Monday, 22 June 2015

എല്ലാം പ്രതീകങ്ങളിൽ ഒതുക്കുന്ന മനുഷ്യർ

വയോധന സദനത്തിൽ ജീവിക്കുന്ന അമ്മയെ ഫോണിൽ വിളിച്ച് 'ഹാപ്പി മതെർസ് ഡേ അമ്മാ' എന്ന് പറഞ്ഞ ഒരു മനുഷ്യനെ കുറിച്ച് ഞാൻ ഇതിനു മുൻപ് ഒരിക്കൽ ഇവിടെ എഴുതിയതായി ഓർക്കുന്നു.  എല്ലാം പ്രതീകങ്ങളിൽ ഒതുക്കുന്ന ഒരു പുരുഷാരത്തിന്റെ വിധിയാണ് ഇത്.   അവന്റെ പ്രവർത്തിയുടെ അർഥം എന്തെന്ന് അവനു പോലും അറിയില്ല.  മദ്യപാനി മദ്യ വിരുദ്ധ സമരത്തിൽ പങ്കെടുക്കുന്നത് പോലെ.  എല്ലാ പ്രതിഷേധങ്ങളും ഒരു മുദ്രാവാക്യത്തിൽ ഒതുക്കുന്നത്‌ പോലെ.  ഭക്ഷണം കിട്ടാത്ത മനുഷ്യനെ ഒരു കാലത്ത് ഓണം എന്ന പ്രതീകത്തിൽ തളച്ചിട്ട ജനത ഇന്ന് എല്ലാ ദിവസവും മൃഷ്ടാന്നം തട്ടുമ്പൊഴും, ഓണം ആഘോഷിക്കുന്നത് ആര്ത്തിയോടെ തിന്നു കൊണ്ടാണ്.  യോഗയെ കുറിച്ചുള്ള പ്രചാരണങ്ങൾ അരങ്ങു തകർക്കുമ്പോൾ എനിക്ക് ഇങ്ങനെ പറയാതെ കഴിയില്ല.  എന്താണ് യോഗ. അത് ഒരു വ്യായാമാമാണോ. ദിവസവും ആടും പോത്തും കോഴിയും, അല്പം മദ്യവും തട്ടുന്ന ഒരു മനുഷ്യനും യോഗയുമായി ഉള്ള ബന്ധമെന്ത്.  ഒരു ബന്ധവും ഇല്ല.  യോഗ എന്നുള്ളത് അങ്ങനെ ഉള്ള മനുഷ്യരെ ഉദ്ദേശിച്ചു സൃഷ്ടിക്കപ്പെട്ട ഒരു ജീവിത രീതി അല്ല.  അങ്ങനെ ഉള്ള മനുഷ്യരെ അങ്ങനെ അല്ലാതാക്കി എടുത്തു പവിത്രമായി ജീവിക്കാൻ നിര്ബന്ധം പിടിക്കുന്ന ഒരു ജീവിത രീതിയാണ്.  അതിൽ അതി ഭോഗത്തിന് സ്ഥാനമേ ഇല്ല. അപ്പോൾ നിങ്ങള്ക്ക് യോഗയിലുള്ള താല്പര്യം യഥാർത്ഥത്തിൽ നിങ്ങളിൽ സംഭവിച്ച ഒരു മാനസിക പരിവർത്തനത്തിന്റെ തുടക്കമാവണം.  അല്ലാതെ ഇന്ന് രണ്ടു യോഗാസനം ചെയ്തു വൈകുന്നേരം ബാറിൽ പോയി രണ്ടു പെഗ് അടിക്കുന്നവന് എന്ത് യോഗ.  അവനു വേണ്ടിയാണല്ലോ നമ്മള് ജിം എന്ന സ്ഥാപനം ഉണ്ടാക്കിയിട്ടുള്ളത്.  ഇന്നലെ ഈ യോഗ ദിനത്തിൽ പങ്കെടുത്ത ഓരോരുത്തരോടും ഞാൻ ചോദിക്കുന്നത് ഇത്ര മാത്രമാണ്. നാളെ മുതൽ കറ കളഞ്ഞ നല്ല മനുഷ്യരായി ജീവിക്കാനുള്ള പ്രതിജ്ഞയാണ് നിങ്ങൾ ഇന്നലെ അവിടെ വച്ച് എടുത്തത്‌.  നിങ്ങൾ ഓരോ ദിവസവും നിങ്ങളുടെ ഈ തീരുമാനത്തിൽ ഉറച്ചു നില്ക്കുന്നു എന്ന് പരിശോധിക്കനെങ്കിലും തയ്യാറാകുമോ.

No comments:

Post a Comment