എന്റെ ഒരു പരിചയക്കാരൻ മൊബൈൽ ഫോണ്‍ എടുത്തു അവന്റെ അമ്മയെ വിളിക്കുകയാണ്. അവന്റെ സംഭാഷണം ഇങ്ങനെ
ഹലോ . വൃദ്ധ സദനം അല്ലെ. ഒന്ന് ജാനു അമ്മക്ക് കൊടുക്കുമോ.
ഹല്ലോ. അമ്മയല്ലേ. ഹാപ്പി മതെർസ് ഡേ അമ്മാ.
ഇത് ഞാൻ സ്വയം ഉണ്ടാക്കി പറയുകയാണെന്ന് ധരിച്ചു കളയരുത്. ഇങ്ങനെ ഉള്ള എത്ര സംഭവങ്ങൾ വേണമെങ്കിലും നിങ്ങൾക്ക് കാണാൻ പറ്റും. പലരും അമ്മയെ വൃദ്ധ സദനങ്ങളിൽ ആക്കി കളയുന്നത്, അമ്മയോട് സ്നേഹക്കുറവു ഉള്ളത് കൊണ്ടല്ല, മറിച്ചു വീട്ടിലെ അതി സാമീപ്യത്തിൽ അമ്മയെ അധികം സ്നേഹിക്കാൻ കഴിയില്ല എന്നും ,, കുറച്ചു അകലത്താകുമ്പോൾ, അവരെ നല്ല വണ്ണം സ്നേഹിക്കാൻ പറ്റും എന്നുമുള്ള ആത്മീയമായ അറിവ് കൊണ്ടു മാത്രമാണ്. അങ്ങനെ ഉള്ളവരെ നമുക്ക് കുറ്റം പറയാൻ പറ്റില്ല. നമുക്ക് ചുറ്റുമുള്ള പലതും നമ്മെ പഠിപ്പിക്കുന്നത് അത് തന്നെയാണ്. പണ്ടൊരിക്കൽ ഡൽഹി എന്ന ഒരു രാജ്യത്ത് ഒരു പെണ്‍ കുട്ടി ഒരു ബസ്സിൽ പീഡിക്കപ്പെട്ടപ്പോൾ വളരെ അധികം ബഹളം ഉണ്ടാക്കിയ നമ്മൾ , ഇവിടെ അടുത്തു രണ്ടു ദളിത പെണ്‍കുട്ടികളെ ആരോ പീഡിപ്പിച്ചു കൊന്നു മരത്തിൽ കെട്ടി തൂക്കിയിട്ടത് അറിഞ്ഞതില്ല, അല്ലെങ്കിൽ അറിഞ്ഞതായി ഭാവിച്ചില്ല. ഇതാ കഴിഞ്ഞ ആഴ്ചത്തെ കാര്യം തന്നെ നോക്കുക. അങ്ങ് ഏതോ ഒരു വിദേശ രാജ്യത്ത് കുറെ ചെറിയ കുട്ടികൾ ഭീകരരുടെ കൈകൾ കൊണ്ടു വധിക്ക പ്പെട്ടപ്പോൾ , മെഴുകു തിരി എടുത്തു നടന്നവർ, നമ്മുടെ നാട്ടിൽ ഒരിടത്ത് കുറെ കുട്ടികൾ , മറ്റൊരു തരം ഭീകരരുടെ കൈകളാൽ വധിക്കപ്പെട്ടപ്പോൾ, മെഴുകുതിരി പോയിട്ട് ഒരു തീപ്പെട്ടി കൊള്ളി പോലും കത്തിക്കാൻ മറന്നു പോയി. . ദെസ്തൊവിസ്കിക്കും , ക്രിസ്തുവിനും ഇത് നന്നായി അറിയാമായിരുന്നു. നിങ്ങൾക്ക് നിങ്ങളുടെ അയൽക്കാരനെയാണ് സ്നേഹിക്കാൻ പറ്റാത്തത് എന്ന് ആദ്യത്തെ ആളും, നിങ്ങൾ നിങ്ങളുടെ അയൽക്കാരനെ നിങ്ങളെ പോലെ സ്നേഹിക്കണം, എന്ന് രണ്ടാമത്തെ ആളും ഇടയ്ക്കിടെ ഉരുവിട്ട് കൊണ്ടു നിന്നത് അത്തരം ഒരു ഭയം അവരുടെ മനസ്സിൽ ഉണ്ടായിരുന്നത് കൊണ്ടാണ്.
