Friday, 9 January 2015

നമ്മുടെ അറിവുകൾ

അറിയുന്നതിനുള്ള  ഒരു പ്രത്യേകത എന്തെന്നാൽ അത് കൂടുതലാകുന്നതിനു അനുസരിച്ച് നമുക്ക് അറിയാത്തതിന്റെയും അളവ് കൂടുന്നു എന്നുള്ളതാണ്.  പണ്ടത്തെ ഒരു തമാശ പോലെ, അര വാതിൽ തുറന്നാൽ അര വാതിൽ അടഞ്ഞിരിക്കുമെങ്കിൽ, മുഴു വാതിൽ തുറന്നാൽ മുഴുവാതിൽ അടഞ്ഞിരിക്കെണ്ടതല്ലേ എന്ന വികലമായ യുക്തി പോലെ.  അറിയുക എന്നാൽ അറിയായ്മയുടെ ആഴം അറിയുന്നത് പോലെ തോന്നും.

നമ്മൾ പണ്ടു അറിഞ്ഞ ശരികൾ പലതും ഇന്നത്തെ തെറ്റുകൾ ആണ്.  ഒരു കാലത്ത് ബാക്ടീരിയ കളെ പുറത്താക്കി വാതിൽ കൊട്ടിയടച്ച നമ്മൾ ഇപ്പോൾ രഹസ്യമായി അവയെ മാടി വിളിക്കാൻ തുടങ്ങിയിരിക്കുന്നു. മലമ്പനി കാലത്ത് നമ്മൾ വിറച്ചത് രണ്ടു തരത്തിലായിരുന്നു. ഒന്ന് രോഗം കൊണ്ടും മറ്റൊന്ന് കൊതുകിനെ കാണുമ്പോഴുള്ള ഭയം കൊണ്ടും. പക്ഷെ ഇന്ന് ലോകത്തിന്റെ ഏതോ അകന്ന മൂലയിൽ ഇരുന്നു കൊണ്ടു ഒരുത്തൻ പറയുകയാണ്‌, ഈ കൊതുകൾ യഥാർത്ഥത്തിൽ രോഗം പരത്തുന്നില്ല, മറിച്ചു രോഗ സംക്രമണത്തെ ചെറുക്കുകയാണ് എന്ന്. ഞെട്ടി പോയി അല്ലെ. ഞെട്ടേണ്ട, അങ്ങനെ പലതും നാം ഇനിയും കേൾക്കാൻ ഇരിക്കുന്നതെ ഉള്ളൂ.  കോയമ്പത്തൂരിൽ താമസിച്ച എന്റെ മരുമകന്റെ മുറിയിൽ കൊതുകുകളെ കാണാഞ്ഞു സന്തോഷിച്ച എന്നെ നോക്കി അവൻ പറയുന്നു, 'സന്തോഷിക്കാൻ വരട്ടെ. ഇവിടത്തെ വായുവിൽ അപകടം പതിയിരിക്കുന്നു.  അത് കൊണ്ടു കൊതുകുകൾ ഇവിടെ നിന്ന് ഓടി രക്ഷപ്പെട്ടതാണ്. പക്ഷെ നമുക്ക് എവിടെയും ഓടാൻ പറ്റില്ലല്ലോ'. പിന്നീടൊരിക്കൽ കൊതുകുകൾ നുരഞ്ഞു  കൊണ്ടിരിക്കുന്ന ഒരു വീട്ടിലെ ഖിന്നരായ അന്തേവാസികളെ ഞാൻ സമാധാനിപ്പിച്ചു 'ഭയപ്പെടരുതു. കൊതുകുകൾ ജീവിക്കാൻ ധൈര്യം കാണിക്കുന്ന ഈ വായു സ്വച്ഛമായ വായുവാണ്. ഒന്നും പേടിക്കാനില്ല എന്ന്.

എണ്ണ വില കൂടിയതായി അറിഞ്ഞു പേടിച്ച നമ്മൾ, അതെ എണ്ണ വില കുറയുന്നത് അറിഞ്ഞു അതിലും കൂടുതൽ പേടിക്കുന്നു. വിഷം കഴിച്ചാൽ മരിച്ചു പോകും എന്ന് അറിയുന്ന നമ്മൾ വിഷം കുത്തി വച്ച് ചികിത്സിക്കുന്നു.  അരിയില്ലാതെ ജീവിതമില്ലെന്നു അറിയുന്ന നാം നെൽപാടങ്ങൾ ശവ പറമ്പുകൾ ആക്കി, അവിടെ, ജീവിക്കുന്നവർക്ക് സ്മാരകങ്ങൾ പണിയുന്നു.  പരസ്പര സ്നേഹം നല്ലതെന്ന് ഉള്ളിൽ അറിഞ്ഞ നാം മാത്സര്യം പ്രോത്സാഹിപ്പിക്കുന്നു.

അങ്ങനെ അങ്ങനെ നമ്മൾ അറിയുന്നതെന്തും
നമ്മൾ അറിയാതിരിക്കുന്നു 

No comments:

Post a Comment