Tuesday, 2 June 2015

പശു പോത്ത് ആട് കോഴി മുതൽ കൊതുക് വരെ

നമ്മുടെ അപ്പുറത്തുള്ള മലയാളം മാഷായ ചാത്തു  പറയുന്നത്, പശു എന്ന വാക്കിന്റെ അർഥം മൃഗം എന്ന് ആയതിനാൽ പശു ഹത്യ പാടില്ല എന്നതിന്റെ അർഥം മൃഗ ഹത്യ പാടില്ല എന്നാണു.  അത് ശരിയോ തെറ്റോ എന്ന് തീരുമാനിക്കേണ്ടത് ആടിനെ തിന്നുന്ന പശു (മൃഗം എന്ന അർത്ഥത്തിൽ അല്ല, സാദാ പശു എന്ന അർത്ഥത്തിൽ) പ്രേമികൾ ആണ്.  പക്ഷെ അവർ അത് സമ്മതിച്ചു തരികയില്ല എന്ന് ഞാൻ ധരിക്കുന്നു.

അത് എന്ത് തന്നെ ആയാലും , ഈ അടുത്ത കാലത്ത് നമ്മുടെ നാട്ടിൽ വളരെ ഏറെ കോളിളക്കം സൃഷ്‌ടിച്ച കൊലപാതകങ്ങൾ ആയിരുന്നല്ലോ ഇവയൊക്കെ.  നമ്മുടെ നാട്ടിലെ (കേരളത്തിലെ)  സ്ഥിരം പശു തീനികളിൽ പലരും  , ഈ ഒരു പ്രസ്ഥാനത്തെ ശക്തി യുക്തം ന്യായീകരിച്ചിട്ടുണ്ട് എന്നാണു ഞാൻ മനസ്സിലാക്കിയത്.  അത് ഒരു പ്രത്യേക പ്രദേശത്തിന്റെ പ്രശ്നം മാത്രമാണ് എന്നും ആ പ്രദേശത്തിന്റെ നാലതിരുകൾക്ക് ഉള്ളിൽ മാത്രമേ അതിനു പ്രാബല്യം ഉള്ളൂ എന്നും ഈ വാദഗതിക്കാർ ആത്മാര്തമായി വിശ്വസിക്കുന്നു.  ഈ നാലതിരുകൾക്ക് ഉള്ളിൽ വാഴുന്നവർക്കും, പശുവിനെ തിന്നണം എന്ന് തോന്നുമ്പോൾ അതിർത്തികടന്ന് വരാവുന്നതെ ഉള്ളൂ എന്നും അവർ പറയുന്നു.  തലശ്ശേരിക്കാര് സ്ഥിരമായി മാഹിയിൽ കറങ്ങി അടിച്ചു കറങ്ങി വരുന്നത് പോലെ. ചുരുക്കി പറഞ്ഞാൽ നിസ്സഹായയായ ഈ പശുവിനോട്‌ ആർക്കും പ്രത്യേകിച്ച്  പ്രേമം ഒന്നും ഇല്ല എന്ന് തോന്നി പോകുന്നു.

വ്യക്തി പരമായി പറയുകയാണെങ്കിൽ ഞാനും ഒരു പശു തീനി തന്നെ ആയിരുന്നു.  ആ ഒരു ദിവസം വരെ.  വർഷങ്ങൾക്കു മുന്പുള്ള ആ ഒരു ദിവസം വരെ.  അന്ന് മത്സ്യം വാങ്ങാൻ മാർകറ്റിൽ പോയ നേരത്താണ് അപ്പുറത്തുള്ള  അറവു ശാലയുടെ മുന്നിൽ ഒരു പശു കുട്ടി നില്കുന്നത് കണ്ടത്.  അതിൽ പ്രത്യേകതകളൊന്നും ഇല്ല. ഇതിനു മുന്പും ഞാൻ അതൊക്കെ കണ്ടിട്ടുണ്ടാകണം.  പക്ഷെ ഇന്ന് , അതായത് ഞാൻ മീൻ വാങ്ങാൻ നിന്ന ആ വേളയിൽ അത് അറക്കപ്പെടാൻ വേണ്ടി അറവു ശാലയ്ക്ക് ഉള്ളിലേക്ക് ആരുടെയോ കൈകളാൽ വലിക്കപ്പെടുകയാണ്. ഞാൻ അത് കാണുന്നുണ്ട്.  മാത്രവുമല്ല ആ ജീവിയുടെ ദയനീയമായ കരച്ചിലും എന്റെ ചെവികളിൽ എത്തുന്നുണ്ട് .  മുറിക്കുള്ളിലേക്ക് കടക്കുന്നതിനെ അത് അതിനാൽ കഴിയുന്ന രീതിയിൽ പ്രതിരോധിക്കുന്നുണ്ടായിരുന്നു.  കൊലമരത്തിലേക്ക് നടക്കുന്ന ഒരു മനുഷ്യൻ പിടക്കുന്നത്‌ പോലെ.  ഞാൻ മീൻ വാങ്ങാതെ വീട്ടിലേക്കു തിരിച്ചു പോന്നു .  അന്ന് ഞാൻ പശുവിനെ തിന്നുന്നത് നിർത്തി.

