Monday, 5 January 2015

ഒരു കാലഘട്ടത്തിന്റെ വ്യഥ

ഏതൊരു സിനിമയുടെയും ആസ്വാദനം അതിന്റെ ഒന്നാം ഭാഗത്തിൽ നിന്ന് തുടങ്ങുമ്പോൾ ഞാൻ ആ പതിവ് രീതി മറിച്ചിടുകയാണ്.  ഹാനി അബു ആസാദിന്റെ ഒമർ എന്ന ആധുനിക പ്രണയ കാവ്യത്തിന്റെ അന്ത്യ രംഗങ്ങൾ ഇങ്ങനെ ആണ്.  ഒരു പ്രത്യേക സാഹചര്യത്തിൽ ഇസ്രായേൽ ചാരനാകാൻ നിർബന്ധിക്കപ്പെട്ട പാലസ്തീനിയൻ സ്വാതന്ത്ര്യ സമര പോരാളിയായ ഒമർ, തന്നെ ഇത്ര നാളും ഉപയോഗിച്ച്  കൊണ്ടിരുന്ന ഇസ്രായേലി ചാരനെയും, അദ്ധേഹത്തിന്റെ രണ്ടു രക്ഷാ ഭടരെയും അനുഗമിച്ചു കൊണ്ടു നടന്നു പോകുന്നു. കാട്ടിൽ ഒരിടത്തു വച്ച്, നാട്ടുകാരനും സുഹൃത്തും ആയ തന്റെ പ്രതിയോഗിയെ വക വരുത്താൻ വേണ്ടി താൻ വാങ്ങിക്കുന്ന തോക്ക് ഉപയോഗിച്ച്, ദാതാവായ ഇസ്രായേൽ ചാരനെ തന്നെ ഒമർ വധിക്കുന്നതോടെ സിനിമ അവസാനിക്കുന്നു.

നമുക്ക് പലതും പറയാം.  ഒമർ അവസാനത്തെ ഭാഗത്ത്‌ തന്റെ യഥാര്ത ദൗത്യം മനസ്സിലാക്കി എന്നോ തന്റെ യഥാർത്ഥ കൂറ് എങ്ങോട്ടാണ് എന്ന് മനസ്സിലാക്കി എന്നൊക്കെ.  പക്ഷെ ആസാദ് പറയാൻ ഉദ്ദേശിച്ചത് അത് തന്നെയാണോ? അല്ലെന്നു ഞാൻ സംശയിക്കുന്നു.  ചിത്രത്തിലുടനീളം നാം അഭിമുഖീകരിക്കുന്നത്  മാനം മുട്ടെ വളർന്നു നില്ക്കുന്ന മതിലുകൾ ആണ്.  പിന്നെ വെളിച്ചം നിറഞ്ഞ ഊടു വഴികളിൽ അപ്രാപ്യരായ മനുഷ്യർ.  സ്വന്തമെന്നു വിശ്വസിക്കുന്നവരോട് പോലും ആശയ വിനിമയം നടത്താൻ മതിലുകൾ ചാടേണ്ടി വരുന്ന മനുഷ്യർ. അവരുടെ മനസ്സിന്റെ ഊടു  വഴികളിൽ ഇരപിടിക്കാൻ നടക്കുന്ന എതിരാളികൾ.  പരസ്പര വഞ്ചനയുടെ ഒരു ഗാഥ.  അതാണ്‌ ആസാദ് ഇവിടെ പറയുന്നത്.  രക്ഷാ ഭടരോടോത്തു വരുന്ന ചാരനെ കൊല്ലാൻ തീരുമാനിക്കുന്നവൻ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചവൻ ആയിരിക്കാതെ നിവൃത്തിയില്ല.  അവൻ മുന്നേ മരിച്ചവൻ ആണ്.  അവനെ ആർക്കും കൊല്ലാൻ കഴിയില്ല. കാരണം അവൻ സ്വയം കൊന്നവൻ ആണ്.  ആസാദ് നേരെ ചൊവ്വേ അല്ലാതെ പറയാൻ ഉദ്ദേശിക്കുന്നതും ചിലപ്പോൾ ഈ ലോകത്ത് വർത്തമാന കാലത്ത് വളർന്നു വന്നു കൊണ്ടിരിക്കുന്ന ഈ പുതിയ തലമുറയെ കുറിച്ചായിരിക്കണം. നമ്മൾ അവരെ ഭീകരർ എന്ന് വിളിക്കുന്നു.  കൊന്നു തീർത്തു കൊണ്ടു ഈ പ്രശ്നം തീർത്തു കളയാൻ പറ്റുമോ. നാം സ്വയം ചോദിക്കേണ്ട ചോദ്യമാണ്.  ആസാദിന്റെ ഉയർന്നു നില്ക്കുന്ന മതിലുകളും, ഇരുണ്ടു നിൽക്കുന്ന വീഥികളും നമ്മളോട് ചോദിക്കുന്നത് ഇതേ ചോദ്യമാണ്.  സ്നേഹവും സാഹോദര്യവും നിഷേധിക്കപ്പെടുന്ന മനുഷ്യൻ തന്റെ സഹജീവികളെ പോലും സംശയ ദൃഷ്ടിയോടെ നോക്കുന്നതാണ് നാം ഈ സിനിമയിൽ ഉടനീളം കാണുന്നത്.  തന്റെ ശത്രുവിനേക്കാൾ സംശയം അവനു തന്റെ മിത്രത്തെ ആണ്.  അവനെയാണ്‌ അവൻ ഇല്ലായ്മ ചെയ്യാൻ ആലോചിക്കുന്നത്.  ഇത് ഒരു വല്ലാത്ത ദുരിതമാണ്.

ആസാദിന്റെ സിനിമ ഒരു സമൂഹത്തിന്റെ മാത്രം സിനിമയല്ല. ഒരു കാലഘട്ടത്തിന്റെ സിനിമ ആണ്.  ഒരു തരത്തിൽ നമ്മളെല്ലാവരും ഭീതിയോടെ അറിയുന്നതും, നമ്മളിൽ പലരും അനുഭവിക്കുന്നതും ആയ ഒരു യാതാർത്യമാണ് ഇത്.  ഈ ഭീതിയിൽ നിന്ന് ഈ കാലഘട്ടത്തെ ആര് രക്ഷിക്കും. ആസാദ് തികച്ചും നിഷ്പക്ഷനായി ചോദിക്കുന്ന ഒരേ ഒരു ചോദ്യം ഇതാണ് എന്ന് എനിക്ക് തോന്നുന്നു.

No comments:

Post a Comment