Tuesday, 10 February 2015

യഥാർത്ഥ വിലയും വിനിമയ വിലയും

(കാറൽ മാർക്സിന്റെ സാമ്പത്തിക ശാസ്ത്രം മനസ്സിലാക്കാനുള്ള ഒരു എളിയ ശ്രമമാണ് ഞാൻ നടത്തുന്നത്.  മൂലധനം,  തത്വ ശാസ്ത്രത്തിന്റെ ദാരിദ്ര്യം എന്നീ രണ്ടു പുസ്തകങ്ങൾ ഇപ്പോൾ എന്റെ മുന്നിൽ ഉണ്ട്. രണ്ടും ഞാൻ വളരെ മുൻപ് വായിച്ചതാണ്.  ഇപ്പോൾ ഞാൻ അവയെ ഒന്ന് കൂടെ മനസ്സിലാക്കാൻ ശ്രമിക്കുകയാണ്.  എന്റേതായ ചില അഭിപ്രായങ്ങൾ ഇടയിൽ കയറി വരാൻ സാധ്യതയുണ്ട് എന്ന് ഞാൻ ഓർമിപ്പിക്കുന്നു.  അബദ്ധങ്ങൾ പറ്റുമ്പോൾ അറിവുള്ളവർ എന്റെ ശ്രദ്ധ അതിലേക്കു ക്ഷണിക്കണമെന്ന് അഭ്യർത്ഥിക്കുന്നു)

ഒരു വസ്തുവിന് യഥാർത്ഥ വില, വിനിമയ വില എന്നിങ്ങനെ രണ്ടു തരം വിലകൾ ഉണ്ടോ.  ഒരു വസ്തുവിന് വില എന്ന ഒന്ന് തന്നെ ഉണ്ടോ.  മനുഷ്യൻ ജനിച്ചു വീണ കാലത്ത് ഇങ്ങനെ ഒരു പ്രശ്നവും ഉണ്ടായിരിക്കാൻ ഇടയില്ല.  അപ്പോൾ വിലകൾ എന്ന ഈ പ്രതിഭാസം, മനുഷ്യന്റെ വളർച്ചയുടെ ഏതോ ഒരു ഘട്ടത്തിൽ ഉയർന്നു വന്നതാണെന്ന് ഉറപ്പു.  ഞാൻ എന്റെ പറമ്പിൽ കുറെ മരച്ചീനി നട്ടു അതിലെ ഫലങ്ങൾ എടുത്തു ഭക്ഷിക്കുമ്പോൾ എനിക്ക് മരച്ചീനിയുടെ വിലയെ കുറിച്ച് യാതൊരു ബോധവും ഇല്ല.  അയല്ക്കാരനായ നിനക്ക് എന്റെ കയ്യിലുള്ള മരച്ചീനിയുടെ ഒരു ഭാഗം ഞാൻ വെറുതെ തരുമ്പോഴും എനിക്ക് അതിന്റെ വിലയെ കുറിച്ച് ബോധമില്ല.  പക്ഷെ എന്നെങ്കിലും അയല്ക്കാരനായ നിനക്ക് ഞാൻ തരുന്ന മരചീനിക്ക് പകരമായി , നീ നിന്റെ കയ്യിലുള്ള കുറച്ചു തക്കാളി എനിക്ക് തരണം എന്ന് പറയുമ്പോഴാണ് വില എന്ന പ്രശ്നം നമ്മെ നേരിട്ട് അഭിമുഖീകരിക്കുന്നത്.  നീ എനിക്ക് തന്ന ഒരു കിലോ മരചീനിക്ക് പകരമായി ഞാൻ എന്റെ കയ്യിലുള്ള എത്ര കിലോ തക്കാളി നിനക്ക് തരണം.  തികച്ചും  ന്യായമായ ചോദ്യം.  മോരും മുതിരയും താരതമ്യ പ്പെടുത്താനുള്ള അതെ പ്രയാസം നല്ല അയല്ക്കാരായ നമുക്കിടയിൽ ഉത്ഭവിക്കുന്നു.  ഇതിൽ നിന്ന് നാം ഒരു കാര്യം മനസ്സിലാക്കുന്നു.  അതായത് ഒരു വസ്തു വിനിമയം ചെയ്യപ്പെടുന്നത് കൊണ്ടു മാത്രമാണ് അതിനു വിലയുടെ ആവശ്യം ഉണ്ടാകുന്നത്.  അത് കൊണ്ടു ഒരു സൌകര്യത്തിനു വേണ്ടി നാം ഇങ്ങനെ ധരിക്കുകയാണ്. ഒരു വസ്തുവിന് വിനിമയ വില മാത്രമേ ഉള്ളൂ. അതിനു യഥാർത്ഥ വില എന്ന ഒന്ന് ഇല്ല . (ഈ വിശ്വാസം പിന്നീടൊരിക്കൽ തകർക്കപ്പെടുകയാനെങ്കിൽ അന്നേരം നമുക്ക് അതിനെ തകർക്കുകയും ചെയ്യാം.)

