കുരുക്ഷേത്ര യുദ്ധത്തിൽ പുഷ്പങ്ങൾ ഇല്ലായിരുന്നു. യുദ്ധ കൊതിയരായ ഒരു പിടി ആളുകൾ അപ്പുറവും ഇപ്പുറവും നിരന്നു നിന്ന ധർമ യുദ്ധം. സമാധാന കാംക്ഷികളെ തത്വചിന്തയിലൂടെ ക്രൂരരാക്കാമെന്നു ചരിത്രാതീത കാലം മുതൽ നമുക്കറിയാമെന്ന് ഈ യുദ്ധ ചരിത്രത്തിലൂടെ നാം മനസ്സിലാക്കി. തത്വ ചിന്ത വേദനകളെ കർമ്മങ്ങളാക്കി , ആർക്കും ചെയ്യാവുന്ന അതി സാധാരണ പ്രവൃത്തിയായി മാറ്റി. പക്ഷെ അമ്മമാരുടെ നിലവിളികൾ അവിടെ എവിടെയും മുഴങ്ങി നിന്നു.
ഇന്ന് യുദ്ധ കളത്തിൽ എതിരാളിയുടെ വേദന അറിയാതിരിക്കാൻ തത്വ ചിന്തയുടെ ആവശ്യമില്ല. നമ്മുടെ ആയുധങ്ങൾ ഓരോന്നും എതിരാളിയിൽ നിന്നു അകലെ ആണ്. അവൻ വെടിയേറ്റു വീഴുന്നതോ, അവന്റെ മാറിൽ നിന്നു ചോര തെറിക്കുന്നതോ ഇന്ന് ഈ വെടി ഉതിർത്ത ഞാൻ അറിയുന്നതെ ഇല്ല. അത് കഴിഞ്ഞും എനിക്ക് ഒരു സന്തുഷ്ട കുടുംബ ജീവിതം നയിക്കാം.
സൊൽറ്റാൻ ഫാബ്രിയുടെ ബാളിന്റ്റ് ഫാബിയൻ ആത്മ ഹത്യ ചെയ്യാനുള്ള അനേകം കാരണങ്ങളിൽ ഒന്ന് , തുറന്ന യുദ്ധത്തിൽ തന്റെ മുന്നിൽ പെട്ട് പോയ തന്റെ എതിരാളി പയ്യന്റെ ചങ്കിൽ ബയനട്ട് കുത്തിയിറക്കുന്ന സമയത്ത് അവന്റെ മുഖത്ത് വിരിഞ്ഞ നിസ്സഹായതയോ വേദനയോ നേരിട്ട് കണ്ടത് കൊണ്ടും, അവന്റെ ചങ്കിലെ ചോര തന്റെ മുഖത്ത് തെറിച്ചു വീണത് കൊണ്ടും,എല്ലാ കാലവും അത് ഒരു ദുസ്വപ്നമായി അത് അദ്ധേഹത്തെ അനുഗമിച്ചതു കൊണ്ടും ആണ്. പക്ഷെ ഇന്ന് നമ്മുടെ പട്ടാളക്കാരന് അത്തരം ഭീതികൾ ഒട്ടും വേണ്ട.
കര യുദ്ധങ്ങൾ ഒരു പട്ടാളക്കാരന് ഹരമായി തീരുന്നത് അധിനിവേശ ഭൂമിയിൽ പുഷ്പങ്ങൾ -- പെണ്‍ കൊടികൾ -- ഉള്ളത് കൊണ്ടാണ്. അവരെ അന്വേഷിച്ചു നടക്കുക എന്നുള്ളത് അവന്റെ നീതിയാണ്. ആണുങ്ങളെ കൊല്ലുകയും പെണ്ണുങ്ങളെ ഭോഗിക്കുകയും ചെയ്യുന്നത് അവന്റെ രീതി ആണെന്ന് അറിയാവുന്നത് കൊണ്ടു എല്ലാവരും രക്ഷപ്പെടുവാൻ ശ്രമിച്ചു കൊണ്ടെ ഇരിക്കുന്നു. പക്ഷെ എവിടേക്ക്.
സാങ്ങ് ഇമോ സംവിധാനം ചെയ്ത യുദ്ധ കളത്തിലെ പുഷ്പങ്ങൾ ഒരു നല്ല ചിത്രമായി ഞാൻ കണക്കാക്കുന്നെ ഇല്ല. അതിൽ അധികവും ഉള്ളത് ഗ്രാഫിക് ഭീകരതകൾ ആണ്. ഭീകരതയെ വ്യങ്ങമായി അവതരിപ്പിക്കാനുള്ള സംവിധായകന്റെ കഴിവുകേടാണ് ഇവിടെ വ്യക്തമാകുന്നത്. സിനിമയിലെ പല രംഗങ്ങളും യുദ്ധ കളത്തിലെ സ്റെജിൽ നടത്തിയ ഒരു നാടകമാണോ ഇത് എന്ന തോന്നൽ ഉണ്ടാക്കുന്നു.
1937 ലെ ചൈന ജപ്പാൻ യുദ്ധത്തിനെ കുറിച്ച് ഗെലിൻ യാങ്ങ് എഴുതിയ 'നാന്ജിങ്ങിലെ പതിമൂന്നു പുഷ്പങ്ങൾ' എന്ന കഥയാണ് ഈ സിനിമയ്ക്കു ആധാരം. 'നാന്ജിങ്ങിലെ പീഡനം' എന്ന് ലോകം മുഴുവൻ അറിയപ്പെട്ട ഒരു സംഭവത്തിന്റെ പുനരാവിഷ്കാരമാണ് പ്രസ്തുത സിനിമ.
പക്ഷെ ഈ സിനിമ യുദ്ധത്തിനെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്ന ഏവരും കണ്ടിരിക്കണം എന്ന് ഞാൻ ആഗ്രഹിക്കുകയാണ്. സ്ഥാനത്തും അസ്ഥാനത്തും യുദ്ധം യുദ്ധം എന്ന് വിളിച്ചു കൂവുന്ന അനവധി പേരെ ഞാൻ ഈ പരിസരത്ത് കാണുന്നുണ്ട്. അവർ ഇങ്ങനെ വിളിച്ചു കൂവുന്നതിനു ഒരു കാരണം യുദ്ധവും അവരും തമ്മിൽ ഇന്ന് നില നില്ക്കുന്ന ഞാൻ നേരത്തെ സൂചിപ്പിച്ചത് പോലെ ഉള്ള അകൽച്ചയാണ് .
പക്ഷെ യഥാര്ത യുദ്ധം ഇതാണ് സഹോദരാ. ഇത് കണ്ടു നോക്കുക. ഇനിയും നിനക്ക് യുദ്ധം വേണമെന്നാണെങ്കിൽ എനിക്ക് ഒന്നും പറയാനില്ല
the flowers of war (2011) ---Zhang Yimou
balint fabian meets god (1980)---- Zoltán Fábri
the flowers of war (2011) ---Zhang Yimou
balint fabian meets god (1980)---- Zoltán Fábri
No comments:
Post a Comment