പക്ഷെ അത് കൊണ്ടു മീനുകൾ രക്ഷപ്പെട്ടില്ല എന്നതാണ് സത്യം.  മീൻ മാർകറ്റിലെ മേശമേൽ അവ മരിച്ചു വീണിട്ടു മണിക്കൂറ്കളോ ദിവസങ്ങളോ ആയി. മറ്റുള്ളവരിൽ സഹതാപം പടർത്താൻ മാത്രം ഒന്ന് പിടക്കാൻ പോലും കഴിയാത്ത പാവങ്ങൾ.  ഒരു മൃഗ സ്നേഹിയായ എന്റെ സഹതാപം പിടിച്ചു പറ്റാനാവാതെ ഇനിയും അവ മരിച്ചു വീണു കൊണ്ടെ ഇരിക്കും.

വൈകുന്നേരങ്ങളിൽ ഞാൻ വീടിന്റെ ഇറയത്തു ഇരിക്കുന്നത് കൊതുകടി എല്ക്കാനാണ്.  അതിനേക്കാൾ എന്ത് കൊണ്ടും രസം കൊതുകുകളെ കൊല്ലുന്നതാണ്.  ഞാൻ ഇടം കണ്ണ് കൊണ്ടു കൊതുകിന്റെ യാത്ര നിരീക്ഷിച്ചു കൊണ്ടെ ഇരിക്കും.  കൊതുക് എന്റെ മേലെ കേറി ഇരിക്കലും അതിന്റെ മരണവും ഒരുമിച്ചായിരിക്കും.  ഹോ അതിന്റെ രസം പറയാതിരിക്കുകയാവും ഭേദം.  ഇന്ന് നമ്മള് കൊതുകുകളെ കൂട്ടമായി കൊല്ലാൻ ഒരു ബാഡ്മിന്റൻ ബാറ്റ് കണ്ടു പിടിച്ചിട്ടുണ്ട്.  ഇവിടെ കൊതികിന്റെ മരണം കുറച്ചു കൂടെ കലാപരമാണ്. അവിടെ മരണം ഒരു അടിയിൽ അവസാനിക്കുന്നു എങ്കിൽ, ഇവിടെ അത് ഒരു പൊട്ടിത്തെറിയിൽ അവസാനിക്കുന്നു.

പിന്നെ നമ്മൾ എന്തിനെ ഒക്കെ കൊല്ലുന്നു. പല്ലുകളുടെ ഇടയിലെ കീടാണുക്കളെ നാം എന്നും പ്രഭാതങ്ങളിൽ അമർച്ച ചെയ്യുന്നു.  നമ്മുടെ കാൽ നട യാത്രകളിൽ ആരൊക്കെ അരഞ്ഞു തീരുന്നുണ്ട് എന്ന് നാം ശ്രധിക്കുന്നെ ഇല്ല.  പിന്നെ ബാക്ടീരിയകൾ , വൈറസ്സുകൾ,  അവയെ കൊല്ലാൻ ആന്റി  ബയോട്ടിക്കുകൾ.  എണ്ണിയാൽ തീരാത്ത കൊലപാതകങ്ങളുടെ ഉടമകൾ ആണ് നാം ഇന്ന്.  അതിനിടയിൽ ഒരു ആഘാതം പോലെ മറ്റൊന്ന്. അതും നമ്മടെ ഒരു നാട്ടുകാരാൻ കണ്ടു പിടിച്ചത്. സസ്യങ്ങൾക്കും ജീവനുണ്ട് അത്രേ.

അടുത്തത് --- (കൊലപാതകങ്ങളുടെ തത്വ ശാസ്ത്രം)

No comments:

Post a Comment