അപ്പോൾ ഒരു വസ്തുവിന്റെ വിനിമയ വില എന്നത് , ആ വസ്തു കൊണ്ടു വാങ്ങാവുന്ന  ഒരു നിശ്ചിത  അളവ്  മറ്റൊരു  വസ്തുവിന്റെ വില തന്നെയാണ്  എന്നർത്ഥം.  പക്ഷെ ഈ ഉത്തരം രാമന്റെ  വീട് എവിടെയാണ്, കോമന്റെ വീടിനു അപ്പുറം,  കോമന്റെ വീട് എവിടെയാണ്, രാമന്റെ വീട്ടിന്റെ അപ്പുറം എന്ന ഉത്തരം പോലെ വ്യർത്ഥമാണ് എന്ന് നമുക്ക് അറിയാം.  അപ്പോൾ വിനിമയത്തിലൂടെ മാത്രമാണ് ഒരു വസ്തുവിന് വില ഉണ്ടാകുന്നത് എങ്കിലും,  അത് കൃത്യമായി കണ്ടെത്താൻ നാം മറ്റെന്തെങ്കിലും വഴി കണ്ടെത്തിയേ ഒക്കൂ എന്ന് അർഥം.  രണ്ടു വസ്തുക്കളെ പ്രായോഗികമായി തുലനം ചെയ്യാനുള്ള ഒരു ഏകകം കണ്ടെത്തുന്നതിലും എളുപ്പം, ഒരു വസ്തുവിൽ അതിന്റെ മൂല്യം കണക്കാക്കാൻ പറ്റിയ വല്ല സൂത്രങ്ങളും ഒളിഞ്ഞിരിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയാണ്.  ഉണ്ടെങ്കിൽ പ്രസ്തുത വില വച്ച് തന്നെ നമുക്ക് അതിന്റെ വിനിമയവും നടത്താവുന്നതാണ്.  വില എന്നത് നാണയം എന്ന ഒരു മൂന്നാം കക്ഷിയിൽ കെന്ദീകരിചിരിക്കുന്ന ഈ കാലത്ത് ഒരു വസ്തുവിന്റെ യഥാർത്ഥ മൂല്യം കണ്ടെത്തിയാൽ പിന്നെ അവയെ തുലനം ചെയ്യുന്നതിൽ പ്രയാസം ഏതും ഇല്ല.

ഒരു വസ്തുവിന്റെ ഉള്ളിൽ അന്തർലീനമായിട്ടുള്ള വില എന്തെന്ന് കണ്ടു പിടിക്കാനുള്ള ക്രയാത്മകമായ ശ്രമമാണ് കാറൽ മാർക്സ് നടത്തിയത്.  ഏതൊരു വസ്തുവിന്റെയും മൂല്യത്തെ കുറിച്ചുള്ള അന്വേഷണം നമ്മെ എത്തിക്കുന്നത് ആ വസ്തുവിന്റെ ഭാഗമായിട്ടുള്ള പദാർഥങ്ങളുടെ ഉറവിടങ്ങളിലെക്കാന്.  അതായത് മുൻപൊരിക്കൽ ഭൂമിയുടെ അടിത്തട്ടിൽ വെറും ഒരു ആയിരായി നില കൊള്ളുന്ന അതിന്റെ പ്രാക്രുതാവസ്തയിലേക്ക്. ഈ അയിരുകളിൽ (ഭൂമിയിൽ നിന്ന് വെറുതെ കിട്ടുന്നതായ എന്തിലും) മനുഷ്യന്റെ അധ്വാനം കൂടിചെരുന്നത് കൊണ്ടാണ് ഇന്ന് നിങ്ങളുടെ മുന്നിൽ കിടക്കുന്ന ഒരു മൊട്ടു സൂചി ഉണ്ടായത്.  അതായത്  ആ മൊട്ടു സൂചിയിൽ ആകെ ഉള്ള മൂല്യം എന്നത് അതിൽ അടങ്ങിയിട്ടുള്ള വിലയില്ലാത്ത ഒരു പ്രകൃതി വസ്തുവും, അത് കണ്ടെത്തി ഇന്നോളം അതിൽ പ്രവൃത്തിച്ച മനുഷ്യാധ്വാനവും മാത്രമാണ്. അപ്പോൾ ഈ മൊട്ടു സൂചിയുടെ മൂല്യം എന്നത് അതിൽ അടങ്ങിയിട്ടുള്ള മനുഷ്യാ ധ്വാനങ്ങളുടെ ആകെ തുക മാത്രമാണ്.

(തുടരും)

No comments:

Post a Comment