Tuesday, 24 February 2015

അദൃശ്യ മനുഷ്യർ

ശ്മശാനത്തിലെ ഗാഡ നിശബ്ദതയിലൂടെ ഷെർലൊക് ഗോപാലനും  വാട്സൻ പാച്ചുവും  നടന്നു   .  പിന്നിൽ  നിന്ന്  അതി  നേർത്ത ഒരു   നിലവിളി   കേട്ട്  രണ്ടു  പേരും   തരിഞ്ഞു  നോക്കി . പേടിച്ചു പോയ പാച്ചു ഗോപാലന്റെ  തൊട്ടു  നിന്ന്  ഇങ്ങനെ  പറഞ്ഞു

പാച്ചു : എന്തോ  ശബ്ദം  കേട്ടത്  പോലെ  തോന്നി .

ഗോപാലൻ : വല്ല  പക്ഷികളും  കരഞ്ഞതാവും

പാച്ചു: അദൃശ്യരായ  മനുഷ്യരോ പ്രേതങ്ങലോ മറ്റോ ആകുമോ.

ഗോപാലൻ  : എടോ  ഞാനീ  അദൃശ്യ   മനുഷ്യരെ  ഒക്കെ  എത്ര  കണ്ടതാ . പേടി  തോണ്ടനാകാതെ  നടക്കു . നിന്നെ സീ ഐ ഡീ പണിക്കു പറ്റില്ല

പാച്ചു : അദൃശ്യ മനുഷ്യരെ എങ്ങനെയാ ഗുരോ താങ്കള് കണ്ടത്.

ഗോപാലൻ : കണ്ടു  എന്നായിരുന്നോ  ഞാൻ  പറഞ്ഞത് .  എന്നാൽ  കേട്ട്  എന്ന്   തിരുത്തി  വായിക്കുക .

പാച്ചു : അപ്പോൾ  കേട്ടത് എങ്ങനെ  ആണ്  ഗുരോ.

ഗോപലാൻ :  നീ  ആള്  സംസാരിക്കാൻ  പഠിച്ചു  പോയല്ലോ . മറ്റുള്ളവര്  പറയുന്നത്  കേട്ടു എന്നാണു  ഉദ്ദേശിച്ചത് .   ഈ അദൃശ്യ മനുഷ്യൻ പ്രേതം എന്നിവയൊക്കെ ഉണ്ടായാലും സീ ഐ ഡീ മാര് അവയിലൊന്നും വിശ്വസിക്കാൻ പാടില്ല.

************************************************************

എം ടോടി എഴുതിയ ഒരു ചെറു കഥയിലെ അദൃശ്യ മനുഷ്യനെ കുറിച്ചുള്ള വിവരണമാണ് മുകളിൽ കൊടുത്തത്.  നമ്മുടെ സിനിമകളിലും കഥകളിലും ഒക്കെ പണ്ടു മുതലേ ഈ അദൃശ്യ മനുഷ്യൻ നിറഞ്ഞു നിന്നിരുന്നു.  പ്രേതം ഭൂതം എന്നക്കെ ഉള്ള പേരുകളിൽ പലപ്പോഴും അദൃശ്യരായും ചിലപ്പോൾ ദൃശ്യരായും അവ നമ്മെ അനുധാവനം ചെയ്യുകയും പേടി പ്പെടുത്തുകയും ചെയ്തു കൊണ്ടെ ഇരുന്നു.

ആഖ്യായികകളിൽ ആദ്യമായി ഞാൻ അദൃശ്യ മനുഷ്യനെ കാണുന്നത്, അല്ലെങ്കിൽ കാണാതിരിക്കുന്നത്, ഷെർലൊക് ഗോപാലൻ  എന്ന പ്രസിദ്ധ കുറ്റാന്വെഷകനെ കുറിച്ചുള്ള ഏതോ  കഥയിൽ ആണെന്നാണ്‌ എന്റെ ഓര്മ്മ.  ഏതോ ഒരു കള്ളനെ പിടിക്കാൻ പോകുന്ന പോക്കിൽ പാച്ചു  എന്ന തന്റെ അര വട്ടൻ അസിസ്റ്റന്റ്‌ ഇനോട് ഗോപാലൻ  പറയുന്നത് ഏകദേശം ഇങ്ങനെ ആണ്.

ഗോപാലൻ :  എന്റെ സീ ഐ ഡീ കൾ അവിടെ ഒക്കെ വല വിരിച്ചിട്ടുണ്ട്.

പാച്ചു  : ആരാണാവോ ഈ സീ ഐ ഡീ കൾ.

ഗോപാലൻ  : സ്ഥലത്തെ ഭിക്ഷക്കാർ.

