Monday, 23 February 2015

നിശ്ചയം 2014 അഥവാ മോതിരം മാറൽ കം നിശ്ചയം 2014

നിശ്ചയം 2014 അഥവാ മോതിരം മാറൽ കം നിശ്ചയം 2014

2014 ആകുമ്പോഴേക്കു നമ്മുടെ കല്യാണ പരിപാടിയുടെ ഒരു ഭാഗം അതിൽ നിന്ന് വേർപെട്ടു പോകുന്നതാണ് നാം കാണുന്നത്. വേർപെട്ടു പോകുന്ന മോതിരം മാറൽ എന്ന ആചാരം ഇപ്പോൾ നിശ്ചയം എന്ന പഴയ ആചാരത്തോട് ചേർന്ന് പോകുന്നതും ചിലയിടത്തും കാണാം. നമ്മുടെ നാട്ടിൽ നിന്ന് അന്യം നിന്ന് പോകുന്ന നാടകം എന്ന കലയെ പലപ്പോഴും നമ്മുടെ ഈ മോതിരം മാറൽ ചടങ്ങ് അനുസ്മരിപ്പിക്കുന്നു എങ്കിൽ അതിൽ അത്ബുധപ്പെടെണ്ട കാര്യമില്ല. കാരണം ഇപ്പോൾ അത് ഏകദേശം അങ്ങനെ തന്നെ ആണ്. ചിലയിടങ്ങളിൽ അത് നാടകം, ടീ വീ പ്രോഗ്രാം ഇവയെ പോലെയും തോന്നിയേക്കാം. ചിലത് തെരുവ് നാടകങ്ങളെ പോലെയും. ഒരു ഉദാഹരണം താഴെ കൊടുക്കാം.

നഗരത്തിലെ അതി വിശാലമായ ഒരു കല്യാണ ഹാൾ. മുന്നിലുള്ള സ്റ്റേജിൽ ഇടതു വശത്ത് ഒന്ന് രണ്ടു മേശകളും ഏതാനും കസേരകളും ഒരു ചർച്ചാ വേദിയിൽ എന്ന പോലെ ഒരുക്കിയിരിക്കുന്നു. സ്റ്റേജിൽ വലതു വശത്ത് പുഷ്പങ്ങൾ കൊണ്ടു അലങ്കരിച്ച ഒരു ചെറിയ പന്തലും അതിനുള്ളിൽ രണ്ടു സിംഹാസനങ്ങളും. സ്റ്റേജ് നിറയെ സ്പോട്ട് ലൈറ്റുകൾ, റിഫ്ലെക്ടരുകൾ, എന്നിവ സ്ഥാപിച്ചിട്ടുണ്ട്.

രംഗം ഒന്ന് :

