അച്ഛൻ മരിക്കുന്ന സമയത്ത് തലശ്ശേരിയിൽ കുതിര വണ്ടികൾ ഉണ്ടായിരുന്നു. കുതിര വണ്ടിയിൽ കയറിയാണ് നാം വിജനമായ് ശ്മശാന വീതികളിലൂടെ സഞ്ചരിച്ചത്. പാതക്കരികിൽ വെളിച്ചമുള്ള റെയിൽവേ സ്റ്റെഷൻ. പിന്നെ കുറെ കുടിലുകൾ. അതിൽ നിന്ന് എവിടെ നിന്നോ ഞാൻ ഈ പാട്ട് കേട്ടു
'തളിരിട്ട കിനാക്കൾ തൻ
താമര മാല വാങ്ങാൻ
വിളിച്ചിട്ടും വരുന്നില്ല
വിരുന്നുകാരൻ'
താമര മാല വാങ്ങാൻ
വിളിച്ചിട്ടും വരുന്നില്ല
വിരുന്നുകാരൻ'
അന്ന് അമ്മക്ക് മുപ്പതു വയസ്സായിരിക്കും.
ഈ പാട്ട് കേൾക്കുമ്പോൾ ഇന്നും ഞാൻ അച്ഛന്റെ മരണം ഓർക്കും. ജീവിച്ചിരിക്കുന്ന അമ്മയെയും
*********************************************************************************************
തലശ്ശേരി അന്ന് ആഫ്രിക്കൻ പായലുകളും പോത്തുകളും മേഞ്ഞു നടക്കുന്ന ഒരു ചളി കുളത്തിന് നടുവിലായിരുന്നു. ഒരറ്റത്ത് ഒരു മുറിവ് പോലെ ഉള്ള നേർത്ത വഴി കടൽ തീരത്ത് അവസാനിക്കുന്നു. അതിന്റെ കരയിൽ വേദനയുടെ ആലസ്യത്തിൽ തളർന്നിരിക്കുന്ന ആശുപത്രി. (ഇവിടത്തെ കട്ടിലുകളിൽ ഒന്നിലായിരുന്നു എന്റെ പിതാവിന്റെ അന്ത്യം. അച്ഛൻ ഇത്ര വേഗം മരിച്ചു പോകുമെന്ന് ആരും കരുതിയിരുന്നില്ല. അച്ഛന്റെ മരണ വാർത്ത അറിഞ്ഞു ഞാൻ ചിരിക്കുകയായിരുന്നത്രേ. അന്ന് മരണം എന്നെ വല്ലാതെ ചിരിപ്പിച്ച ഒരു സംഭവം ആയിരിക്കണം.)
No comments:
Post a Comment