Sunday, 1 February 2015

ഭാവാഭിനയവും ഘോരാട്ടഹാസവും

നമ്മുടെ സിനിമ സീരിയൽ കലാകാരൻമ്മാർക്കു നാടകവും സിനിമയും തമ്മിലുള്ള അന്തരം ശരിക്കും മനസ്സിലായില്ല എന്ന് തോന്നുന്നു. അത് കൊണ്ടു ഞാൻ അത് നിങ്ങളെ പഠിപ്പിക്കുവാൻ പോകുകയാണ്. ഒരു നാടക സ്റെജും ഒരു സിനിമ സ്ക്രീനും ഒരു സൌകര്യത്തിനു വേണ്ടി ഒരു പോലെ ആണെന്ന് ഞാൻ ധരിക്കുകയാണ്. അതിന്റെ മുന്നില് ഞങ്ങളൊക്കെ ഇരിക്കുകയാണ്. കുറെ പേര് ഒരു അഞ്ചു മീറ്റർ അടുത്തു , കുറെ പേര് ഒരു മുപ്പതു മീറ്റർ പിറകിൽ. ഓരോ പ്രേക്ഷകനും ശരാശരി പതിനഞ്ചു മീറ്റർ അകലെ. അങ്ങനെ ഇരിക്കെ നാടക സ്റെജിലെ ഒരു നടന്റെ മുഖത്ത് വേദനയുടെയോ, സന്തോഷത്തിന്റെയോ ഒരു ഭാവ പകർച്ച ഉണ്ടാകുന്നു എന്ന് ധരിക്കുക. ഒന്നാമത്തെ വരിയിൽ ഇരിക്കുന്ന ചാത്തു ഈ പകർച്ച കൃത്യമായും കാണുന്നു എങ്കിൽ, മുപ്പതു മീറ്റർ പുറകിൽ നിൽക്കുന്ന ഗോപാലൻ അങ്ങനെ ഒരു സംഭവമേ അറിയുന്നില്ല. നാടകം കഴിഞ്ഞു നടന്റെ അപാര ഭാവാഭിനയത്തെ കുറിച്ച് ചാത്തു സംസാരിക്കുകയായിരുന്നപ്പോൾ ഗോപാലൻ ആകാശം നോക്കി നിന്നു. താൻ കാണാത്തതിനെ കുറിച്ച് താൻ എന്ത് പറയാനാണ്. ഈ പ്രശ്നം എല്ലാ നാടകക്കാര്ക്കും അറിയാവുന്നത് കൊണ്ടാണ്, അവർ ഇപ്പോൾ ഈ ഭാവത്തിന്റെ പരിപാടി നിർത്തിയത്. അതിനു പകരം സ്റെജിൽ ഇപ്പോൾ കൂട്ട കരച്ചിൽ ആണ്. ഒരു സിമ്പിൾ കരച്ചിൽ ആണെങ്കിൽ നേരത്തെ പറഞ്ഞത് പോലെ നമ്മുടെ മുപ്പതാം മീറ്ററിൽ നില്ക്കുന്ന ഗോപാലാട്ടന് അതൊരു ചിരിയായി തോന്നാൻ ഇടയുണ്ട്. അത് കൊണ്ടാണ് കൂട്ട കരച്ചിൽ. സ്വം എന്ന സിനിമയിലെത് പോലെ.
പക്ഷെ സിനിമയിൽ എത്തുമ്പോൾ സംഗതി ആകെ മാറി. അവിടെ നമ്മളെല്ലാരും കമ്മ്യൂണിസ്റ്റ്‌കാർ. സ്റെജിൽ നിന്നു(സ്ക്രീനിൽ നിന്നു ) എല്ലാവർക്കും സമദൂരം . പത്തു രൂപയുടെ തറ ടിക്കറ്റ് ആയാലും കോണിക്ക് മേലെ ഉള്ള ബാൽകോണി ആയാലും , കഥാനായകന്റെ പുരികം വളയുന്നത് പോലും തുല്യമായി എല്ലാവർക്കും കാണാം. കൂട്ട കരച്ചിലിന്റെ ആവശ്യമില്ല. നായിക ഒന്ന് വിതുംബുമ്പോഴേക്കും ബാൽകൊണിയിലെ ശാരദയും, തറയിലെ പാറുവും ഒരു പോലെ കരയാൻ തുടങ്ങി. ഈ ഒരു വ്യത്യാസമാണ് എന്റെ സിനിമാക്കാരാ/സീരിയൽ കാരാ നീ അറിയാതെ പോയത്. ഇവിടെ ഘോരാട്ടഹാസങ്ങളോ അപാര ഡായലോഗുകളോ ഒന്നും പാടില്ല. വെറും   ഒരു മൂളൽ മാത്രം. അതാണ്‌ അതിന്റെ സ്റ്റൈൽ . അതിനു പകരം നാം ഇവിടെ കാണുന്നത് പ്രസംഗങ്ങൾ മാത്രമായി പോയി. സിനിമ സിനിമ ആണെന്നും നാടകം നാടക മാണെന്നും എപ്പോഴും ഓർത്തു കൊണ്ടെ ഇരിക്കുക.

No comments:

Post a Comment