സ്റെജിന്റെ വലതു വശത്തുകൂടെ ഒന്ന് രണ്ടു പേര് കറുത്ത എന്തോ സാധനങ്ങളും എടുത്തു കൊണ്ടു നടന്നു വരുന്നു. ഹാളിന്റെ പിന്നിൽ ഇരുന്നവർക്കു അത് അയ്യപ്പന്മാരുടെ ഇരുമുടി കേട്ട് പോലെ തോന്നുമെങ്കിലും, മുന്നിലുള്ളവർക്ക് അത് വീടിയോ ക്യാമറകൾ ആണെന്ന് എളുപ്പം മനസ്സിലാകും. അവർക്ക് പിന്നാലെ രണ്ടു വിളക്കു കാലുകൾ നടന്നു വരുന്നു. ഉദ്ദേശ്യം അതെ സമയത്ത് തന്നെ സ്റെജിന്റെ ഇടതു ഭാഗത്ത്‌ കൂടെ കുറെ ചെറിയ ഇരുമുടി കെട്ടുമായി നാലഞ്ചു പേർ നടന്നു വരുന്നു. ക്യാമറ എന്ന ഉപകരണം ആണ് അവരുടെ കയ്യിൽ ഉള്ളതെന്ന്, സാകൂതം വീക്ഷിച്ചാൽ നമുക്ക് മനസ്സിലാകും. പെട്ടന്ന് വലതു വശത്ത് കൂടെ വന്ന ഒരു ഇരിമുടി കെട്ടുകാരൻ നിലത്തു വീഴുന്നു. പക്ഷെ അടുത്തുള്ള ദുഷ്ടന്മാർ ആരും അത് കണ്ടു ഞെട്ടുന്നില്ല. എന്താണ് സംഭവം എന്ന് നിങ്ങൾ അത്ബുധപ്പെടുംബോഴാണ് നിങ്ങൾ അറിയുന്നത് അയാള് വീഴുക മാത്രമല്ല വീണുരുളുകയും ചെയ്യുകയാണെന്ന്. അപ്പോഴും അദ്ദേഹം ക്യാമറ ബലമായി പിടിച്ചു എന്തൊക്കെ ചെയ്യുകയാണ്. സംഭവം അപ്പോഴാണ്‌ മനസ്സിലായത്‌ . അയാള് നിലത്തു വച്ച വസ്തുക്കളെ (നിലവിളക്ക്, നിറപറ .......) അവയുടെ അതെ നിലവാരത്തിലേക്ക് ഇറങ്ങി വന്നു (ലോ ഹെൽഡ് ക്യാമറ) ക്യാമറയിൽ പിടിക്കുകയാണ്. വലതു വശത്തുള്ളവർ ഓരോരുത്തരായി അങ്ങനെ വീഴുകയും തങ്ങൾക്കു തോന്നിയപോലെ ഉരുളുകയും പിരളുകയും ചെയ്തു കൊണ്ടിരിക്കുമ്പോൾ അപ്പുറത്തുള്ള ചെറിയ ഇരു മുടി കേട്ടുകാരും അവരുടെതായ തോന്ന്യവാസങ്ങൾ നടത്തി കൊണ്ടിരിക്കുന്നത് നമുക്ക് കാണാം. പെട്ടന്ന് ഇവർ ഏവരെയും, കാണികളായ നമ്മളെയും ഞെട്ടിച്ചു കൊണ്ടു മൈക്ക് പിടിച്ചു ഒരാള് സ്റെജിന്റെ നടുവിൽ വരുന്നു. ഹാളിൽ പരിപൂർണ നിശബ്ദത.

എം പി എ (മൈക് പിടിച്ച ആളുടെ ചുരുക്ക പേര്) : സുഹൃത്തുക്കളെ, ബന്ധുക്കളെ , നാട്ടുകാരെ (വളരെ അർത്ഥവത്തായ ഒരു പ്രയോഗമാണ് ഇത്. ഇന്ന് നഗരത്തിലെ മിക്ക പരിപാടികൾക്കും ക്ഷണിക്കപ്പെട്ട അഥിതികളെക്കാൾ ക്ഷണിക്കപെടാത്ത നാട്ടുകാരാണ് പുട്ടടിച്ചു പോകുന്നത് ) ഇന്ന് നമ്മൾ ഇവിടെ കൂടിയിരിക്കുന്നത് ചിരക്കരയിൽ മണ്ടോടി യിൽ താമസിക്കുന്ന കോരൻ ചിരുത ദമ്പതികളുടെ മകൻ മാരനും വടക്കുമ്പാട് പറമ്പത്ത് (ഇത് വീട്ടുപേരാണ്‌) താമസിക്കുന്ന ചാത്തു ജാനു ദമ്പതികളുടെ മകൾ ചക്കിയും തമ്മിലുള്ള വിവാഹത്തിന്റെ മുന്നോടിയായി നടത്തപ്പെടുന്ന മോതിരം മാറൽ കം നിശ്ചയം എന്ന ചടങ്ങാണ്. (മേൽ പ്രസ്താവനയിൽ നിന്ന് വധൂ വരന്മാരുടെ നക്ഷത്രം വിട്ടു കളഞ്ഞത് പ്രത്യേകം ശ്രദ്ധിക്കുക. നമ്മള് ഇന്ന് മാനത്ത് കാണുന്ന നക്ഷത്രങ്ങളിൽ മിക്കവയും പണ്ടെന്നോ നശിച്ചു പോയവ ആണെന്നുള്ള ശാസ്ത്രീയമായ അറിവിന്‌ നമ്മുടെ പുതു തലമുറ അംഗീകാരം കൊടുത്തിരിക്കുന്നു).. വധുവിന്റെ വീട്ടുകാര് ഇവിടെ നേരത്തെ എത്തിയിട്ടുണ്ട്. ഇപ്പോൾ ഇതാ മുന്നിലുള്ള വാതിൽ വഴിയായി വരന്റെ വീട്ടുകാരും കടന്നു വരികയാണ്. അവരെവരെയും ഞാൻ പറമ്പത്ത് വീട്ടുകാർക് വേണ്ടി ഈ വേദിയിലേക്ക് സ്വാഗതം ചെയ്യുന്നു. വരന്റെ ബന്ധുക്കളായ നിങ്ങൾ ഏവരെയും ഞാൻ ഈ സ്റ്റേജിൽ ഉപവിഷ്ടരാകാൻ ക്ഷണിക്കുകയാണ്.

