Sunday, 22 February 2015

യന്ത്രങ്ങളും മനുഷ്യരും

ഞാൻ യന്ത്രങ്ങളെ ബഹുമാനിക്കുന്നത്‌ ഈ അചേതന വസ്‌തുക്കൾ ഏതെങ്കിലും രീതിയിൽ എന്നോട് പ്രതികരിക്കും എന്നോ പ്രതികരിക്കാൻ ശ്രമിക്കും എന്നോ ഉള്ള വിശ്വാസം കൊണ്ടല്ല .  മറിച്ച് ഈ ലോകത്ത് നിലകൊള്ളുന്ന, നമ്മൾ പ്രതി ദിനവും സമ്പർക്കത്തിൽ ഏർപ്പെട്ടു കൊണ്ടിരിക്കുന്ന ഏതൊരു വസ്തുവിനും അതിന്റേതായ സ്ഥാനം ലോകത്ത് ഉണ്ട് എന്നുള്ള വിശ്വാസം കൊണ്ടാണ്.  (ഘട്ടക് ദായുടെ അജാന്ത്രിക് എന്ന സിനിമയിൽ ഒരു കാറ് അതിന്റെ സുഹൃത്തും യജമാനനും ആയ മനുഷ്യനോടു ശബ്ദാനമയമായ രീതിയിൽ പ്രതികരിക്കുന്ന ഒരു രംഗമുണ്ട്. അത് എനിക്ക് ഇഷ്ടപ്പെട്ടത് നിത്യ ജീവിതത്തിൽ യന്ത്രങ്ങൾ മനുഷ്യനോടു അങ്ങനെ പ്രതികരിചെക്കാൻ ഇടയുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നത് കൊണ്ടല്ല. മറിച്ച് ആ മനുഷ്യന് അങ്ങനെ തോന്നുന്നു എന്നുള്ളത് കൊണ്ടു മാത്രമാണ്.  അത് ഒരു മനുഷ്യനു ഒരു അചേതന വസ്തുവിനോടുള്ള വികാരം എന്തെന്ന് മാത്രം പ്രതിഫലിപ്പിക്കുകയാണ്) അത്തരം  വിശ്വാസത്തിൽ കവിഞ്ഞു യന്ത്രങ്ങൾ  നമ്മുടെ ആരാധനാ പാത്രങ്ങൾ ആയി തീരുമ്പോൾ നമ്മൾ അവയുടെ അടിമകൾ ആയി തീരുകയും, മനുഷ്യൻ എന്ന നിലയിലുള്ള നമ്മുടെ കഴിവുകൾ അതിനു അടിപ്പെടുതുകയും ചെയ്യുന്നു.  വിഗ്രഹാരാധനയെ കുറിച്ച് മാർക്സ് പറയുന്നിടത്താണെന്നു തോന്നുന്നു അദ്ദേഹം ഇതിനെ കുറിച്ച് വ്യക്തമായും പറഞ്ഞിട്ടുള്ളത് .  നമ്മൾ നമ്മുടെ കഴിവുകൾ ഓരോന്നും ചെതനയില്ലാത്ത ഒരു വിഗ്രഹത്തിൽ ആവാഹിക്കുകയും അവയെ ആരാധിച്ചു കൊണ്ടു മാത്രം നമ്മുടെ ഭാഗമായിട്ടുള്ള പ്രസ്തുത ഗുണങ്ങളോട് ബന്ധപ്പെട്ടു കൊണ്ടിരിക്കുകയും ചെയ്യുന്നു.  ഇനി മുതൽ അത്തരം ഗുണങ്ങൾ ഒന്നും നമ്മിൽ ഇല്ലാതെ ആരാധനയിലൂടെ അതിനോട് താതാത്മ്യം പ്രാപിച്ചു നമുക്ക് സായൂജ്യം അടയാൻ പറ്റുന്നു.  വിഗ്രഹങ്ങൾ ശക്തങ്ങൾ ആകുമ്പോൾ മനുഷ്യൻ ദുർബലൻ ആകുന്നു. യന്ത്രങ്ങളും ഇങ്ങനെ തന്നെയാണ്.   കമ്പ്യൂട്ടർ എന്ന യന്ത്രത്തെ ആരാധിക്കുന്ന മനുഷ്യൻ തന്റെ കണക്കു കൂട്ടാനുള്ള കഴിവുകളും , ഒര്മിക്കാനുള്ള കഴിവുകളും അതിലേക്കു ആവാഹിക്കുന്നു.  ഇനി മുതൽ ഇത്തരം കഴിവുകൾ ഒന്നും തന്നെ നമുക്ക് വേണം എന്നില്ല.  അതൊക്കെ  നമ്മുടെ വിഗ്രഹമായ ഈ കമ്പ്യൂട്ടർ നിർവഹിച്ചു കൊള്ളും എന്ന് നാം അറിയുന്നു. കാല ക്രമേണ കണക്കു കൂട്ടാൻ അറിയാത്ത ഒന്നും ഓർമ്മിച്ചു വെക്കാൻ കഴിയാത്ത കഴിവ് കേട്ട ഒരു തലമുറയായി നാം വളരുന്നു.  ഇത് നാം ഇന്ന് നമ്മുടെ ജീവിതത്തിൽ തന്നെ അനുഭവിക്കുന്നതാണ്. എന്റെ വീട്ടിലെ ഒരു കുട്ടിയോട്  അഞ്ചു ഗണിതം പത്തു എത്ര എന്ന് ചോദിച്ചാൽ അവൻ ഉടൻ കാൽകുലെറ്റർ എടുക്കുന്നു. 

No comments:

Post a Comment