Monday, 16 February 2015

കാമുകിയെയോ കാമുകനെയോ നമ്മുടെ സങ്കൽപ്പത്തിനൊത്തു ഉയർത്താനോ താഴ്ത്താനോ ഉള്ള ചില എളുപ്പ വഴികൾ

നമ്മുടെ സമൂഹം നേരിടുന്ന മാരകമായ  ഒരു മാനസിക പ്രശ്നമാണ്, കാമുകി, കാമുകൻ , ഭാര്യ , ഭർത്താവ്, എന്നിവർ നമ്മുടെ സങ്കല്പത്തിനൊത്തു ഉയരുന്നില്ല എന്നത്.  ഇതിൽ നിന്ന് രക്ഷപ്പെടാനുള്ള എളുപ്പവഴി എന്തെന്ന് എന്റെ ദുഷ്ട ബുദ്ധിയായ ഒരു സുഹൃത്തിനോട്‌ ചോദിച്ചപ്പോൾ അവൻ പറഞ്ഞത്, സങ്കൽപ്പങ്ങൾ വേണ്ടാ എന്ന് വെക്കുന്നതാണ് നല്ലത് എന്നാണു.  ഇത്തരം വിഡ്ഢിത്തങ്ങൾ ഒന്നും ബുദ്ധി ജീവികളായ നമ്മെ പോലെ ഉള്ളവർക്ക് അംഗീകരിക്കാൻ പറ്റില്ല.  സാമാന്യ വിഡ്ഢിത്തം ഉള്ളവർക്ക് പോലും  പോലും ഇത് ഒട്ടും അനുവദിച്ചു  കൊടുക്കാൻ ആവുമെന്നു തോന്നുന്നില്ല..  സങ്കൽപ്പങ്ങൾ ഇല്ലാത്ത മനുഷ്യനോ. അങ്ങനെ ഒരുത്തനെയോ അല്ലെങ്കിൽ ഒരുത്തിയെയോ ഇന്ന് വരെ ആരും ജനിപ്പിച്ചിട്ടില്ല ഇനി ആരും ജനിപ്പിക്കാൻ പോകുന്നുമില്ല .  ആകെ ഉള്ളത് നമ്മുടെ അടുത്തുള്ള മന്ദ ബുദ്ധിയായ വ്യാകരണൻ എന്ന പയ്യൻ മാത്രം. (ഇങ്ങനെ ഒരു പേരോ എന്ന് അത്ബുധം കൂറുന്ന വരോട്...സംഗതി സത്യമാണ്.  പേരിടുന്ന സമയത്ത് ആരെങ്കിലും വ്യാകരണം ഉണ്ടാകുമോ ഇല്ലാതിരിക്കുമോ എന്നൊക്കെ ചിന്തിക്കാറുണ്ടോ.  ഇവിടെ അടുത്തുള്ള വേലായുധനും ശ്യാമളയും മകൾക്ക് പേരിട്ടത് അവരുടെ പേരിന്റെ ആദ്യ അക്ഷരങ്ങൾ ആണ്. അതിലൊന്നും നമുക്ക് എതിർപ്പ് പറയാൻ പറ്റില്ല. ഓരോരുത്തരുടെ സൗകര്യം.)

