Sunday, 1 February 2015

ദാരിദ്ര്യം ഇല്ലായ്മ ചെയ്യാനുള്ള എളുപ്പ വഴികൾ

ജനങ്ങളെ ദാരിദ്ര്യ രേഖക്ക് മുകളിലെത്തിക്കാനുള്ള എളുപ്പ വഴി ദാരിദ്ര്യ രേഖ മാറ്റി വരക്കലാണെന്നു ആരാണ് കണ്ടു പിടിച്ചത്.  അറിയില്ല.  പക്ഷെ അതിനു മുൻപേ വൃത്തി ഹീനനെരെയും, ദരിദ്രരെയും , രോഗികളെയും ഇല്ലായ്മ ചെയ്യാനുള്ള എളുപ്പ വഴി അവരെ കൊന്നു തീർക്കലാണെന്ന് മഹാനായ ഒരു ജർമൻകാരൻ കണ്ടു പിടിച്ചിരുന്നു.  പക്ഷെ ഇങ്ങനെ ഉള്ള ഒരു പരിത സ്ഥിതിയിൽ ഒരു സാദാ ഐ ആർ ഡീ പീ കാരൻ ആയ ഞാൻ അങ്ങ് സ്വയം അങ്ങ് ഇല്ലാതാവുകയാവും കൂടുതൽ നല്ലത്.  ഈ കണ്ടു പിടുത്തത്തിന്റെ പകര്പ്പവകാശം മുഴുവൻ എനിക്കാണെങ്കിലും  നമ്മുടെ നാട്ടുകാര് ഞാൻ ഇത് കണ്ടു പിടിക്കുന്നതിനു എത്രയോ മുൻപ് തന്നെ ഇത് പ്രാവർത്തികമാക്കാൻ തുടങ്ങിയതാണ്‌.  വയനാട്ടിലും അങ്ങനെ മറ്റു പല പല സ്ഥലങ്ങളിലും നാം അത് ഇത്ര നാളും കണ്ടതും, ഇനി അങ്ങോട്ട്‌ കാണാനിരിക്കുന്നതുമാണ്.  ആത്മഹത്യ പാപം തന്നെയാണ്. സംശയമില്ല.  പിന്നെ എന്ത് കൊണ്ടു പലരും ഈ പാപം ചെയ്യുന്നു. പക്ഷെ ആത്മഹത്യ ചെയ്യാൻ ഉറച്ച പലരും അപകടകാരികൾ ആയി തീരാൻ ഇടയുണ്ടെന്ന് ഞാൻ മുൻപേ ഇവിടെ എഴുതിയിരുന്നു.  അതിന്റെ അപകടങ്ങളും നമ്മൾ മുൻപേ അനുഭവിക്കാൻ തുടങ്ങിയതാണ്‌.

ആഗോള തലത്തിൽ, പ്രതി ദിനം 1.25 ഡോളറിൽ താഴെ വരുമാനമുള്ളവൻ അതി ദരിദ്രനാണ്.  അത് കേൾക്കുമ്പോൾ തന്നെ അറിയാം അതൊരു മണ്ടൻ കണക്കാണ് എന്ന്.  ഒരു ദിവസം 70 രൂപ കൂലി കിട്ടുന്നവനെ അതി ദരിദ്രനായി കണക്കാക്കേണ്ടതില്ല. പക്ഷെ ഈ കണക്കു പ്രകാരം നമ്മുടെ നാട്ടിലെ മുപ്പതു ശതമാനത്തിൽ അധികം പേര് അതി ദരിദ്ര  വിഭാഗത്തിൽ വരും.  അതായത് പുറത്തുള്ള ആളുകളുടെ കണ്ണിൽ നാം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രത്തേക്കാൾ ഒരു ദരിദ്ര രാഷ്ട്രം തന്നെയാണ്.  അത് മറക്കാൻ വേണ്ടിയാണ് വിദേശ പ്രതിനിധികൾ വരുമ്പോൾ നമ്മൾ യാചകരെ നഗരങ്ങളിൽ നിന്ന് ഓടിച്ചു കളയുന്നതും റോഡുകൾ ഒരൊറ്റ നാളത്തേക്ക് കഴുകി വൃത്തിയാക്കുന്നതും, കുണ്ട് കുഴികളുള്ള റോഡുകളിലൂടെ യാത്ര ചെയ്യാൻ അവരെ അനുവദിക്കാതിരിക്കുന്നതും.  അതൊന്നും വലിയ ഒരു തെറ്റായി കാണാൻ പറ്റില്ല. വീട്ടില് അതിഥികൾ വരുമ്പോൾ ദരിദ്രരായ നാമും ചെയ്യുന്നത് ഇതൊക്കെ തന്നെയാണ്. പൊട്ടി പൊളിഞ്ഞ മേശമേൽ പുതിയ വിരിയിട്ടു പൊലിപ്പിച്ചു വെക്കുന്നു.  നമുക്ക് തിന്നാനില്ലെങ്കിലും അതിഥിയെ ആപ്പിൾ തീറ്റിക്കുന്നു. പക്ഷെ ഒരു രാജ്യം ദരിദ്രരെ ദരിദ്രരായി നില നിർത്തുന്നതിന്റെ ആവശ്യം എന്താണ്.  അവൻ ഇല്ലാതെ നമുക്ക് സമാധാനമായി ജീവിക്കാൻ ആവില്ലേ.  സത്യമായും ഇല്ല.  കുറെ എണ്ണം ഇങ്ങനെ പട്ടിണി കിടന്നാലേ നമ്മളെ പോലെ ഉള്ളവന് മൃഷ്ടാന്നം തട്ടാൻ കഴിയുള്ളൂ എന്ന് ആർക്കാണ് അറിഞ്ഞു കൂടാത്തത്.

No comments:

Post a Comment