പാച്ചു : കുറച്ചു വിവരമുള്ള എന്നെയോ മറ്റോ നിർത്തിയാൽ പോരായിരുന്നോ.

ഗോപാലൻ : എടോ. തന്റെ കൂർത്ത മോന്ത കണ്ടാൽ തന്നെ കള്ളനു മനസ്സിലാകും നീ സീ ഐ ഡീ ആണെന്ന്. അവൻ പമ്പ കടക്കും.  മറ്റവൻ ആണെങ്കിൽ, കള്ളന്റെ കയ്യിൽ നിന്ന് ടെൻ മണീസ് ഭിക്ഷയും വാങ്ങി, അവിടെ കിടക്കുന്ന കിണ്ടി  അടിച്ചെടുത്താലും , മറ്റേ പുള്ളിക്ക് ഇവൻ സീ ഐ ഡീ ആണെന്ന് മനസ്സിലാകുകയെ ഇല്ല. കാരണം അവൻ അദൃശ്യനാണ്‌.

**************************************

ആഖ്യായികകളിൽ മനുഷ്യനെ അദൃശ്യനാക്കാനുള്ള ശ്രമങ്ങൾ പിന്നെയും എത്രയോ നടന്നിട്ടുണ്ട്.  അദൃശ്യ മനുഷ്യൻ എന്ന പേരില് ഒരു പുസ്തകം പോലും ഇറങ്ങിയിട്ടുണ്ട് എന്നാണു എന്റെ ഓര്മ്മ.  കാഫ്ക പക്ഷെ തന്റെ കഥാപാത്രത്തെ അദൃശ്യനാക്കാൻ ശ്രമിച്ചത്‌ പടി പടി ആയാണ്. ആദ്യത്തെ നോവലിൽ ജോസഫ്‌ കെ എന്ന പേരില് അറിയപ്പെട്ട മനുഷ്യൻ പിന്നീട് അങ്ങോട്ട്‌ വെറും കെ മാത്രമായി പോയി.  ആകാരം കുറക്കാൻ പറ്റാത്തത് കൊണ്ടു പേര് കുറച്ചു കൊണ്ടുള്ള ഒരു പ്രതീകാത്മക പരിപാടി.  അദ്ധേഹത്തിന്റെ മറ്റൊരു കഥയിൽ ഒരു മനുഷ്യൻ ഒരു കൃമി തന്നെ ആയി പോകുന്നതും നാം കണ്ടതാണ്.  ഇതൊക്കെ വായിച്ചതിനു ശേഷം കൈനാട്ടിക്കാരനായ ഏലിയാസ്‌ പറഞ്ഞത് എന്താണെന്നോ.  അതി ശക്തമായ  ഒരു കേന്ദ്രം ഉണ്ടാകുമ്പോൾ സാധാരണ  മനുഷ്യർക്ക്‌ അതിൽ നിന്ന് രക്ഷപ്പെടാൻ രണ്ടു വഴികളെ ഉള്ളൂ.  ഒന്ന് വളരെ ചെറുതായി ഒരു ക്രുമിയായി അതിന്റെ ശ്രദ്ധയിൽ പെടാതെ രക്ഷപ്പെട്ടു കളയുക.  അല്ലെങ്കിൽ ആകാരത്തിൽ അതി ഭീകരമായി വളർന്നു മറ്റേതിനെ കീഴ്പെടുത്തുക.  ക്ലാസുകളിൽ കുട്ടികൾ ഏറ്റവും അവസാനത്തെ ബെഞ്ചിൽ പോയി ഇരിക്കുന്നതിന്റെ കാരണം ഇതാണ് എന്ന് എം ടോടി അദ്ധേഹത്തിന്റെ ഒരു പഠനത്തിൽ വെളിപ്പെടുത്തിയിരുന്നു.  മുന്നിൽ ഇരിക്കുന്ന പിള്ളാർ, അദ്ധ്യാപകൻ എന്ന അധികാര  കേന്ദ്രത്തെ മലർത്തി അടിക്കാൻ കെൽപ്പുള്ളവർ ആയിരിക്കുംയും ചെയ്യും.