അപ്പോൾ പറഞ്ഞു വന്നത് അതൊന്നും അല്ല.  സങ്കല്പത്തിന്റെ പ്രശ്നം.  നമ്മുടെ സങ്കല്പതിനോത്തു മറ്റേ ആളെ എങ്ങനെ ഉയർത്താൻ പറ്റും എന്ന ചോദ്യം.  മൊബൈൽ ഫോണിലൂടെ,  ശബ്ദം മാത്രം കേട്ട് പ്രണയിച്ച ഒരുത്തൻ ആളെ നേരിട്ട് കണ്ടപ്പോൾ , തന്റെ സങ്കല്പ്പതിനോത്തു ഉയർന്നില്ല എന്ന കാരണം പറഞ്ഞു മുങ്ങിയതായി ഈ അടുത്തു പത്രത്തിൽ വായിച്ചു.  നാടുകാര് അവനെ അങ്ങനെ മുങ്ങാൻ  വിടരുതായിരുന്നു. പക്ഷെ എന്ത് ചെയ്യാം, സങ്കല്പതിനോത്തു മറ്റൊരാളെ ഉയർത്താനുള്ള വിദ്യകൾ നാട്ടു കാർക്ക് അറിയില്ലെങ്കിൽ അവർ മറ്റെന്തു ചെയ്യാനാണ്.  നമ്മുടെ നാട്ടിലെ ഗണേശൻ പറഞ്ഞത് രണ്ടു പൂശിയാൽ അവന്റെ സങ്കൽപ്പങ്ങൾ കുറഞ്ഞു കുറഞ്ഞു, മറ്റേതിന്റെ  നിലവാരത്തിൽ എത്തും എന്നാണു.  പക്ഷെ അഹിംസാ വിശ്വാസികളായ നമുക്ക് അതും അംഗീകരിക്കാൻ പറ്റില്ല.

ഒരാളെ നമ്മുടെ സങ്കല്പതിനോത്തു ഉയർത്താൻ ആദ്യം വേണ്ടത് നമ്മുടെ സങ്കൽപം എന്താണ് എന്ന് അറിയുകയാണ്.  നമ്മുടെ പ്രശ്നത്തിലെ ഏറ്റവും വലിയ പ്രശ്നവും അത് തന്നെയാണ്.  കാരണം പലർക്കും സങ്കൽപം എന്ന ഒന്ന് ഉണ്ടാകുന്നത് തന്നെ എതിരാളിയെ കാണുമ്പോഴാണ്.(എതിരാളി എന്ന വാക്ക് ശത്രു എന്ന അർത്ഥത്തിൽ അല്ല ഉപയോഗിച്ചിട്ടുള്ളത് എന്ന് ശ്രദ്ധിക്കണം.  എതിർ ഭാഗത്ത്‌, അതായത് മുന്നിൽ നില്ക്കുന്ന എന്ന അർത്ഥത്തിൽ മാത്രമാണ്.)

ഇനി നമ്മുടെ സങ്കൽപ്പങ്ങൾ ഒക്കെ ഓ കെ ആണെന്ന് വിചാരിക്കുക.  ഇപ്പോൾ നമ്മുടെ എതിരാളി നമ്മുടെ സങ്കല്പത്തിനൊത്തു ഉയർന്നതാണോ എന്നറിയാൻ എന്താണ് വഴി. ഏറ്റവും എളുപ്പ വഴി അവരോടു ചോദിച്ചു നോക്കുകയാണ്. അതായത് എന്റെ സങ്കൽപ്പങ്ങൾ ഇങ്ങനെ ഒക്കെ ആണ്. നിങ്ങളുടെ ആഗ്രഹം എന്തൊക്കെയാണ് എന്ന് അങ്ങോട്ടും, തിരിച്ചും.  പക്ഷെ ഇവിടെ ഉള്ള പ്രധാനപ്പെട്ട പ്രശ്നം എന്തെന്നാൽ മനുഷ്യര് ലപ്പിന്റെ കാര്യത്തിൽ ഒരു ആത്മാര്തതയും ഇല്ലാതെ ആണ് സംസാരിക്കുക എന്നതാണ്.  ഉത്തമ കുടുംബ ജീവിതമാണ് ഇഷ്ടം എന്ന് ഇവിടെ പറയും, എന്നിട്ട് വൈകുന്നേരം മുഴപ്പിലങ്ങാട് ബീച്ചിൽ കണ്ടവന്റെ കൂടെ കറങ്ങി നടക്കും, മദ്യം കാണുമ്പോൾ ശർധി വരും എന്ന് ഇവിടെ പറയും ,  ഷാപ്പിൽ വച്ച് ശര്ധിച്ചാൽ, ആ ശർധി അപ്പാട് ഗ്ലാസ്സിൽ ആക്കി കുടിക്കും. (അറുപ്പ് തോന്നിയെങ്കിൽ ക്ഷമിക്കണം.  ഇത് ഞാൻ നേരിട്ട് കണ്ടതാണ്. വെള്ളമടിച്ചു പൂസായ ഒരുത്തൻ,  ശർധി വരുന്നു എന്ന് മനസ്സിലായപ്പോൾ ഗ്ലാസ് ചുണ്ടോടു അടുപ്പിച്ചു ഒരു തുള്ളി ശർധി പോലും പുറത്തു പോകാതെ ഗ്ലാസിൽ കല്ലക്റ്റ് ചെയ്ത്, വീണ്ടും ഒരൊറ്റ മോന്തൽ. ഇത് കണ്ടു കൊണ്ടു നിന്ന എന്റെ പണം കംപ്ളീട്ട് പോയി. കാരണം ഞാൻ ശര്ധിച്ചു. നൂറ്റി അമ്പതു രൂപ വിലയുള്ള ചപ്പാത്തിയും കോഴിയും ആണ് ശര്ധിയോടൊപ്പം പോയത്)

