Thursday, 11 December 2014

മനുഷ്യനെ അകറ്റുന്ന ഭാഷകൾ

ഭാഷ കണ്ടു പിടിച്ച മനുഷ്യരുടെ (ഒരു കണ്ടുപിടുത്തവും ഒരാളുടെത് മാത്രമല്ല എന്ന് ഞാൻ വിശ്വസിക്കുന്നു.  ഇനി അഥവാ ഏതെങ്കിലും ഒരു കണ്ടുപിടുത്തത്തിന്റെ ക്രെഡിറ്റ്‌ പൂർണ്ണമായും ഒരാളുടെ തലയിൽ ചാർത്തിക്കൊടുക്കണം എന്ന് നിങ്ങൾക്ക് നിർബന്ധം ഉണ്ടെങ്കിൽ അത് എന്റെ  ഹിസ്റ്ററി എന്ന ചെറു കഥയിലെ   മാനിനെ എറിയാൻ  കരിങ്കല്ല്  കണ്ടെത്തിയ  പൊട്ടൻ ചാത്തന്റെ തലയിൽ   മാത്രമാണ്).  ഉദ്ദേശ്യം പരസ്പര ആശയ വിനിമയം മാത്രമായിരുന്നില്ല , മനുഷ്യനെയും മനുഷ്യനെയും പരസ്പരം അടുപ്പിക്കുകയും കൂടി ആയിരുന്നു.  (ഏതോ ഒരുത്തൻ എന്നോ ചെയ്തു വച്ച അക്ഷര പിശകായിരിക്കണം, മനുഷ്യനെ അടുപ്പിക്കേണ്ട ഭാഷയെ അവരെ പരസ്പരം അടിപ്പിക്കുന്ന ഭാഷയായി തരം താഴ്ത്തിയത്.)

മനുഷ്യന് ആദ്യം ഒരു ഭാഷയെ ഉണ്ടായിരുന്നുള്ളൂ എന്ന് ബൈബിൾ സമർഥിക്കുന്നു, ബാബേൽ ഗോപുരത്തിന്റെ നിർമ്മിതി വരെ എങ്കിലും.  സ്വർഗത്തിലേക്ക് നേരെ അങ്ങ് നടന്നു കയറാമെന്ന് കരുതി പൊട്ടൻ മനുഷ്യൻ ചെയ്തു കൊണ്ടിരുന്ന  ഈ വങ്കത്തരം കണ്ടു സാക്ഷാൽ ദൈവം തമ്പുരാനോട്‌ ചിരിച്ചു പോയി.  'ഇവനെന്ത് വിഡ്ഢി. സ്വര്ഗം ഇങ്ങു മേലെ ആണെന്നാ ഇവൻ ധരിച്ചിരിക്കുന്നത്‌.  എങ്ങനെയാ ഇവനെ ഒന്ന് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുക' ദൈവം ആത്മഗതം പോലെ പറഞ്ഞു.  'ഞാൻ ആയിട്ട് ഇത് പൊളിച്ചു എന്ന് പറയിക്കേണ്ട . വേറെ എന്തെങ്കിലും പാര വച്ച് കൊടുക്കാം' പടച്ചോൻ ചിന്ത തുടർന്നു.  അങ്ങനെ ആണ് അദ്ദേഹം അവരുടെ നാവിൽ കയറി നാവു വളച്ചു കളഞ്ഞത്.  താഴെ ഉള്ള പിള്ളാർക്ക് സംഗതി പിടി കിട്ടിയില്ല. വായ തുറന്നാൽ ചില അപ ശബ്ദങ്ങൾ മാത്രം.  ഭേ. ഭേ. ഭേ. എന്ന പോലെ.  ആർക്കും പരസ്പരം മനസ്സിലാകുന്നില്ല.  ചീഫ് പെരുതെരി പറയുന്നത് തെരിയാതെ പണിക്കാര് എന്ത് ചെയാനാ.  ഗോപുരം പണി നിർത്തി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ എവിടെ നിന്നോ കയറി വന്ന ഒരു കാറ്റിൽ അത് പടോ എന്ന് പറഞ്ഞു താഴെ വീണു തരിപ്പണമായി.  കട്ട് മുടിച്ചതിനു ശേഷവും ഡയറക്റ്റ് ആയി സ്വർഗത്തിൽ കയറാൻ , ഒരു ഏണി വച്ചാൽ മതി എന്നുള്ള നമ്മുടെ വല്യച്ചന്മമാരുടെ ധാരണ അവിടെ പൊളിഞ്ഞു പാളീസായി. പക്ഷെ അവർക്ക് അതോടെ രണ്ടു കാര്യങ്ങൾ മനസ്സിലായി.  ഭാഷയില്ലാതെ സംഗതി ഒന്നും നടക്കില്ല എന്ന ഒന്ന്. പിന്നെ ഈ സ്വര്ഗം എന്നത് അങ്ങ് ആകാശത്തൊന്നും അല്ല,  ഇവിടെ ഈ പറമ്പിന്റെ ഏതോ അറിയാത്ത മൂലയിൽ തന്നെ ആണ് എന്ന മറ്റൊന്ന് .  നാവൊക്കെ നേരെ ആക്കി പുതിയ ഭാഷ പഠിച്ചു വന്നപ്പോഴേക്കും പലരുടെയും നാവു പല രീതിയിൽ ആയിപ്പോയി.  അങ്ങനെ അനേകം ഭാഷകൾ.  അതും സാരമില്ല.  പഠിക്കാൻ പറ്റുമല്ലോ എന്ന് മനുഷ്യൻ സമാധാനിച്ചു.

