Tuesday, 13 January 2015

ചാത്തു ഏട്ടന്റെ മരണം.

ചാത്തു ഏട്ടന്റെ വീട്ടുകാരും അയൽക്കാരനായ രാമാട്ടന്റെ വീട്ടുകാരും ബദ്ധ ശത്രുക്കൾ.  ചാത്തു ഏട്ടന്റെ ഭാര്യ ചിരുതമ്മക്കു രാമാട്ടനെ കണ്ണെടുത്താൽ കണ്ടു കൂടാ. ആയ കാലത്ത് രാമാട്ടൻ   ചിരുതമ്മയെ കേറി പിടിച്ചു എന്ന് നാട്ടിൽ ഒരു ശ്രുതിയുണ്ട്.  മറ്റൊരു ശ്രുതിയുള്ളത്  ചിരുതമ്മ രാമാട്ടന്റെ  ലപ്പായിരുന്നു എന്നും, രാമാട്ടൻ  കാലു മാറി എന്നുമാണ്. സത്യം എന്തായാലും അവരുടെ സ്പർദ്ധ എല്ലാവരുടെയും മുന്നിൽ സ്ഥിതി ചെയ്യുന്ന ഒരു മഹാ സത്യമായിരുന്നു.

അങ്ങനെ ഇരിക്കെ ചാത്തു ഏട്ടൻ ചത്തു. സ്വാഭാവിക മരണം. വയസ്സ് എണ്‍പത് ആണെന്ന് ഓർക്കുക. അന്ന് ഭര്ത്താവ് മരിച്ചാൽ ഇന്നത്തെ പോലെ ആയിരുന്നില്ല സ്ത്രീകള് പെരുമാറിയിരുന്നത്.  വീട്ടിന്റെ നടുത്തളത്തിൽ ജടത്തെ  കിടത്തി, സംഭോഗ ശ്രുംഗാരത്തിലെന്ന പോലെ ഭാര്യ ഭർത്താവിനെ കെട്ടി പിടിക്കുന്നു . അതിനു ശേഷം ഭർത്താവിന്റെ സദ്‌ ചെയ്തികൾ ഓരോന്നും വാവിട്ടു നിലവിളിക്കുന്നതിനിടയിൽ ഉരുവിട്ട് കൊണ്ടെ ഇരിക്കുന്നു. കുറെ പേര് പാർശ്വ  ഭാഗത്തിരുന്നു അവരെ സമാധാനിപ്പിക്കുകയും വിശറി കൊണ്ടു വീശി കൊടുക്കുകയും ചെയ്യുന്നു. (ഇത് ഫാൻ എന്ന പങ്ക കണ്ടു പിടിക്കുന്നതിനു മുന്പാണ്.  അത് കഴിഞ്ഞു ഒരു പത്തു വര്ഷം കഴിഞ്ഞാണ് നമ്മുടെ നാട്ടിൽ രണ്ടു തരത്തിലുള്ള ഫാനുകൾ കണ്ടു പിടിച്ചത്.  ഒന്ന് കാറ്റ് കൊള്ളുന്നതിനും മറ്റേതു മറ്റുള്ളവരെ കാറ്റടിച്ചു ഉയർത്തുന്നതിനും)

അപ്പുറത്ത് പുഴക്കരയിൽ ഇരുന്നു രാമകൃഷ്ണൻ എന്ന രാമാട്ടൻ തന്റെ ശത്രുവിന്റെ തീയൻ ചത്തുപൊയതിൽ ദുഖിക്കുകയായിരുന്നു. എങ്ങനെ പോകാതിരിക്കും, ദുഖിതനായ രാമാട്ടൻ ആലോചിച്ചു.  ശത്രുവാണെങ്കിലും മരണത്തിൽ മുഖം കാണിക്കാതിരിക്കുന്നത് ക്രൂരതയാണ്.  പാണ്ഡവന്മാര് കൌരവന്മ്മാരോട് പോലും അത് ചെയ്തിട്ടില്ല.  അപ്പോൾ വെറും രാമനായ ഞാൻ അത് ചെയ്യാമോ. ഇത്രയും ചിന്തിച്ചു കൊണ്ടിരുന്നപ്പോഴേക്കും രാമാട്ടന്റെ പാദങ്ങൾ മൃത ഭൂമിയെ ലക്ഷ്യമാക്കി  ചലിക്കാൻ തുടങ്ങിയിരുന്നു.  മുറ്റത്ത്‌ എത്തിയപ്പോൾ  നടുമുറിയിൽ കിടത്തിയിരിക്കുന്ന ചാത്തുവിന്റെ പാദങ്ങൾ വരാന്തയിലേക്ക്‌ നീണ്ടു വരുന്നത് പോലെ രാമനു തോന്നി.  മെല്ലെ മെല്ലെ അമ്പലത്തിൽ ഇഷ്ട വരനെ കിട്ടാൻ വേണ്ടി അടി വച്ച് അടി വച്ച് നടക്കുന്ന കന്യകയെ പോലെ രാമകൃഷ്ണൻ എന്ന രാമൻ , ചാത്തുവിന്റെ ശവ ശരീരത്തിന് നേരെ നീങ്ങി.  ചിരുതമ്മ അപ്പോഴും കരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. രാമാട്ടൻ വേദനയോടെ ചിരുതമ്മയുടെ കരച്ചിൽ ശ്രദ്ധിച്ചു കൊണ്ടിരുന്നു. ഇടമുറിയാതെ അവർ പറഞ്ഞു കൊണ്ടിരുന്ന ഭാര്തൃ അപാദാനങ്ങൾ കേട്ട് കൊണ്ടെ ഇരുന്നു.  അത് ഇങ്ങനെ ആയിരുന്നു.  'അയ്യോ. ഇന്നലെ വരെ ഒന്നും ഇല്ലാത്ത മനുഷ്യനായിരുന്നല്ലോ. എന്താ നായിന്റെ മോനെ ഇങ്ങനെ നോക്കുന്നത്. ചത്തൊന്നു നോക്കാൻ വന്നതാണോ. അയ്യോ ഇനി എനിക്ക് ആരാ ഉള്ളത്. നോക്കാതെ പോടാ പട്ടീ. ഓരോരുത്തൻ കേറി വന്നിരിക്കുന്നു. അയ്യോ എന്റെ ചാത്തു ഏട്ടാ ഇനി എനിക്ക് ആരാ ഉള്ളത്'.  രാമാട്ടൻ ചുറ്റും നോക്കി. ഇല്ല ആരും ഇതൊന്നും കേൾക്കുന്നില്ല എന്ന് തോന്നുന്നു. എല്ലാം ഒരു മരണ നിലവിളിയുടെ ഭാഗങ്ങളായി ജനങ്ങള് ധരിച്ചിരിക്കുന്നു.  ആരോടും പറയാതെ അവിടെ നിന്ന് ഇറങ്ങി നടന്ന രാമാട്ടൻ പുഴക്കരയിൽ പോയി ഇരുന്നു.

No comments:

Post a Comment