ഇത് വരെ പറഞ്ഞ കാര്യങ്ങളും നാട്ടുകാരുടെ അഭിപ്രായങ്ങളും ക്രോടീകരിച്ചു എഴുതിയാൽ,  നമ്മുടെ  എതിരാളിയെ നമ്മുടെ സങ്കല്പത്തിനൊത്തു ഉയർത്താനുള്ള എളുപ്പ വഴികൾ താഴെ പറയുന്നവയാണെന്ന് മനസ്സിലാക്കാം.

1. എതിരാളിയെ കുറിച്ച് സങ്കലങ്ങളെ ഇല്ലാതിരിക്കുക. (മന്ദ ബുദ്ധികൾക്ക് മാത്രമേ ഇത് സാധ്യമാകൂ എന്ന് നിങ്ങള്ക്ക് തോന്നുന്നെങ്കിൽ ക്ഷമിക്കുക)

2. വലിയ സങ്കൽപം ഉള്ളവനെ രണ്ടു പൂശു പൂശി, സാധാരണ സങ്കൽപത്തിലേക്ക് താഴ്ത്തി കൊണ്ടു വരിക.  (ഏറ്റവും പ്രായോഗികമായ ഒരു നടപടി ഇത് തന്നെ ആയിരിക്കും. നമ്മുടെ വ്യവസ്ഥാപിത വിവാഹത്തിൽ നാം ഇത് തന്നെ ആണ് ചെയ്യുന്നത്.  പൂശുക എന്ന പ്രവർത്തി ഇല്ലെങ്കിലും, രണ്ടു പേരുടെ സങ്കൽപ്പങ്ങൾ ഇടിഞ്ഞു പൊളിഞ്ഞു താഴെ വീഴുന്നത് നമ്മൾ മിക്കപ്പോഴും കാണുന്നതും, സ്വന്തം ജീവിതത്തിൽ അനുഭവിക്കുന്നതും ആണല്ലോ)

3. നമ്മുടെ സങ്കല്പ്പങ്ങളെ കുറിച്ച് വ്യക്തത വരുത്തുക.  പരസ്പര ആശയ വിനിമയത്തിലൂടെ അത് മനസ്സിലാക്കി , അതിൽ കുറ്റങ്ങളും കുറവുകളും എന്തെങ്കിലും ഉണ്ടെങ്കിൽ,  പണത്തിലൂടെ അതിനെ മേക്ക് അപ്പ് ചെയ്യാൻ പറ്റുമോ എന്ന് പരിശോധിക്കുക.  ഈ സങ്കൽപം എന്നത് പണം കൊടുത്തു വാങ്ങാൻ കിട്ടുന്ന സാധനം തന്നെയാണ് എന്ന് ആര്ക്കാണ് അറിഞ്ഞു കൂടാത്തത്.

No comments:

Post a Comment