Saturday, 13 December 2014

ശാസ്ത്ര വിദ്യാർഥികൾ അഥവാ ശാസ്ത്ര വിശ്വാസികൾ

വിപ്ലവത്തിന്റെ ചരിത്രത്തെ മറ്റൊരു രീതിയിൽ വായിച്ചു 'ദി റിബൽ ' എന്ന പുസ്തകം എഴുതിയ കാമു തന്റെ പുസ്തകത്തിൽ ഒരിടത്ത് പറഞ്ഞു, മാർക്സ് തന്റെ ജീവിതാന്ത്യത്തിൽ ഒരു മാർക്സിസ്റ്റ് ആയിരുന്നില്ല എന്ന്. മാർക്സിനെ വർഷങ്ങളോളം പഠിച്ച എറിക് ഫ്രം എന്ന സാമൂഹ്യ ശാസ്ത്രജ്ഞൻ പറഞ്ഞു, മാർക്സിനെ യേശു ക്രിസ്തു വല്ലാതെ സ്വാധീനിച്ചിരുന്നു എന്ന്. ഒരു പ്രതിഭാശാലിയുടെ എഴുത്ത് പോലും മറ്റൊരു പ്രതിഭയുടെ കയ്യിൽ നിരൂപണത്തിന് വിധേയമാകുന്നതാണ് നാം ഇവിടെ കാണുന്നത്. നമ്മള് അദ്ദേഹം പറഞ്ഞ ഏതെങ്കിലും വരികൾ പറിച്ചെടുത്തു മുദ്രാവാക്യം മുഴക്കുന്നു എന്നല്ലാതെ അദ്ദേഹം ഇത് സൃഷ്ടിക്കുന്നതിനു കാരണമായ ആഴമേറിയ ആ മനുഷ്യ സ്നേഹത്തെ കുറിച്ച് ഒരു നിമിഷ നേരത്തേക്ക് പോലും ചിന്തിച്ചില്ല. ഇക്കാലത്തിനിടക്ക് എന്തൊക്കെ കേട്ടു. ഒരിക്കൽ ഒരു ചർച്ചക്കിടയിൽ ഒരു ബുദ്ധി ജീവി പറഞ്ഞത് എന്താണ് എന്ന് അറിയാമോ. മാർക്സ് മതങ്ങളെ നിരാകരിച്ചില്ല എന്ന്. അതിനു അദ്ദേഹം കാരണം പറഞ്ഞത് മാർക്സിന്റെ തന്നെ പ്രശസ്തമായ ഒരു വരി വായിച്ചു കൊണ്ടാണ്. 'അടിച്ചമർത്തപ്പെട്ടവന്റെ ദീര്ഘാ നിശ്വാസമാണ് മതം, ഹൃദയ രഹിതമായ ഒരു ലോകത്തിന്റെ ഹൃദയമാണ് അത്, ആത്മാവില്ലാത്ത ഒരു സ്ഥിതി വിശേഷത്തിലെ ആത്മാവ് ആണ് അത്.' ഇത് പറഞ്ഞ മാർക്സ് മതങ്ങളെ നിരാകരിക്കുന്നു എന്ന് നിങ്ങൾ പറയുന്നു എങ്കിൽ നിങ്ങൾ വിഡ്ഢികളാണ് എന്ന് അദ്ദേഹം പറഞ്ഞപ്പോൾ , എന്റെ അടുത്തു ഇരുന്ന ഇംഗ്ലീഷ് ഭാഷയിൽ ഗവേഷണം നടത്തുകയായിരുന്ന ഒരു പയ്യൻ എഴുന്നേറ്റു നിന്ന് പറഞ്ഞു, തങ്ങളുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം തീരെ മോശമാണ് എന്ന്. നമ്മൾ ഓരോരുത്തരും ചെയ്യുന്നത് ഇതാണ്. സാഹചര്യങ്ങളിൽ നിന്ന് എടുത്തു മാറ്റി കൊണ്ടാണ് നമ്മൾ മുദ്രാവാക്യങ്ങൾ പഠിക്കുന്നത്. മുഴുവൻ വായിച്ചു പഠിക്കാനുള്ള സാഹചര്യം നമുക്ക് ഇല്ല. അതിനു കഴിവുള്ളവർ പോലും പറയുന്നത് പരസ്പര വിരുദ്ധമായ കാര്യങ്ങൾ ആണ്. നമ്മൾ വിശ്വാസികൾ ആയി പോകുന്നത് അത് കൊണ്ടാണ്.

No comments:

Post a Comment