Saturday, 14 February 2015

ഈഗോ എന്ന പ്രശ്നം - a short story

ഒരു ഗായകനും ഒരു മടാധികാരിയും ആണ് ഇതിലെ കഥാപാത്രങ്ങൾ. രണ്ടു പേരും മനുഷ്യ സ്നേഹം നിറഞ്ഞു കവിഞ്ഞു പരിസരങ്ങളിലോക്കെ സ്നേഹ വെള്ളപ്പൊക്കം ഉണ്ടാക്കുന്നവർ.
ഒരിക്കൽ ഗായകൻ മേൽ പറഞ്ഞ മടാധികാരിയുടെ മഠത്തിൽ എത്തി പാട്ട് പാടാൻ തീരുമാനിക്കുന്നു. മടാധികാരി സം ദുഷ്ടനായി (സന്തുഷ്ടനായി) ഗായകനെ അതെ വേദിയിൽ വച്ച് പൊന്നാട അണിയിക്കും എന്ന് പ്രഖ്യാപിക്കുന്നു.
രംഗം 1.
ഒരു സ്റെജ് . കർട്ടൻ ഉയരുമ്പോൾ കാണുന്നത് പാട്ടുകാരനും കുടുംബവും(പക്ക മേളക്കാർ ) വെറും പായയിൽ ഉപവിഷ്ടരായിരിക്കുന്നു. ചെണ്ട , മദ്ദളം, ചോറ് വെക്കുന്ന ഒരു വലിയ ചെമ്പു , ഇല താളം, തുംബുരു, എന്നിങ്ങനെ എനിക്ക് പേരറിയാവുന്ന ഉപകരണങ്ങളും, പേരറിയാത്ത വേറെ എന്തൊക്കെയോ വസ്തുക്കളും അവിടെ വിതറിയിട്ടുണ്ട്. പാട്ട് കാരന് അല്പം പുറകെ ആയി മടാധിപതി, സാരി പോലെ ഉള്ള എന്തോ ഒന്ന് കയ്യിൽ പിടിച്ചു ഒരു കസേരമേൽ ഇരിക്കുന്നുണ്ട്‌. ഇത് പൊന്നാട ആണെന്ന് പിന്നീട് മനസ്സിലാകും.)
ഉച്ചഭാഷിണിയിൽ നിന്ന് എന്തൊക്കെയോ അപശബ്ദങ്ങൾ കേൾക്കുന്നു.
ഹലോ. ഹലോ. മൈക്ക് ടെസ്റ്റിംഗ്. മൈക്ക് ടെസ്റ്റിംഗ്. ഹലോ. ഹലോ.
മാന്യ സുഹൃത്തുക്കളെ. നമ്മുടെ അഭിവന്ദ്യ ഗായകൻ A സ്റെജിൽ നിലത്തിരിക്കുകയും, അഭിവന്ദ്യ ഗുരു B കസേരയിൽ പൊന്നാട കയ്യിൽ പിടിച്ചു ഇരിക്കുകയും ചെയ്യുന്നത് നിങ്ങൾക്ക് ഏവർക്കും കാണാമല്ലോ. ഇതെന്തിനാണ് എന്ന് നിങ്ങൾക്ക് മനസ്സിലായി കാണും. മനസ്സിലാകാത്തവർക്ക് വേണ്ടി ഞാൻ ഒരിക്കൽ കൂടി അത് ആവർത്തിക്കുകയാണ്. മനുഷ്യ സ്നേഹത്തിന്റെ കൊട്ടയായ ഗായകനെ എന്നെങ്കിലും ആദരിക്കണമെന്ന് നമ്മുടെ ഗുരു മുൻപേ തീരുമാന്ച്ചതാണ്. അത് പോലെ മനുഷ്യ സ്നേഹത്തിന്റെ മറ്റൊരു കൊട്ടയായ നമ്മുടെ ഗുരു സവിധത്തിൽ പാട്ട് പാടണം എന്ന് ഗായകനും മുൻപേ തീരുമാനിച്ചതതാണ്. ഇതാ ആ അസുലഭ സന്ദർഭം ഒന്നിച്ചു വന്നിരിക്കുകയാണ്. ഗുരു ഏതാനും നിമിഷങ്ങൾ ക്കുള്ളിൽ ഗായകനെ പൊന്നാട അണിയിക്കുന്നതായിരിക്കും. അതിനു ശേഷം ഗായകൻ ഇവിടെ കച്ചേരി നടത്തുന്നതായിരിക്കും.
സ്റെജിൽ കസേരയിൽ ഇരുന്ന B , ഗായകനിലേക്കുള്ള ദൂരം മനസ്സിൽ കണക്കു കൂട്ടി നോക്കുന്നു.
(ആത്മ ഗതം) ഒരു മീറ്ററോളം ഉണ്ടല്ലോ. ഇവിടെ നിന്ന് കൈ നീട്ടി പൊന്നാട അണിയിക്കാൻ ബുദ്ധിമുട്ടാണ്. എണീറ്റ്‌ അങ്ങോട്ട്‌ പോയി അവനെ ഇത് അണിയിക്കാൻ എനിക്ക് വലിയ തിരക്കൊന്നും ഇല്ല. അവൻ ഇങ്ങോട്ട് വരട്ടെ.
(താൻ റെഡി ആയിരിക്കുന്നു എന്ന രീതിയിൽ ഗുരു പൊന്നാട കയ്യിൽ ഉയർത്തി പിടിച്ചിരിക്കുന്നു.)
നിലത്തിരുന്ന ഗായകൻ A ഇടം കണ്ണ് കൊണ്ടു പിന്നോട്ടേക്ക് നോക്കുന്നു.
