മൃഗങ്ങളെ വളരെ ശ്രദ്ധയോടെ നോക്കുന്ന മനുഷ്യനാണ് ഞാൻ. വിശേഷ ബുദ്ധിയില്ലാത്ത വിഭാഗമാണ് ഇവയെന്ന് പൊതുവെ പറയുമെങ്കിലും എന്റെ അനുഭവത്തിൽ നിന്ന് എനിക്ക് തോന്നിയത് അവ ഏതെല്ലാമോ തലങ്ങളിൽ മനുഷ്യനെകാൾ മേലെ ആണെന്നാണ്. എന്നെ ഇപ്പോൾ ആരെങ്കിലും ഒരു മൃഗത്തോട് ഉപമിച്ചാൽ അത് എന്നിൽ അത്ര ഏറെ വെറുപ്പ് ഉണ്ടാക്കുന്നില്ല. കാരണം എന്റെ ചുറ്റും കാണുന്ന എത്രയോ മനുഷ്യരേക്കാൾ നല്ലത് ഇവിടെ ഞാൻ എന്നും ഭക്ഷണം കൊടുത്തു വളർത്തുന്ന ഈ തെരുവ് പട്ടിയാണെന്നു എനിക്കറിയാം. അത് കൊണ്ടു മൃഗങ്ങളെ മനുഷ്യനിൽ നിന്ന് വേര്തിരിക്കുന്നത് എന്ന ഈ പ്രയോഗം ഞാൻ പ്രതിഷേധത്തോടെ മാത്രമേ സ്വീകരിക്കുകയുള്ളൂ. വ്യവസ്ഥാപിതമായ ചില കാര്യങ്ങളിൽ നിന്ന് (നഗ്നത പോലെ ഉള്ള) ചില മനുഷ്യര് മാറി ചലിക്കുമ്പോൾ എനിക്ക് അവയെ കുറിച്ച് വ്യക്തമായ അഭിപ്രായങ്ങൾ രൂപീകരിക്കാൻ കഴിയാതാകുമ്പോൾ ഞാൻ മൃഗങ്ങളിലേക്ക് നോക്കുന്നു. അവയിൽ ഇത് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കുന്നോ എന്ന് പരിശോധിക്കുന്നൂ. ഒന്നുമില്ല. അവ അത് അറിയുന്നു കൂടിയില്ല. അവയെ കാണുന്ന നാമും അത് അറിയുന്നു കൂടി ഇല്ല. അപ്പോൾ നഗ്നത മനുഷ്യനിൽ നിന്ന് തിരോഭവിച്ചു ഒരു ഭയമായി തീര്ന്നത് എന്ന് മുതലാണ് എന്ന് ഞാൻ അന്വേഷിച്ചു കൊണ്ടിരിക്കും. അതിന്റെ ഉത്തരം ഇന്നും എനിക്ക് കിട്ടിയിട്ടില്ല. തീര്ച്ചയായും നഗ്നത മനുഷ്യന്റെ സ്വാഭാവികമായ അവസ്ഥ തന്നെയാണ്. വസ്ത്രമാണ് മനുഷ്യൻ കണ്ടെത്തിയ അസ്വാഭാവികത. അതിന്റെ പരിണാമം ഏതു തരത്തിൽ ഉള്ളതാണെന്ന് ഞാൻ അന്വേഷിച്ചു കൊണ്ടിരിക്കുന്നു. ഇതൊക്കെയും എന്റെ ഒരു അന്ധ വിശ്വാസത്തിൽ അധിഷ്ടിതമാണ് എന്ന് ഞാൻ സമ്മതിക്കുന്നു. അതായത് നഗ്നത എന്നത് ഒരു പ്രാകൃതാവസ്തയല്ല എന്ന് ഞാൻ കരുതുന്നു. ഇന്ന് ഞാൻ അതിനെ ഭയപ്പെടുന്നു എന്നുള്ളത് കൊണ്ടു എന്നും ഞാൻ അതിനെ ഭയപ്പെടണം എന്നില്ല. ഈ ഭയപ്പാടിന്റെ ഉറവിടം എവിടെയാണ്? മനുഷ്യൻ നഗ്നനായി നടക്കുന്ന സമൂഹം അപകടകാരികളുടെ സമൂഹമാണോ? ഒരിക്കൽ അത് അങ്ങനെ ആയിരുന്നില്ലെങ്കിൽ ഇനി ഒരിക്കൽ അത് അങ്ങനെ ആകാതിരുന്നു കൂടെ. നമ്മൾ ഒരു ചോദ്യത്തെ അഭിമുഖീകരിക്കേണ്ടത് മുൻവിധികളോടെ അല്ല. തികച്ചും ധീരരായാണ്. അയ്യോ അങ്ങനെ ചോദിക്കാമോ എന്നുള്ള മനോഭാവം ഒരു ചോദ്യത്തിന്റെ നേരെയും ഉണ്ടാകാൻ പാടില്ല. അയ്യോ ഇത് വന്നാൽ മനുഷ്യ സമുദായം മുഴുവൻ നരക തീയിൽ ദഹിച്ചു പോകും എന്നുള്ള ഭയവും ഒന്നിന്റെ നേരെയും ഉണ്ടാകാൻ പാടില്ല. എന്താണ് ഈ പ്രശ്നത്തിന്റെ കാതൽ എന്ന് ഞാൻ അന്വേഷിച്ചു കൊണ്ടിരിക്കുന്നു. ഉത്തരം കിട്ടിയാൽ അറിയിക്കുന്നതായിരിക്കും.
No comments:
Post a Comment