(ഇത് കേൾക്കേണ്ട താമസം, കൊട്ടും സൂട്ടും ഇട്ട കുറെ പേര് കാണികളുടെ ഇടയിൽ നിന്ന് സ്ടജിലേക്ക് കയറി പോയി)


രംഗം 2

കർട്ടൻ ഉയരുമ്പോൾ (ഒരു നാടകീയതക്കു വേണ്ടി പറഞ്ഞതാണ് ) സ്റെജിന്റെ ഇടതു ഭാഗത്തുള്ള കസേരകളിൽ ഇരുപുറവുമായി കുറെ പേര് ഇരിക്കുന്നത് കാണാം. (ഏതോ ഒരു ഇംഗ്ലീഷ് സിനിമയിലെ യുദ്ധ രംഗത്തിന്റെ ബാക്ക് ഗ്രൌണ്ട് മ്യൂസിക്‌ ഇപ്പോൾ മൈക്കിലൂടെ കേൾക്കാം) എല്ലാവർക്കും ഉദാസീന ഭാവം. ഇതൊക്കെ ഒന്ന് തീർന്നു കിട്ടിയാൽ മതി എന്ന് എല്ലാവരും വിചാരിക്കുന്നത് പോലെ തോന്നും. ഒരു റൌഡി യെ പോലെ തോന്നിക്കുന്ന ഒരാള് ഒരു കടലാസ് നോക്കി എന്തൊക്കെയോ വായിക്കുകയും, മറ്റുള്ളവർ എല്ലാവരും ഒരുപോലെ അത് ശ്രധിക്കാതിരിക്കുകയും ചെയ്യുന്നു. വായന കഴിഞ്ഞ ഉടൻ അയാള് എഴുന്നേറ്റു ഫുട് ബാൾ കളിയിൽ സ്വന്തം ടീം ജയിച്ചാൽ കാണികൾ കാണിക്കുന്നത് പോലെ കയ്യിലുള്ള വെളുത്ത കടലാസ് ഉയർത്തിപിടിച്ചു തങ്ങൾ ജയിച്ചതായി പ്രഖ്യാപിക്കുന്നു. അതിനു ശേഷം ഈ തുണ്ട് കടലാസ് എം പീ എ യെ ഏൽപ്പിക്കുന്നു.

എം പീ എ : അങ്ങനെ നമ്മുടെ നിശ്ചയം എന്ന ചടങ്ങ് അവസാനിച്ചിരിക്കുകയാണ്. വിവാഹം അടുത്ത വർഷം അന്ത്യത്തിൽ അതായത് നവംബർ മാസം നാലിന് ഇതേ വേദിയിൽ വച്ച് തന്നെ നടത്താൻ തീരുമാനിച്ച വിവരം സന്തോഷ സമേതം അറിയിക്കുന്നു. തിന്നാൻ വരുന്ന ആൾക്കാരുടെ എണ്ണം ഇപ്പോൾ പ്രഖ്യാപിക്കുന്നില്ല. കാരണം ഈ ദീർഘമായ കാലഘട്ടതിനിടക്ക് നമുക്ക് ഉണ്ടാകാനിടയുള്ള പുതിയ സുഹൃത്തുക്കളുടെ എണ്ണം നേരത്തെ നമുക്ക് .കണക്കു കൂട്ടി എടുക്കാനാവില്ലല്ലോ. പരിപാടിയിലെ അടുത്ത ഇനം മോതിരം മാറൽ ആണ്
(പാശ്ചാത്തലത്തിൽ ഒരു ശോക ഗാനത്തിന്റെ ഈരടികൾ കേൾക്കാൻ തുടങ്ങുന്നു )
എം പീ എ തുടരുന്നു : ആദ്യമായി കാണികളായ നിങ്ങളെല്ലാം കയ്യടിച്ചു വധൂ വരൻമ്മാരെ പ്രോത്സാഹിപ്പിക്കണം എന്ന് അഭ്യർത്ഥിക്കുന്നു . (കുറച്ചു മൂരാച്ചികൾ ഒഴിച്ച് ബാക്കി ഉള്ളവരെല്ലാം കയ്യടിക്കുന്നു) . വധൂ വരന്മാരായ നിങ്ങൾക്ക് ഇനി ഈ വേദിയിലേക്ക് കടന്നു വരാവുന്നതാണ്.