(ആത്മ ഗതം) കിഴവൻ അവിടെ നിന്ന് എഴുന്നെൽക്കേണ്ട ഭാവം ഒന്നും ഇല്ല എന്ന് തോന്നുന്നു. എന്ത് പൊന്നാട. വേണമെങ്കിൽ ഇങ്ങോട്ട് വന്നു ഇട്ടു തരട്ടെ. എനിക്ക് അങ്ങോട്ട്‌ എഴുന്നേറ്റു പോകാനൊന്നും പറ്റില്ല
ഏകലവ്യന്റെ തപസ്സിലെത് പോലെ ഏതാനും നിമിഷങ്ങൾ. ലോകത്ത് ഒന്നും സംഭവിക്കുന്നില്ല. കാണികൾ ശ്വാസം പിടിച്ചു ഈ അസുലഭ ദൃശ്യത്തിനു ദൃക് സാക്ഷികളാകാൻ പോകുകയാണ്. പിന്നിൽ നിന്ന് എവിടെ നിന്നോ ഒരു ചൂളം വിളി കേട്ടത് പോലെ. ഓ. അല്ല. കാറ്റടിച്ചത്, സമീപത്തുള്ള ആലിലകളിൽ തട്ടി ഉണ്ടായ ശബ്ദമാണ്. ഇങ്ങനെ ഉള്ള അവസരങ്ങളിൽ ഏതു ശബ്ദവും ഒരു കൂക്കി വിളിയായി നാം തെറ്റി ധരിച്ചു പോകാൻ ഇടയുണ്ട്. നിമിഷങ്ങൾ അങ്ങനെ കടന്നു പോകുന്നു. ഉച്ച ഭാഷിണിയിൽ നിന്ന് വീണ്ടും അപ ശബ്ദങ്ങൾ
ഹലോ. ഹലോ. ഇനി ഏതാനും നിമിഷങ്ങൾ മാത്രം (ഭാഗ്യക്കുറി ടിക്കറ്റ് വിറ്റു നടന്ന ആളാണെന്നു തോന്നുന്നു ഈ മൈക് കാരാൻ )
പക്ഷെ ആ അസുലഭ സന്ദർഭം വീണ്ടും വന്നെത്തിയില്ല. മൈക് കാരന്റെ ആദ്യത്തെ പ്രഖ്യാപനത്തിന് ശേഷം ഇപ്പോൾ ഒരു പത്തു മിനുട്ട് എങ്കിലും കഴിഞ്ഞിരിക്കും. വീണ്ടും ആലിലകളിൽ തഴുകി വരുന്ന കാറ്റിന്റെ ശബ്ദം. പക്ഷെ ഈ പ്രാവശ്യം അത് അനേകം ആലിലകളിൽ തഴുകി വരുന്നത് പോലെ. ഓ. അല്ല ഇത് കൂക്കി തന്നെയാണ്.
സ്റെജിൽ ഏകലവ്യ പരിതസ്ഥിതി മാറി വരുന്നത് പോലെ തോന്നുന്നു. പക്ക മേളക്കാരിൽ ആരോ ഗായകന്റെ നേരെ എന്തോ ആംഗ്യം കാണിക്കുന്നു. പകുതി കുപ്പായമിട്ട വേറൊരു മനുഷ്യൻ ഗുരുവിന്റെ ചെവിയിൽ എന്തോ മന്ത്രിക്കുന്നു.
മൈകിൽ വീണ്ടും പ്രഖ്യാപനം.... ഇതാ ആ അസുലഭ നിമിഷം വരികയായി.
കസേരയിൽ ഇരുന്ന B യുടെ കൈ പൊന്നാട അടക്കം നീണ്ടു വരുന്നു (ഇയാളുടെ കൈക്ക് ഇത്ര മാത്രം നീളമുള്ളത്‌ നാം അപ്പോഴാണ്‌ മനസ്സിലാക്കുന്നത്). പക്ഷെ കസേരയിൽ നിന്ന് തന്റെ ചന്തി ഒരു തുള്ളി പോലും ഉയർന്നു പോകാതിരിക്കാൻ B പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട് എന്നത് അദ്ധേഹത്തിന്റെ ഭാവത്തിൽ നിന്ന് മനസ്സിലാക്കാം.
അതെ സമയം മുന്നില് നിലത്തിരിക്കുകയായിരുന്ന A അല്പം ഒന്ന് ചരിയുന്നതാണ് (ആനയുടെ ചരിയൽ അല്ല) നാം കാണുന്നത്. അവിടെയും സ്വന്തം ചന്തിയുടെ കാര്യത്തിൽ സ്റ്റാറ്റസ്കോ നില നിർത്താൻ ഗായകനും ശ്രദ്ധിക്കുന്നുണ്ട്. ഇപ്പോൾ ഗായകന്റെ പുറവും, പൊന്നാടയുടെ അറ്റവും തൊട്ടു വരുന്നുണ്ട് എന്ന് കാണികളായ നമുക്ക് മനസ്സിലാകുന്നു. ഉടൻ ഗായകൻ തന്റെ കൈ കൊണ്ടു തന്നെ പൊന്നാട ശരീരത്തിൽ ചുറ്റി ചാരിതാര്ത്യനാകുന്നു. കാണികൾ ഒന്നടങ്കം കയ്യടിക്കുന്നു.
ആകാശത്ത് നിന്ന് എവിടെ നിന്നോ അശരീരി പോലെ ഒരു പൊട്ടിച്ചിരി കേൾക്കുന്നു
(വിദേശത്ത് താമസിക്കുന്ന ഒരു സുഹൃത്ത്‌ പറഞ്ഞ കഥയാണ് ഇത് )

No comments:

Post a Comment