Tuesday, 3 February 2015

വിലക്കയറ്റവും നാമും

കേരളത്തിൽ അങ്ങോളമിങ്ങോളം യാത്ര ചെയ്യുന്നവർക്ക് അറിയാം ഉച്ച ഭക്ഷണത്തിന് അവർ ഹോടലുകളിൽ കൊടുക്കുന്ന പണം എത്രയാണെന്ന്. പണ്ടു തിരുവനന്തപുരത്ത് നിന്ന് നാട്ടിലേക്ക് വരുമ്പോൾ പരിചയപ്പെട്ട ഒരു തൃശൂര് കാരൻ കുശലാന്വേഷണങ്ങൾ ക്കിടയിൽ എന്നോട് ഇങ്ങനെ ചോദിച്ചു. 'നിങ്ങളുടെ നാട്ടുകാര് ഉച്ച ഭക്ഷണത്തിന് ഇത്ര കുറച്ചു വില വാങ്ങിക്കുന്നത് എന്ത് കൊണ്ടാണ് എന്ന്. ശരിയാണ് ഇന്നും തലശ്ശേരിയിൽ ഊണിനു 30 രൂപ മാത്രം വാങ്ങുമ്പോൾ , കഴിഞ്ഞ ആഴ്ച ഒരു ദീർഘ യാത്ര പോയ എനിക്ക്‌ പല ഇടങ്ങളിലായി ചോറിനു കൊടുക്കേണ്ടി വന്നത് 60 രൂപ മുതൽ 100 രൂപ വരെയാണ്. തലശേരിയിൽ കിട്ടുന്നതിലും മോശമായ ഊണിനു. ഇന്ന് തലശ്ശേരിക്കാരൻ ഊണിനു 40 രൂപ ആക്കിയാൽ അവന്റെ കടക്കു മുന്നില് കൊടി പിടിച്ചു അനേകം പേര് ഉപരോധിക്കും. പക്ഷെ അവരാരും അറിയില്ല ഒരു ഹോട്ടൽ മുതലാളിയുടെ പ്രയാസങ്ങൾ. പണ്ടൊരിക്കൽ എന്റെ തൊഴിലാളി നേതാവായ ഒരു സുഹൃത്ത്‌ എന്നോട് പറഞ്ഞത് ഇതാണ്. എടൊ തലശ്ശേരി ബസ്‌ സ്റ്റാൻഡിൽ പണി എടുക്കുന്ന ഒരു ചുമട്ടു കാരൻ ഇവിടത്തെ ഒരു ഇടത്തരം ഹോട്ടൽ മുതലാളിയെക്കാൾ വരുമാനം ഉണ്ടാക്കുന്നുണ്ട് എന്ന്. പക്ഷെ ഹോട്ടൽ മുതലാളി ചോറിനു അഞ്ചു രൂപ കൂട്ടിയാൽ ഇവൻ കൊടി പിടിച്ചു കൊണ്ടു അതിന്റെ മുന്നിൽ ഉണ്ടാകും. ഒരു ഓട്ടോ കാരൻ എന്നോട് അഞ്ചു രൂപ അധികം വാങ്ങിച്ചു എന്ന് മനസ്സിലായാൽ ഞാൻ അയാളോട് കയർക്കാൻ പോകില്ല. കാരണം എനിക്കറിയാം അവൻ എന്റെ കയ്യിൽ നിന്ന് കൂടുതലായി വാങ്ങിച്ച ആ അഞ്ചു രൂപ കൊണ്ടു അവന്റെ കുട്ടിക്ക് ഒരു മിട്ടായ കൂടുതൽ വാങ്ങിച്ചു കൊടുക്കുക മാത്രമേ ചെയ്യുള്ളൂ എന്ന്. അത് അത്ര വലിയ പാപമായി എനിക്ക്‌ തോന്നിയിട്ടില്ല. മാത്രവുമല്ല ഒരു ടൂത്ത് പേസ്റ്റിന്റെ വില പത്തു രൂൂപ കൂട്ടിയാൽ എനിക്ക്‌ കടക്കാരനോട് കമാന്ന് ഒരക്ഷരം മിണ്ടാൻ പറ്റില്ല എന്നും എനിക്ക്‌ അറിയാം. നമ്മുടെ കൈകളിൽ നിന്ന് അധികമായി നഷ്ടപ്പെട്ടു പോകുന്നത് ആരുടെ കൈകളിലേക്ക് പോകുന്നു എന്നതിനെ കുറിച്ച് നമ്മൾ പലരും ചിന്തിക്കുന്നെ ഇല്ല. ഞാൻ ഇന്നും അനാദി സാധനങ്ങൾ വാങ്ങുന്നത് വീടിനു അടുത്തുള്ള ഒരു ചെറിയ പല ചരക്കു കടയിൽ നിന്നാണ്. പട്ടണത്തിലെ വലിയ മാളിൽ പോയാൽ ചിലപ്പോൾ എനിക്ക്‌ ഇതിലും വില കുറച്ചു സാധനം കിട്ടിയേക്കും. പക്ഷെ ഞാൻ ആ ലാഭം വേണ്ടെന്നു വെക്കുകയാണ്. കാരണം അത് വെറും ഒരു അഞ്ചോ പത്തോ രൂപ മാത്രമായിരിക്കും. അത് ഇവിടെ എന്റെ വീടിനടുത്തുള്ള അനാദി കച്ചവടക്കാരന്റെ പണപ്പെട്ടിയിൽ വീണാൽ അവന്റെ കുടുംബം അല്ലലില്ലാതെ കഴിഞ്ഞു പോകും. കൈത്തറി തകരുന്ന സ്ഥിതി വന്നപ്പോൾ ഗാന്ധി നമ്മോടു പറഞ്ഞത് വിദേശ വസ്ത്രങ്ങൾ ബഹിഷ്കരിച്ചു കൈത്തറി സ്വീകരിക്കണം എന്നാണു. നിഷ്ടം സഹിച്ചു കൊണ്ടു നാം നമ്മുടെ പാരമ്പര്യ വ്യവസായത്തെ രക്ഷിക്കണം എന്ന് പറഞ്ഞ ആ മഹാന് അറിയാം ഒരു പാവ പ്പെട്ടവനെ രക്ഷിക്കാൻ നാം ചെറിയ ഒരു നഷ്ടം സഹിച്ചേ ഒക്കൂ എന്ന്. പക്ഷെ അന്നും ഇന്നും നമ്മളാരും അത് കേട്ടില്ല.

No comments:

Post a Comment