Wednesday, 3 June 2015

സംവിധായകന്റെ വേദനകൾ

കിസ്ലോവിസ്കിയുടെ ബ്ലൂ എന്ന സിനിമയിൽ ഒരു രംഗമുണ്ട്.  ജീവിതത്തിൽ പെട്ടന്ന് ഉണ്ടായ ഒരു ആഘാതത്തിൽ മനസ്സ് തകര്ന്ന ഒരു സംഗീതജ്ഞ സ്വന്തം വീടും നാടും ഉപേക്ഷിച്ചു ദൂരെ എവിടെയോ അജ്ഞാത വാസം നയിക്കുന്നു.  അവരുടെ കാമുകനായ സംഗീതജ്ഞൻ അവരെ പിന്തുടർന്ന് അവരുടെ വാസ സ്ഥലം കണ്ടു പിടിക്കുന്നു.  ഒരു കോഫീ സ്ടാളിൽ നടക്കുന്ന കാര്യങ്ങളാണ് ഇവിടെ പ്രതിപാദിക്ക പെട്ടിട്ടുള്ളത്.  സ്ടാളിൽ രണ്ടു പേരും അഭിമുഖമായി ഇരിക്കുന്നു.   നായകൻ ചോദ്യങ്ങൾ ചോദിക്കുമ്പോൾ നായിക തന്റെ കയ്യിലുള്ള ഒരു പഞ്ചസാര കട്ട കാപ്പിയിലേക്ക് താഴ്ത്തി കാപ്പിയെ ബ്ലോട്ട് ചെയ്തു എടുക്കുകയാണ്.  അവരുടെ ശ്രദ്ധ മുഴുവൻ അതിലാണ്.  ആ രംഗം അവിടെ അവസാനിക്കുന്നു.

പിന്നീട് ഈ രംഗത്തെ കുറിച്ച് ചോദിച്ചപ്പോൾ കിസ്ലോ വിസ്കി പറഞ്ഞത് ഇതാണ്. നായിക എല്ലാ തരത്തിലും തന്നിലേക്ക് ഒതുങ്ങി കൂടുകയാണ് എന്ന് കാണിക്കാനാണ് താൻ ഈ പഞ്ചസാര കട്ടയും, അതിലേക്കു വലിചെടുക്കപ്പെടുന്ന കാപ്പിയുടെ ദ്രാവകവും സൃഷ്ടിച്ചത്.  അവർ അതിലേക്കു മാത്രമേ ശ്രദ്ധിക്കുന്നുള്ളൂ.  താൻ ഇതിൽ ഒതുങ്ങുകയാണ്.  എനിക്ക് മറ്റൊന്നിലും താല്പര്യമില്ല എന്ന് തന്റെ കാമുകനോട് അവർ പരോക്ഷമായി പറയുകയാണ്‌. പക്ഷെ അവിടെ ഒരു കുഴപ്പമുണ്ട്.  സാധാരണ മാർകറ്റിൽ കിട്ടുന്ന പഞ്ചസാര കട്ടകൾ പരിശോധിച്ചപ്പോൾ മനസ്സിലായത്‌ അവ മുഴുവനായി കാപ്പി കൊണ്ടു പൂരിതമാകാൻ മൂന്നു മിനുട്ടിൽ കൂടുതൽ സമയം വേണം എന്ന്.  അത്രയും നേരം ഒരു രംഗം വലിച്ചു നീട്ടുക എന്നുള്ളത്  പ്രേക്ഷകനെ മടുപ്പിക്കും എന്ന് ഉറപ്പാണ്.  അപ്പോൾ ആകെ ഉള്ള വഴി വളരെ വേഗം കാപ്പി വലിച്ചെടുക്കുന്ന ഒരു പഞ്ചസാര കട്ട സൃഷ്ടിചെടുക്കലാണ്.  കുറെ ശ്രമിച്ചപ്പോൾ അങ്ങനെ ഒരു കട്ട എനിക്ക് കിട്ടി. അത് വെറും ഒരു മിനുട്ട് കൊണ്ടു കാപ്പിയെ വലിച്ചെടുക്കുന്നു എന്ന് മനസ്സിലായി.

(ഞാൻ ഇത് ഇവിടെ എഴുതി ചേർത്തത് ആ രംഗത്തിന്റെ മനോഹാരിത നിങ്ങളെ ബോധിപ്പിക്കാൻ വേണ്ടി മാത്രമല്ല.   ഒരു സംവിധായകന്റെ കണ്ണ് എവിടെ ഒക്കെ എത്തി പ്പെടുന്നു എന്ന് കാണിക്കാനാണ്.  സിനിമ കാണുന്ന നമ്മളൊക്കെ അത് വളരെ സിമ്പിൾ ആയ രംഗമായി കണക്കാക്കുന്നു.  പക്ഷെ അത് അങ്ങനെ അല്ല.
രംഗങ്ങളുടെ ദൈർഘ്യവും അത് അനുവാചകനിൽ ഉണ്ടാക്കാനിടയുള്ള അസന്തുഷ്ടി പോലും കിസ്ലോവിസ്കി ഇവിടെ പഠന വിധേയമാക്കുകയാണ്.   ആൽമഡോവരിന്റെ talk to her  എന്ന സിനിമയിലെ അവസാന രംഗത്തിൽ , മാർക്കോ എന്ന പത്ര പ്രവർത്തകൻ താൻ പുതുതായി നയിക്കാൻ പോകുന്ന ജീവിതം എങ്ങനെ ഇരിക്കും എന്ന് ഒരു ബാലെ നര്ത്തകി ചോദിച്ചപ്പോൾ പറയുന്ന ഉത്തരം. it is simple  എന്നാണു.
പക്ഷെ അതിനു നർത്തകിയുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു.  nothing is simple. i am a ballet mistress

എന്നെ വല്ലാതെ ആകര്ഷിച്ച ഒരു പ്രയോഗം ആണ് ഇത്.  റഷ്യൻ ബാലെ കാണുമ്പോൾ എന്നെ വളരെ അധികം ആകര്ഷിച്ചതു അതിന്റെ അസാമാന്യമായ ഒരു തരം ഒഴുക്കാണ്.  വളരെ സിമ്പിൾ ആയ ഒഴുക്ക്.   പക്ഷെ അത് അങ്ങനെ ആകാൻ എത്ര എത്ര വര്ഷങ്ങളിലെ പരിശ്രമം വേണമെന്ന് നമുക്ക് ഒക്കെ അറിയാം.  അനായാസതയും , ക്ളിഷ്ടതയും ഒന്നിച്ചു പ്രതിഫലിപ്പിക്കാൻ ബാലെ തന്നെയാണ് നല്ലത് എന്ന് തോന്നുന്നു.

No comments:

Post a Comment