങളുടെ വേദനകൾ വിളിച്ചു പറഞ്ഞു ഒന്ന് ഉറക്കെ കരയാൻ പോലും കഴിയാത്ത ജന വിഭാഗമാണ്‌ അത്.  അവര്ക്ക് വേണ്ടി മറ്റാരെങ്കിലും കരഞ്ഞേ ഒക്കൂ.  ലാഭവും ധനവും മേല്കൊയമ നേടിയിട്ടുള്ള ഒരു സമൂഹത്തിലെ വ്യക്തികളിൽ നിന്ന് അത്തരം ഒരു സദാചാരം നമുക്ക് പ്രതീക്ഷിച്ചു കൂടാ.  അപ്പോൾ അതിന്റെ അർഥം അബലരുടെ മോക്ഷം,  അവര് സമ്മതി ദാനം സമര്പ്പിച്ചു തിരഞ്ഞെടുത്ത ഭരണകൂടത്തിലൂടെ മാത്രമാണ് എന്നത്രെ.

എന്റെ അമ്മ എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്.  നിങ്ങൾ രണ്ടു പേരും ഇങ്ങനെ തെരുവ് പട്ടികൾക്ക് ഭക്ഷണം കൊടുത്തു കൊണ്ടു ഇരിക്കുന്ന കാലത്തോളം എനിക്ക് പേടിക്കാൻ ഒന്നുമില്ല എന്ന്.  എല്ലാ അബലരും ഉള്ളിൽ അറിയുന്ന സത്യമാണ് ഇത്.  അത് കൊണ്ടാണ് നായകളെ കൊന്നൊടുക്കണം എന്ന് പറയുമ്പോൾ അതിനെതിരെ ആദ്യം പ്രതികരിക്കുന്ന ഒരാള് എന്റെ അമ്മയാകുന്നത്.

വൃദ്ധരുടെ കാര്യത്തിൽ ഇന്നത്തെ സമൂഹത്തിനു പല പരിമിതികളും ഉണ്ട്. ഒന്നാമത്തെ പ്രശ്നം നമ്മുടെ അണു കുടുംബങ്ങൾ തന്നെ.  ഇന്ന് മിക്ക വീടുകളിലും ആളുകള് ഇല്ലാത്ത അവസ്ഥയാണ്.  ഭര്ത്താവ് ഭാര്യ കുട്ടികൾ എന്നിവര് ഒക്കെയും പോയി കഴിഞ്ഞാൽ വീടുകളിൽ വൃദ്ധർ ഒറ്റയ്ക്ക്.  അവരെ നോക്കാൻ ചിലപ്പോൾ ഒരു ആയ ഉണ്ടായേക്കാം.  വീടുകൾ തന്നെ വൃദ്ധ സദനങ്ങൾ ആകുന്ന അവസ്ഥ. മറ്റുള്ളവർ ആർകും വൃദ്ധരെ ശ്രദ്ധിക്കാൻ പറ്റാത്ത അവസ്ഥ.  എന്റെ അമ്മ ഒരിക്കൽ നമ്മുടെ കുടുംബത്തിലെ ഒരു സ്ത്രീയുടെ പരിതാപകരമായ സ്ഥിതിയെ കുറിച്ച് കേട്ട് ഇപ്രകാരം പറഞ്ഞിട്ടുണ്ട്. 'വൃദ്ധരെ സമൂഹത്തിനു പരിചരിക്കാൻ പറ്റില്ലെങ്കിൽ, അവരെ കൊല്ലാനെങ്കിലും ഒരു നിയമം ഉണ്ടാക്കണം.  നായകളുടെ കാര്യത്തിൽ നാം അതല്ലേ പറയുന്നത്. ഇക്കാര്യത്തിൽ അവര് തമ്മില് എന്താണ് വ്യത്യാസം' എന്ന്.

ഒരു മനുഷ്യന് മറ്റൊരു മനുഷ്യനെ സ്നേഹിക്കാൻ നിയമ നിര്മ്മാണം നടത്തേണ്ടി വരുന്നത്, സമൂഹത്തിന്റെ ജഡതെയോ, തകര്ച്ചയെയോ ഒക്കെയാണ് കാണിക്കുന്നത്.  അബലരോടുള്ള സ്നേഹം നമ്മിൽ സ്വാഭാവികമായി ഉണ്ടാകേണ്ടതാണ്.  ജനിച്ചു വീണ കുട്ടികളുടെ സ്വഭാവം അതാണ്‌ എന്ന് നാം അനുഭവത്തിൽ നിന്ന് അറിയുന്നതാണ്.  സംശയമുണ്ടെങ്കിൽ,  ഒരു ഭിക്ഷക്കാരാൻ വീട്ടിൽ വരുമ്പോൾ നിങ്ങളുടെ വീട്ടിലെ ഏറ്റവും ചെറിയ കുട്ടി എങ്ങനെ പ്രതികരിക്കുന്നു എന്ന് ഒളിഞ്ഞു നോക്കുക.  ഞാൻ പറഞ്ഞതിനു വിരുദ്ധമായി കുട്ടി പ്രതികരിക്കുന്നു എങ്കിൽ അതിനു അർഥം, കുട്ടി വലിയവരെ കണ്ടു പഠിച്ചു എന്ന് തന്നെയാണ്.  നിസ്വാർതത മനുഷ്യന്റെ ജന്മ സ്വഭാവമാണ്. സ്വാര്തതയാണ് നാം പഠിക്കുന്നത്.

പണ്ടാരോ പറഞ്ഞത് പോലെ ഭരണ കൂടം അശക്തനു വേണ്ടിയാണ്.
ശക്തന്  അതിന്റെ ആവശ്യമില്ല. പക്ഷെ ഇവിടെ സംഗതി മറിച്ചാകുന്നു  എന്ന് മാത്രം.

തുടരും 

No comments:

Post a Comment