സിനിമാക്കാരൻ ഒരു ഗതികെട്ട കലാകാരൻ ആണ്. എനിക്ക് ഒരു പൊട്ട കവിതയെഴുതണം എന്ന് തോന്നിയാൽ ഞാൻ സോമന്റെ പീടികയിൽ നിന്ന് ഒരു രണ്ടു പായ കടലാസും ഒരു ബാൾ പോയിന്റ് പേനയും വാങ്ങിച്ചു കക്കൂസിൽ പോയിരിക്കും. അപ്പോൾ അപ്പിയോടൊപ്പം കവിതയും വന്നു കൊണ്ടെ ഇരിക്കും. അത് നിങ്ങൾക്ക് വായിക്കുകയോ വായിക്കാതിരിക്കുകയോ ചെയ്യാം. അത് നിങ്ങളുടെ സൗകര്യം. പക്ഷെ എനിക്ക് വിസര്ജിക്കാനുള്ളത് ഞാൻ വിസര്ജിച്ചു കഴിഞ്ഞു എന്നുള്ള ഒരു സമാധാനം എനിക്കുണ്ട്. പക്ഷെ ഒരു സിനിമാക്കാരന് അതുണ്ടോ. ഇല്ലേ ഇല്ല. കാരണം ഒരു സിനിമാക്കാരൻ എന്നെ പോലെ ഉള്ള പരിശുദ്ധനായ കലാകാരൻ അല്ല. അവനു ഒരു സിനിമയെടുത്തു നിങ്ങളെ കാണിക്കുകയോ കാണിക്കാതിരിക്കുകയോ ചെയ്യണമെങ്കിൽ, ആദ്യം എന്നെ പോലെ ഉള്ള ഒരു പൊട്ടൻ എഴുത്തുകാരന്റെ കാലു പിടിക്കണം. ഇനി അത് വേണ്ട എന്ന് വച്ച് സ്വയം എന്തെങ്കിലും പൊട്ടത്തരം എഴുതാമെന്നു തീരുമാനിച്ചാലോ, പിന്നെയും ഉണ്ടല്ലോ കിടക്കുന്നു വൈതരണികൾ വേറെയും. ചെണ്ട മുട്ടുന്ന ഒരുത്തൻ അപ്പുറത്ത്, ശബരിമലക്ക് പോകുന്നവന്റെ ഇരുമുടി കേട്ട് പോലെ ഉള്ള ഒരു കെട്ടും എടുത്തു നടക്കുന്ന ഫോട്ടോ പിടിയൻ മറ്റൊരു വശത്ത് , പിന്നെ ഇതൊക്കെ അഭിനയിച്ചു കാണിക്കാൻ തുനിഞ്ഞിറങ്ങിയ കുറെ എണ്ണങ്ങൾ വേറെയും .ഇങ്ങനെ എന്തൊക്കെ. ഇതിൽ ഏതെങ്കിലും ഒന്ന് കയറി ഉടക്കിയാൽ സിനിമ കുളം .
ഇതിനു എന്താണ് ഒരു മറു മരുന്ന് എന്ന് ചോദിച്ചാൽ ഒരേ ഒരു ഉത്തരമേ ഉള്ളൂ. എല്ലാം സ്വയം അങ്ങ് ചെയ്യുക. അത് കൊണ്ടാണല്ലോ ഇതൊക്കെ അറിയുന്ന ചാത്തുവിനെ പോലെ ഉള്ള പ്രതിഭാശാലികൾ അഭിനയം അടക്കം എല്ലാം ഒറ്റയ്ക്ക് ചെയ്യുന്നത്. ആരുടേയും പിന്നാലെ നടന്നു ചെരുപ്പ് തഴക്കേണ്ട. പക്ഷെ നിങ്ങളാരും സിനിമാ കോട്ടയിൽ വരാതെ ചെരുപ്പ് തഴക്കാതിരുന്നാൽ ചാത്തുവും പൊട്ടി പോകും. ഒരു കലാകാരന്റെ ഒരു ഗതികേട്
No comments:
Post a Comment