വൃക്കയ്ക്ക് രോഗം വന്ന ചാത്തു, നാട്ടുകാരുടെ ഓരോരുത്തരുടെയും വീട്ടിൽ നേരിട്ട് പോയി തന്റെ കദന കഥ വിവരിച്ചു. ഒന്നാമത്തെ വൈകുന്നേരം പിരിഞ്ഞു കിട്ടിയത് ആകെ 500 രൂപ. നമ്മുടെ നാട്ടുകാര് മുഴുവൻ ദുഷ്ടന്മാർ ആണെന്ന് സാക്ഷാൽ ദൈവം തമ്പുരാൻ വന്നു പറഞ്ഞാലും ഞാൻ വിശ്വസിക്കില്ല. പക്ഷെ അന്ന് വൈകുന്നേരം ചാത്തുവിനോട് രാമൻ മാഷ് പറഞ്ഞു. 'എന്തിനാ ചാത്തു, സുഖമില്ലാതെ നീ ഇങ്ങനെ ഓരോരുത്തന്റെയും പുറകെ നടന്നു വിഷമിക്കുന്നത്. നമുക്ക് ഒരു പത്രത്തിൽ പരസ്യം കൊടുത്തു നോക്കാം.'. അതും പറഞ്ഞു ഒരു പത്തു ദിവസം കഴിയുമ്പോഴേക്ക് നാട്ടിലെ ഏതോ ഒരു ബാങ്കിൽ തുടങ്ങിയ ചാത്തുവിന്റെ അക്കൗണ്ട് ലേക്ക് വന്നു വീണത് 20 ലക്ഷം രൂപയാണ്. മാഷ് മര്യാദക്കാരനായതു കൊണ്ടു ഉടനെ ചാത്തുവിനെയും മറ്റു ഭാരവാഹികളെയും കൂട്ടി ബാങ്കിൽ പോയി ആ അക്കൗണ്ട് ക്ലോസ് ചെയ്തു തരണം എന്ന് പറഞ്ഞു. 'ഇനിയും ഒരു പത്തു നാള് കൂടി അക്കൗണ്ട് തുടർന്നാൽ അതിൽ കോടികൾ വന്നു നിറയും മക്കളെ. ഒരിക്കലും കക്കാത്ത എന്നോടും അന്നേരം കട്ട് പോകില്ല എന്ന് ആര് കണ്ടു' കളങ്കം തൊട്ടു തീണ്ടിയില്ലാത്ത ഒരു മനുഷ്യന്റെ മൊഴിയാണ് ഇത്.
അപ്പോൾ ഒരു മനുഷ്യനെ ആത്മാർഥമായി സ്നേഹിക്കണം എന്ന് നിങ്ങൾക്ക് തോന്നുന്നു എങ്കിൽ, അയാളെ നിങ്ങളുടെ പടിക്കൽ നിന്ന് അടിച്ചോടിക്കുക. കാമുകനോട് എല്ലാ കാലവും പ്രേമം തോന്നണമെന്നു തോന്നുന്ന കാമിനിമാർ അവന്റെ ദുർമുഖം തന്റെ കണ്‍ മുന്നിൽ പ്രദർശിപ്പിക്കാൻ അനുവദിക്കാതിരിക്കുക. അതിനു പകരം, ഫേസ് ബുക്ക്, ചാറ്റ്, എന്തിനു മൊബൈൽ ഫോണ്‍ എന്ന പഴയ ആ ഉപകരണം പോലും ഉണ്ടല്ലോ. തമ്മിൽ കാണാതെ സ്നേഹിച്ചു കൊണ്ടിരുന്ന പലരും നേരിട്ട് കണ്ടപ്പോൾ പൊട്ടിച്ചിതറിയ കഥകൾ നമ്മൾ ദിവസമെന്നോണം വർത്തമാന പത്രങ്ങളിൽ വായിക്കുന്നുണ്ടല്ലോ.
ഇൻലാൻഡ് മുതൽ, മൊബൈൽ , ഫേസ് ബുക്ക് എന്നിവ വരെയുള്ള ആധുനിക , അത്യാധുനിക കണ്ടുപിടുത്തങ്ങൾ പലതും , ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ, മനുഷ്യരെ പരസ്പരം അകറ്റി നിർത്തി , അവരെ കൂടുതൽ ആഴത്തിൽ സ്നേഹിക്കാൻ പഠിപ്പിച്ച മാധ്യമങ്ങൾ ആണ്.
അവ നീണാൾ വാഴട്ടെ.