ചിരുതയുടെ മോൾ ചന്ദ്രിയുടെ കല്യാണത്തിന് ബോംബെ കാരിയായ മൂത്ത മകൾ ഭാർഗവി പ്ലയിനിൽ കയറി പറന്നു വന്നു.  മണി മണി പോലെ മലയാളം പറയുന്ന കൊച്ചാണ്. കണവനേയും കൂട്ടിയാണ് വന്നത്. അവനും മലയാളം പച്ച വെള്ളം.  പക്ഷെ കല്യാണ പന്തലിൽ വച്ച് അവര് പരസ്പരം പറഞ്ഞത് കേട്ടപ്പോൾ, വരമ്പത്തെ കല്യാണി ഓർത്തത്‌ പണ്ടു അച്ചാച്ചൻ പറഞ്ഞു കൊടുത്ത ,  ഗോപുരത്തിന്റെ കഥയാണ്. എന്തെല്ലാമോ രണ്ടെണ്ണവും ചിലക്കുന്നു. ഒന്നും മനസ്സിലാകുന്നില്ല.  അപ്പുറത്ത് ജാനുവിനോട്‌ അവൾ അത് പറയുകയും ചെയ്തു. "എന്ത് ഭാഷയാടി ജാനൂ ഇത്. ഞമ്മക്ക് ഒന്നും തിരിയുന്നില്ലല്ലോ'. 'ഇംഗ്ലീഷ് ആണെടീ ഇത്. ഇഞ്ഞി അങ്ങോട്ട്‌ ഓരുടെ അടുത്തു പോയി നാറണ്ടാ'. ജാനു പറഞ്ഞു.  ഇത് ഒരു ഉദാഹരണം മാത്രമാണ്. കല്യാണ പന്തലിൽ അനേകം പേര് പരസ്പരം സ്നേഹിച്ചു, കെട്ടി പിടിച്ചു , ഉമ്മവച്ചു (അയ്യോ സോറി. സദാചാരികൾ കല്ലെറിയും) ലോഹ്യം പറഞ്ഞു കൊണ്ടിരിക്കെ , രണ്ടെണ്ണം അവരിൽ നിന്ന് ദൂരെ തെറിച്ചു പോകുകയാണ്. അതും ഒരു ഭാഷയിലെ കളി കൊണ്ടു മാത്രം.

അടുത്തു പോയ മനുഷ്യരെ അകറ്റാൻ , എവിടെ നിന്നെങ്കിലും കയറി വന്ന മറ്റേ ഭാഷ എടുത്തു പയറ്റിയാൽ മതിയെന്ന് കാണിക്കാനാണ് ഞാൻ ഇത് പറഞ്ഞത്. പണ്ടു നമ്മുടെ നാട്ടിലെ റൈറ്റർ ശങ്കരൻ എന്ന പഠിപ്പും വിവരവും ഉള്ള ശങ്കരൻ , തന്റെ മക്കള് വഴിയിലുള്ള തെണ്ടി പിള്ളാരോട് വർത്തമാനം പറഞ്ഞു മോശമായി പോകരുതെന്ന് കരുതി വീട്ടില് ഒരു വിളംബരം പുറപ്പെടുവിച്ചു.  ഇംഗ്ലീഷിൽ അല്ലാതെ മറ്റൊരു ഭാഷയിലും സംസാരിച്ചു പോകരുത്. പിള്ളാര് വീട്ടിന്റെ പടി ഇറങ്ങി വരുന്നത് കാണുമ്പോഴേക്കും തെണ്ടി പിള്ളാര് സ്ഥലം കാലിയാക്കി ഇരിക്കും.  എസ്, നോ. എന്ന് പോലും പറയാൻ അറിയാത്ത പിള്ളാർ ഓടുകയല്ലാതെ  മറ്റെന്തു ചെയ്യാനാണ്.