സ്പോട്ട് ലയിറ്റുകൾ സ്റെജിന്റെ രണ്ടു മൂലകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. പാശ്ചാത്തലത്തിൽ ഒരു സസ്പെൻസ് മുസിക്. വലതു വശത്ത് കൂടെ വരനും ഇടതു വശത്ത് കൂടെ വധുവും , താന്താങ്ങളുടെ തോഴന്മാരാലും, തോഴിമാരാലും അനുഗമിക്കപ്പെട്ടു മെല്ലെ സ്റെജിന്റെ നടുവിലുള്ള ലതാ നികുഞ്ഞത്തിലേക്ക് നടന്നടുക്കുകയും അവിടെ ഒരുക്കി വച്ച സിംഹാസനത്തിൽ ഉപവിഷ്ടരാകുകയും ചെയ്യുന്ന നേരത്ത് പാർശ്വ ഭാഗങ്ങളിൽ എന്തോ ലഹള. സൂക്ഷിച്ചു നോക്കിയപ്പോൾ മനസ്സിലായത്‌ ലഹള അല്ല, സ്ഥാനം ഉറപ്പിക്കാൻ വേണ്ടിയുള്ള ഫോട്ടോ പിടുത്ത ക്കാരുടെ തിരക്കാണ് എന്ന്. കുറച്ചു സമയം കഴിഞ്ഞു ഇവരെവരും വധൂവരന്മാർക്കു എതിർ വശം പന്തലിനു മുന്നില് വരിവരിയായി നിൽകുന്നത് കാരണം കാണികൾ ഇനി അങ്ങോട്ട്‌ കാണുന്നത്, മോതിരം മാറൽ ചടങ്ങിനു പകരം കുറെ എണ്ണത്തിന്റെ ചന്തികൾ മാത്രമായിരിക്കും.

എം പീ എ : അങ്ങനെ മോതിരം മാറൽ ചടങ്ങ് ഒരു വിധം തീർന്നു കിട്ടി. ഇനി വധൂ വരന്മാർ , അപ്പീ ബിസ്കറ്റ് കമ്പനി അവർക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ മോതിരം മാറൽ കേക്ക് മുറിക്കുന്നതായിരിക്കും. മുറിക്കാൻ വേണ്ട കത്തി, വിശിഷ്ടാഥിയായ കത്തി ബാബു വധുവിനെ എല്പ്പിക്കുന്നതായിരിക്കും. കത്തി ബാബു കത്തിയുമായി സ്റെജിൽ വരാൻ അഭ്യർത്ഥിക്കുന്നു.

(മുൻ നിരയിൽ ഇരിക്കുകയായിരുന്ന കത്തി ബാബു അത് കേട്ട ഉടൻ ഉറയിൽ നിന്ന് കത്തി ഊറി ഒരു ഗുണ്ടയെ പോലെ സ്റെജിലേക്ക് നടന്നു കയറി കത്തി വധുവിന്റെ കയ്യിൽ ഏൽപ്പിക്കുന്നു. വധുവും വരനും പ്രസ്തുത കത്തി ഉപയോഗിച്ച് കേക്കിന്റെ വയറു കീറി മുറിക്കുകയും, മുറിച്ചെടുത്ത മാംസ കഷണത്തിൽ ഒരെണ്ണം വധു വരന്റെയും, വരൻ തിരിച്ചും വായകളിൽ വച്ച് കൊടുത്തു കൊണ്ടു ഈ കലാപരിപാടി അവസാനിക്കുന്നു.)

ഹാളിൽ ഇപ്പോൾ ഉന്തും തള്ളുമാണ്. വേഗം ഭക്ഷണം കഴിച്ചു പോകാനുള്ള മനുഷ്യരുടെ പരാക്രമമാണ്. ഏതു കലാപരിപാടിയിലും ഭക്ഷണത്തിന് എന്നും വളരെ മാന്യമായ സ്ഥാനമാനല്ലോ ഉണ്ടായിരുന്നത്.

No comments:

Post a Comment