Tuesday, 10 February 2015

പുസ്തകങ്ങളും സിനിമകളും

പുസ്തകങ്ങളും സിനിമകളും ഓരോ തരത്തിൽ കാഴ്ചകളിലൂടെ നമ്മെ ആകർഷിക്കുന്ന  കലകൾ ആണ്.  പക്ഷെ പുസ്തകങ്ങളിലെ കാഴ്ച നേരിട്ടുള്ള കാഴ്ചയല്ല.  പരിഭാഷപ്പെടുത്തുവാൻ തിടുക്കം കൂട്ടുന്ന അതി പ്രതീകങ്ങളാണ് അവിടെ ഉള്ളത്.  ദ്രിശ്യ ബിംബങ്ങളിലേക്ക് പരിവർത്തനം ചെയ്യപ്പെടുംബോഴേക്കും അവയ്ക്ക് പുതിയ  അർത്ഥങ്ങളും അർത്ഥ ഭംഗങ്ങളും അത് കൈകാര്യം ചെയ്യുന്നവന്റെ മാനസിക നില അനുസരിച്ച് സംഭവിച്ചു പോകുന്നത് സ്വാഭാവികമാണ്. ഭാഷയെ കുറിച്ചുള്ള നമ്മുടെ അറിവിന്റെ ആഴങ്ങൾ കൂടും തോറും വായന എന്ന ദ്രിശ്യാനുഭവത്തിനു പല പല തലങ്ങൾ ഉണ്ടായി തീരുന്നു.  പക്ഷെ സിനിമ നേരിട്ടുള്ള കാഴ്ചയാണ്.  അവിടെ പ്രതീകാത്മകത വളരെ കുറവാണ്.   പുസ്തകത്തിൽ പ്രതിപാദിച്ച  കസേര നിങ്ങൾ ജീവിതത്തിൽ പലപ്പോഴായി കണ്ട പല പല കസേരകളിൽ ഒന്ന് മാത്രമെങ്കിൽ, വെള്ളി തിരയിൽ നിങ്ങൾ ഇപ്പോൾ കണ്ട ഈ കസേര അവിടെ നിങ്ങൾ കണ്ട കസേരയല്ലാതെ മറ്റൊന്നായി മാറാൻ ഒരു നിവൃത്തിയുമില്ല.  അപ്പോൾ നിങ്ങൾ ഇപ്പോൾ ഈ കസേരയെ മനസ്സിലാക്കിയത്,  അത് പോലെ അല്ലാതെ മറ്റൊരു തരത്തിൽ മനസ്സിലാക്കാൻ നിങ്ങളുടെ അടുത്ത സീറ്റ്കാരന് കഴിയില്ല എന്ന് ചുരുക്കം.  എന്നിട്ട് കൂടി അവന്റെ ആസ്വാദനം എന്റെതിൽ നിന്ന് തുലോം വ്യത്യാസപ്പെട്ടു കിടക്കുന്നത് എന്ത്കൊണ്ടു.  നമുക്ക് ചുറ്റുമുള്ള വസ്തുക്കൾ ഓരോന്നും നമ്മിൽ ഉണ്ടാക്കുന്ന ധാരണകൾ, വികാരങ്ങൾ എന്നിവയൊക്കെ വ്യക്തി അധിഷ്ടിതമാണ് എന്നല്ലേ ഇതിന്നർഥം.  ശരിയായിരിക്കണം.  ഇന്നലെ ഇറച്ചി കടയുടെ മുന്നിൽ മരണം മുന്നിൽ കണ്ടു കഴുമരത്തിലെക്കുള്ള തന്റെ യാത്രയെ ബലപൂര്വ്വം പ്രതിരോധിച്ച ആ കാളകുട്ടി എന്നിൽ ഉണ്ടാക്കിയത് തീർത്താൽ തീരാത്ത വേദന ആണെങ്കിൽ, ഇറച്ചി വെട്ടു കാരനിൽ അവൻ സൃഷ്ടിച്ചത് ഒരു തരം   നീരസമായിരുന്നു.  മരിക്കുന്നതിനു മുൻപേ കുറെ തൊഴികൾ കൂടുതൽ കിട്ടുന്നതിനു അത് കാരണമാകുകയും ചെയ്യുന്നു.

അപ്പോൾ കലകളിൽ നാം ഏറ്റുമുട്ടുന്ന വസ്തുക്കൾ പോലെ ജീവിതത്തിൽ നമ്മുടെ മുന്നിൽ സ്ഥിതി ചെയ്യുന്ന ഓരോ വസ്തുക്കളും അസംഖ്യം അർത്ഥ തലങ്ങൾ ഉള്ള വസ്തുക്കൾ ആണ്.  തികച്ചും യാതാതതമായി അവ നമ്മുടെ മുന്നിൽ നില കൊള്ളുമ്പോഴും അവ നമ്മിൽ സൃഷ്ടിക്കുന്നത് ഭിന്ന വികാരങ്ങൾ ആണ്.  അത്ര മാത്രമേ ഒരു കലയിലും സംഭവിക്കുന്നുള്ളൂ.  കലയെ പോലെ ജീവിതത്തിനും ഓരോ ആളിലും  ഓരോ അർഥങ്ങൾ ഉണ്ടായി പോകുന്നത് അത് കൊണ്ടാണ്.  കലാകാരൻ നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്ന കഥയല്ല നാം വായിക്കുന്ന കഥയെന്നു ഞാൻ മുൻപൊരിക്കൽ പറഞ്ഞത് അത് കൊണ്ടാണ്.

No comments:

Post a Comment