പക്ഷെ നൂറു തേക്കാൻ വരുന്ന ചാത്തുവിനോട്  മലയാളം പറയാതെ നിവൃത്തിയില്ല. അത് റൈറ്റർ ശങ്കരൻ നേരിട്ട് പറഞ്ഞു കൊള്ളും. പക്ഷെ ഒരിക്കൽ ഈ ചാത്തു സാക്ഷാൽ മലയാളം പറഞ്ഞു, തന്നെ ആൾക്കാരുടെ കൂട്ടത്തിൽ വച്ച് അപമാനിച്ച കാര്യം ശങ്കരൻ കുടുംബ സഭകളിൽ എപ്പോഴും പറഞ്ഞു നടന്ന കാര്യമാണ്. സംഭവം ഇങ്ങനെ. ടൌണ്‍ ഹാളിൽ ഡോക്ടർ മാരുടെ സമ്മേളനത്തിന് അതിഥിയായി അങ്ങനെ മുൻ നിരയിൽ ശങ്കരൻ ഇരിക്കുകയായിരുന്നു. ടൌണ്‍ ഹാൾ റോഡിലൂകെ തന്റെ തൊട്ടിയും വടിയും എടുത്തു ഏതോ വീട്ടിലെ നൂറു തേക്കൽ പരിപാടിയും കഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്ന ചാത്തു  എവിടെ നിന്നോ ഒരു പാട്ട് കേട്ടു.  ദശരഥൻ പണ്ടു മാനിന്റെ കരച്ചിൽ കേട്ട് ചെവി കൂർപ്പിച്ചു അമ്പെടുത്ത് ഉന്നം വച്ചത് പോലെ ചാത്തു ചെവി കൂർപിച്ചു. അതെ ടൌണ്‍ ഹാളിൽ നിന്ന് തന്നെ. (ദശരഥനു തെറ്റ് പറ്റിയെങ്കിലും ചാത്തുവിനു തെറ്റ് പറ്റിയില്ല.  രാജാവിന് തെറ്റ് പറ്റും, പക്ഷെ പ്രജക്കു അങ്ങനെ അല്ല). പണിയൊക്കെ കഴിഞ്ഞതല്ലേ കുറച്ചു പാട്ട് കേട്ട് കളയാം എന്ന് കരുതി  ടൌണ്‍ ഹാൾ നോക്കി നടന്നു.  വാതിലിലൂടെ പാളി നോക്കിയപ്പോൾ എല്ലാവരും കോട്ടും സൂട്ടും ഇട്ടവർ..എന്തോ മീറ്റിംഗ് നടക്കുകയാണ്.  അതിന്റെ തുടക്കം ആരോ പ്രാർത്ഥന ചൊല്ലിയതാണ്. അതായിരുന്നു താൻ കേട്ടത്. അത് കഴിഞ്ഞോട്ടെ. പ്രസംഗം തുടങ്ങുമ്പോൾ സ്ഥലം വിടാം എന്ന് കരുതി ചാത്തു വെറുതെ ഉള്ളിലോട്ടു നോക്കിയപ്പോൾ ഹാ സന്തോഷം, ശങ്കരൻ റൈറ്റർ മുന്നില് ഇരിക്കുന്നു.  നാളെ ഓരുടെ വീട്ടില് നൂറു തെക്കേണ്ടാതാണ്. എത്ര നീലം വാങ്ങണം എന്ന് ചോദിക്കാൻ വിട്ടു പോയതാണ്. തേടിയ വള്ളി കാലിൽ ചുറ്റി എന്ന് പറയുന്നത് ഇതാണ് എന്ന് ചാത്തുവിനു തോന്നി. പ്രാർത്ഥന കഴിഞ്ഞ ഉടനെ നേരെ കടന്നു ശങ്കരൻ റൈറ്റര്ടെ അടുത്തെത്തി ചാത്തു ഇങ്ങനെ മൊഴിഞ്ഞു.'ശങ്കരൻച്ചാ നീലം എത്രയാ വേണ്ടേ". ശങ്കരൻ റൈറ്റർ എന്ന മിസ്റ്റർ ശങ്കരൻ പാമ്പ് കടിച്ചത് പോലെ ഒന്ന് പുളഞ്ഞു പോയി. ചാത്തുവിനെ അവിടെ നിന്ന് അത് പോലെ വലിച്ചെടുത്തു പുറത്തു കൊണ്ടു വന്നു നിർത്തി ഇംഗ്ലീഷ് ഭാഷയിലെ ഏതാനും തെറികൾ മറ്റാരും കേൾകാതെ, പക്ഷെ ചാത്തുവിനു മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ അദ്ദേഹം ഉരുവിട്ട്. 'ഇഡിയറ്റ് ആരുടെ കൂട്ടത്തിൽ വച്ചാടാ നീ എന്നെ ശങ്കരൻച്ചൻ എന്ന് വിളിച്ചത്. മിസ്റ്റർ ശങ്കരൻ എന്നല്ലാതെ  മറ്റൊന്നും ആൾ കൂട്ടത്തിൽ വച്ച് എന്നെ വിളിക്കരുത് എന്ന് ഞാൻ എത്ര പറഞ്ഞതാ റാസ്കൽ.'. ഇഡിയറ്റ്, റാസ്കൽ എന്നിവയൊക്കെ ഏതോ ഭാഷയിലെ തെറികൾ ആണെന്ന് ചാത്തു പരിചയത്തിലൂടെ മനസ്സിലാക്കിയിരുന്നു.

No comments:

Post a Comment