Tuesday, 6 January 2015

അമ്പു കുത്തി കുന്ന്

അമ്പുകുത്തി കുന്നിന്മ്മേൽ ഇരുന്നാൽ അങ്ങ് ദൂരെ താഴ്‌വാരങ്ങൾ വ്യക്തമായി കാണാം. വൈകുന്നേരം കുന്നിൻ ചെരുവുകളിൽ, കുട്ടികൾ കാൽ പന്ത് കളിക്കുന്നതും കാണാം. സന്ധ്യ മയങ്ങി ഇരുട്ട് പരക്കുമ്പോൾ പിന്നെ നാട്ടു വെളിച്ചവും, എങ്ങു നിന്നോ കടന്നു വരുന്ന ഇളം കാറ്റും മാത്രം. ഒറ്റയ്ക്ക് ഇരിക്കുമ്പോൾ അടുത്തു ആരോ കൂട്ടിനു ഇരിക്കുന്നത് പോലെ തോന്നും. ഒന്നും പറയാതിരിക്കുന്ന മറ്റൊരാൾ. ഇരുട്ടിനു കട്ടി കൂടുമ്പോൾ മെല്ലെ കുന്നിറങ്ങി എന്റെ കൂട്ടിലേക്കുള്ള വഴിയെ തിരിച്ചു പോകും. മല ഇറങ്ങുവോളം അയാളും എന്റെ കൂടെ നടക്കും. പിന്നെ ശാന്തത മാത്രം.

30 may 1982 (from my diary)

അമ്പുകുത്തി കുന്നിൻ മുകളിൽ നിന്ന് താഴേക്കു നോക്കിയാൽ നാഴികകളോളം പരന്നു നിൽക്കുന്ന താഴ്വാരങ്ങൾ. കോടയുടെ നേർത്ത പാളികൾ അവയെ തഴുകി കൊണ്ടു കടന്നു പോവുകയാണ്. ആകപ്പാടെ ശാന്തമായ അന്തരീക്ഷം. മനസ്സിന് നല്ലൊരു കുളിർമ്മ.

പക്ഷെ ഈ സന്തോഷം അകൽച്ചയുടെ സന്തോഷമാണ്. ഉയർച്ചയിൽ നാം പലതും അറിയാതെ പോകുന്നത് കൊണ്ടുള്ള സന്തോഷമാണ്. താഴ്വാരത്തിലെ ചാത്തുവിന്റെ കുടിലിലെ ചെറിയ കുഞ്ഞിന്റെ രോദനം ഇപ്പോൾ വനരോദനം മാത്രമാണ്. ഇത്രയും ഉയരങ്ങൾ താണ്ടി അതിനിനി എന്റെ ചെവിയിലെത്താൻ കെല്പില്ല.

ഉയര്ച്ചകൾക്ക്‌ ഇങ്ങനെ ഒരു കുഴപ്പമുണ്ട്. അവ താഴ്ചകളെ വിസ്മ്രുതിയിലാക്കുന്നു. അവിടങ്ങളിലെ ഏങ്ങലുകൾ ആർത്തടിക്കുന്ന കൊടുംകാറ്റുകളിൽ ചിന്നഭിന്നമായി മറ്റു ചെവികളിൽ എത്താതെ പോകുന്നു.

ഉയരത്തിൽ ഇരുന്നു കൊണ്ടു നമുക്ക് ഒന്നും അറിയാതിരിക്കാം.

കുന്നിൻ മുകളിൽ ഇരുന്നു കൊണ്ടുള്ള കാണൽ മിഥ്യ യാണ്. അത് തുറക്കപ്പെടാത്ത പുസ്തകം പോലെ ആണ്. ഞങ്ങൾ പുറംചട്ടയുടെ കാഴ്ചക്കാരാണ്

No comments:

Post a Comment