കാഫ്കയുടെ ലോകം സ്വപ്ന ലോകമാണെങ്കിൽ മജ്ജയും മാംസവും ഉള്ള ഒരു യതാർത്ഥ അദൃശ്യ മനുഷ്യനെ പിന്നെ നാം കാണുന്നത് ജെ എം കുറ്റ്സി എന്ന പ്രതിഭയിലൂടെ ആണ്. അദ്ധേഹത്തിന്റെ മൈകൾ കെ എന്ന ഭിക്ഷക്കാരൻ ജീവിതത്തിൽ എല്ലായിടത്തും അദൃശ്യനായിരുന്നു.  തെരുവിൽ അലഞ്ഞു തിരിച്ചു നടന്ന അവനെ ഒരിക്കൽ പട്ടാളക്കാർ ഒരു തടവിലാക്കി വിശാലമായ ഒരു ഘെറ്റോ യിൽ കൊണ്ടു പോയി ഇടുന്നു. കുറെ ദിവസം അവിടെ നിന്ന് ബോർ അടിച്ച കെ എന്ന മൈകൾ കെ, സ്ഥലം വിടാൻ തീരുമാനിക്കുന്നു.   ഗേറ്റിൽ നൂറു കണക്കിന് പട്ടാളക്കാർ കാവലിരിക്കുന്നതൊന്നും അവനു പ്രശ്നമല്ല. കാരണം അവൻ അദൃശ്യനായിരുന്നു. തന്റെ മുഴിഞ്ഞ വസ്ത്രവും,  അമ്മയുടെ ചിതാഭസ്മം അടക്കം ചെയ്ത പാത്രവുമായി കെ എന്ന മൈകൾ കെ അവിടെ നിന്നിറങ്ങി.  ആരും അവനെ കണ്ടില്ല. കാരണം അവൻ അദൃശ്യനായിരുന്നല്ലോ.

അന്ന് രാത്രി ഘെറ്റൊവിൽ നിന്ന് രണ്ടു പേര് രക്ഷപ്പെട്ടു എന്ന് മനസ്സിലാക്കിയ പട്ടാളക്കാര് പിറ്റേന്ന് നായക്കളെയും കൂട്ടി അവര് രക്ഷപ്പെടാൻ ഇടയുള്ള അടുത്തു തന്നെ ഉള്ള ഒരു കുന്നിലേക്ക് കയറുന്നു. ശരിക്കും പറഞ്ഞാൽ തടവിൽ നിന്ന് രക്ഷപ്പെട്ട രണ്ടു പേരും അവിടെ രണ്ടു ഗുഹകളിൽ അതിന്റെ വാതിലുകൾ ചെടികൾ കൊണ്ടു മറച്ചു പതുങ്ങി ഇരിക്കുകയായിരുന്നു.   മണം പിടിച്ച നായകൾ താഴെയുള്ള ഗുഹക്കു അടുത്തു വച്ച് മുരളുന്നത് മൈകൾ  കേട്ടു. ഇപ്പോൾ തന്നെ അവ തന്റെ അടുത്തെ എത്തും എന്ന് കെ മനസ്സിലാക്കി.  നായകളുടെ മണം അടുത്തു വരുന്നു.  അവ  തന്റെ ഗുഹയുടെ മുന്നില് മണത്തു നോക്കുന്നു. പക്ഷെ അവ മുരളുന്നില്ല.  ഒരു അദൃശ്യ മനുഷ്യന്റെ സാമീപ്യം മനസ്സിലാക്കാൻ അവയുടെ ജന്മ വാസനയ്ക്ക് പോലും കഴിയാതെ പോയി. അവ തിരിച്ചു പോയി.  പട്ടാളക്കാരൻ ഉച്ചത്തിൽ പറഞ്ഞു.  മറ്റവൻ എവിടെയോ പോയി.

തന്റെ ആത്മാവ് മുഴുവൻ പിഴിഞ്ഞ് പുറത്തേക്കു ഒഴുക്കി ഈ ശരീരത്തിൽ ഒന്നും ബാക്കി വരാതെ മരിക്കുമ്പോൾ കാലനു കൊണ്ടു പോകാൻ ഒന്നും തന്നെ ഉണ്ടാകില്ല എന്ന് അദൃശ്യനാകാൻ വെമ്പുന്ന മറ്റൊരു മനുഷ്യൻ പറഞ്ഞതും ഞാൻ ഓർക്കുന്നു.  പിന്നെ ലോകത്തിന്റെ നാനാ ഭാഗത്തും വ്യാപിച്ചു കിടക്കുന്ന ദരിദ്രർ, ഒന്നും തിന്നാതെ ശരീരത്തിനെയും മനസ്സിനെയും ഏകോപിപ്പിച്ചു ഒരു പോലെ അദൃശ്യതയിലേക്ക് നീങ്ങി ഇല്ലാതാകുന്ന  ഒരു പറ്റം ജനങ്ങൾ , അവരെയും ഞാൻ ഒര്മ്മിച്ചു കൊണ്ടിരിക്കുന്നു.

ref: franz kafka --- the trial, the castle, the metamorphosis
      elias canetti --- kafka's other trial
      j m coetzee -  life and times of michael k
      nikos kazantzakis -- report to greco
      ralph ellison----- invisible man
   
      

No comments:

Post a Comment