Wednesday, 10 June 2015

ആവശ്യങ്ങളുടെ ഇരുട്ടിൽ വഴിയറിയാതെ നടക്കുന്ന മനുഷ്യൻ.

പണ്ടു പണ്ടു പണ്ട് മനുഷ്യൻ തനിക്കു ആവശ്യമുള്ള വസ്തുക്കൾ ഉത്പാദിപ്പിച്ച ഒരു കാലമുണ്ടായിരുന്നു.
വർഷങ്ങൾക്കു മുൻപേ എന്റെ അമ്മാവൻ നടത്തുന്ന അനാദി കടയിൽ നിന്ന് ഏതോ ഒരു സാധനം വാങ്ങിച്ചപ്പോൾ എനിക്ക് ഒരു ചെറിയ ട്യൂബ് വെറുതെ കിട്ടി. ആ സാധനം എന്താണ് എന്ന് അത് വിൽക്കുന്ന എന്റെ അമ്മാവനോ അത് വാങ്ങിച്ച എനിക്കോ അറിയില്ലായിരുന്നു. അത് കൊണ്ടു ഞാൻ അതിന്റെ പുറം ചട്ടയിൽ ഒന്ന് കണ്ണോടിച്ചു . അതിൽ എഴുതിയത് ഇതായിരുന്നു ഫേസ് സോപ്പ് . ഞാൻ അത് അമ്മാവനോട് പറഞ്ഞപ്പോൾ അമ്മാവൻ ചോദിച്ചു 'എന്താടാ ഇപ്പം കിട്ടുന്ന സോപ്പ് ഒന്നും മുഖത്ത് തേച്ചു കൂടായോ. മനുഷ്യന് വെറുതെ കൊടുക്കാൻ കണ്ട ഓരോ അനാവശ്യ സാധനങ്ങള്' എന്ന്. മനുഷ്യന് പുതിയ പുതിയ ആവശ്യങ്ങൾ സൃഷ്ടിക്കപ്പെടുന്നതിനെ കുറിച്ചുള്ള എന്റെ ആദ്യ അറിവ് ഈ ഫേസ് സോപിലൂടെ ആയിരുന്നു. പിന്നീട് ഒരു പത്തു വര്ഷം കഴിഞ്ഞപ്പോൾ ഫേസ് സോപ്പ് നമ്മുടെ സ്വഭാവമായി. നമ്മൾ അത് വില കൊടുത്തു വാങ്ങാൻ തുടങ്ങി . അതിനു മറ്റു പല പേരുകളും ഉണ്ടായി
ആധുനിക മനുഷ്യന് അവന്റെ ആവശ്യങ്ങൾ എന്ത് എന്ന് പോലും വ്യക്തമായി അറിയില്ല. അവന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും നിയന്ത്രിക്കുന്നത്‌ അവനിൽ നിന്ന് ബാഹ്യമായ ഏതെല്ലാമോ കേന്ദ്രങ്ങൾ ആണ്. അർദ്ധ ശാസ്ത്രത്തിന്റെ അകമ്പടിയോടെ അവനെ ഭയപ്പെടുത്തിയും, മാന്യതയെ കുറിച്ചുള്ള തെറ്റായ ധാരണകൾ നല്കിയും മറ്റും മറ്റും ഈ അജ്ഞാത കേന്ദ്രങ്ങൾ അവന്റെ മസ്തിഷ്കത്തെ പ്രക്ഷാളനം ചെയ്യുകയാണ്. ഇന്ന് അവൻ കീടാണുവിനെ വല്ലാതെ ഭയപ്പെടുന്നു, അവന്റെ ചര്മത്തിന്റെ നിറം അവനെ വല്ലാതെ ഭീതി പ്പെടുത്തുന്നു, അവന്റെ ഗന്ധം മറ്റുള്ളവരിൽ ആലോസരമുണ്ടാകുന്നോ എന്ന് അവൻ വ്യാകുല പ്പെടുന്നു. അവന്റെ പല്ലിന്റെ നിറവും, അവന്റെ മുടിയുടെ ആരോഗ്യവും, അവന്റെ ചെരിപ്പിന്റെ ആകൃതിയും, അവന്റെ കാറിന്റെ വലിപ്പവും ഒക്കെ ഒരു ആധുനിക മനുഷ്യനെ മാനസിക സംഘർഷത്തിൽ ആഴ്ത്തുന്നു.
ഇന്ന് വസ്തുക്കൾ ആദ്യം ഉത്പാദിപ്പിക്കപ്പെടുകയും , ആവശ്യങ്ങൾ പിന്നീട് സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.
ആയുധങ്ങളുടെ കാര്യത്തിൽ പോലും ഇത് സംഭവിക്കുമ്പോൾ മനുഷ്യ കുലം മുടിയുന്നു.

No comments:

Post a Comment