Wednesday, 24 December 2014

രാമനും ചുമന്ന ട്രൌസറും

ടൌണിൽ ഭയങ്കര പ്രകടനമാണ് എന്ന് കേട്ടപ്പോൾ ഞാൻ രാമനെ അന്വേഷിച്ചു നടന്നു. രാമനെയും കൂട്ടി ടൌണിൽ ഒന്ന് പോയി അതൊന്നു കണ്ടു കളയാമെന്നു വിചാരിച്ചു.  ഒന്നുമില്ലെങ്കിൽ കുറെ ആൾകാര് ബസ്സിലും കാറിലും ഇരുന്നു പ്രാകുന്നതെങ്കിലും കേൾക്കാമല്ലോ.  പക്ഷെ രാമനെ അവിടെ എവിടെയും കാണാനില്ല.  ചിലപ്പോൾ അവൻ നേരത്തെയെങ്ങാനും പോയി കാണുമോ. ഏതായാലും ഇനി കാത്തിരിക്കേണ്ട. പോകുക തന്നെ.

പ്രകടനം തുടങ്ങിയിട്ടില്ല.  പക്ഷെ കാണികളെല്ലാം ആദ്യമേ സ്ഥലം പിടിച്ചിട്ടുണ്ട്.  ബസ്സിൽ കയറി പോകാൻ വേണ്ടി അതിൽ കയറി ഇരുന്നവരിൽ കുറെ പേര് പരിപാടി മതിയാക്കി ഇറങ്ങി നടക്കാൻ തുടങ്ങിയിരിക്കുന്നു.  അടുത്തുള്ള സ്ഥലങ്ങളിലെ ആളുകള് ആയിരിക്കും.  അവർക്ക് നടന്നു പോകാമല്ലോ. മറ്റുള്ളവരൊക്കെ  വേദനയോടെ, തങ്ങളുടെ വിധിയോർത്ത് ദുഖിതരായി, വ്യാകുല ചിത്തരായി, ഉള്ളിൽ പ്രാകുന്നവരായി തങ്ങളുടെ ഇരിപ്പ് തുടരവേ , റോഡിൻറെ അങ്ങെ തലക്കൽ പ്രകടനത്തിന്റെ മുന്നണി പോരാളികളുടെ കൊടികൾ  പറക്കുന്നത് കണ്ടു.  ബസ്‌ യാത്രക്കാരുടെ കണ്ണുകളിൽ പ്രകാശം.  പ്രകടനം കണ്ടത് കൊണ്ടുള്ള പ്രകാശമല്ല, മറിച്ച് തുടങ്ങിയ സ്ഥിതിക്ക് ഇത് തീര്ന്നു കിട്ടുമല്ലോ എന്നുള്ള സമാധാനമാണ്.  നഗരത്തെ ഇളക്കി മറിച്ച് കൊണ്ടു, പീടികക്കാരുടെ  നേരെ മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചു കൊണ്ടു അതങ്ങനെ കടന്നു പോകുകയാണ്.  പീടികക്കാരോക്കെ അവരുടെ ശത്രുക്കളാണോ എന്ന് പണ്ടൊരിക്കൽ ഇത്തരം ഒരു പ്രകടനം കാണുന്നതിനിടക്ക്,  എന്നോടൊപ്പം നിന്ന് ഇത് കാണുകയായിരുന്ന ഒരു സായിപ്പ് എന്നോട് സംശയം ചോദിച്ചത് ഞാൻ അത്തരുണത്തിൽ ഓർത്തു.  'അതെ. അവർ മുതലാളിത്തത്തിന്റെ പ്രതീകങ്ങൾ ആയതു കൊണ്ടു ശത്രുക്കൾ തന്നെ' എന്ന് ഞാൻ മറുപടി പറഞ്ഞു.

പ്രകടനത്തിന് മുന്നില് ട്രൌസറും ഷർട്ടും ധരിച്ച  കുറെ ആൾക്കാർ (അവരിൽ വൃദ്ധന്മാരും ഉണ്ട്) ലെഫ്റ്റ് റൈറ്റ് എന്ന് പറഞ്ഞു കൊണ്ടു കൈകൾ ആഞ്ഞടിച്ചു നടക്കുകയാണ്.  അവർ ആരെയും ശ്രദ്ധിക്കുന്നില്ല. അവരുടെ ദൃഷ്ടികൾ അങ്ങ് അനന്തയിലുള്ള ഏതോ വിദൂര ഭാവിയിലേക്ക് കണ്ണ് നട്ടിരിക്കുന്നത് പോലെ തോന്നി.  അമ്പല പറമ്പിലെ താലി പൊലികളിൽ, താല മേന്തിയ കന്യകമാരുടെ മിഴികൾ അങ്ങ് അകലങ്ങളിൽ എവിടെയോ ഒളിഞ്ഞിരിക്കുന്ന കാമുകരുടെ  കണ്ണുകളെ തേടുന്നത് പോലെ.  ഒരു വല്ലാത്ത നിർവൃതി എല്ലാവരുടെയും മുഖത്ത് ഉള്ളത് പോലെ തോന്നി.  അടിക്കാൻ പറ്റാത്തവന് മനസ്സ് കൊണ്ടു ഒരു അടി കൊടുത്തതിലുള്ള ഒരു സംതൃപ്തി .

അങ്ങനെ ഇരിക്കെ ആ ആൾ കൂട്ടത്തിനിടയിൽ നിന്ന് സൂചി പോലെ പാഞ്ഞു വന്ന എന്തോ  ഒന്ന് എന്റെ കണ്ണുകളിൽ തടഞ്ഞു.  സൂക്ഷിച്ചു നോക്കി. അപ്പോഴാ മനസ്സിലായത്‌ ആരുടെയോ നോട്ടമാണെന്നു.  അതിന്റെ ഉറവിടത്തിലേക്ക് ഞാൻ എന്റെ ദൃഷ്ടി പായിച്ചു. വ്യക്തമല്ലാത്ത രണ്ടു കണ്ണുകൾ എന്നെ പരിഹാസത്തോടെ നോക്കുന്നത് പോലെ.  ഒരു പുരുഷാരവം മുഴുവൻ അനന്തയിലുള്ള ഭാവിയിലേക്ക് ഉറ്റു നോക്കുമ്പോൾ , രണ്ടു കണ്ണുകൾ മാത്രം വഴി തെറ്റി ഈ ഉള്ളവന്റെ കണ്ണുകളിലേക്കു. ഞാൻ ആരാണപ്പാ അതിനു മാത്രം. വീണ്ടും  നോക്കി. ഞെട്ടി പോയി. രാമൻ.  ട്രൌസറിലും ഷർട്ടിലും.  എന്റെ ശ്രദ്ധ ക്ഷണിക്കാൻ വേണ്ടി മാത്രം ഒരു നിമിഷം നോക്കിയതാണ്.  ഇപ്പോൾ അവന്റെ ദൃഷ്ടികളും അങ്ങ് അനന്തതയിലെക്കാണ്. ഒരു നിമിഷം കൊണ്ടു എന്നെ മറന്നു പോയത് പോലെ തോന്നി.

വൈകുന്നേരം പുഴക്കരയിൽ ഇരുക്കുകയായിരുന്നപ്പോൾ രാമൻ പതുങ്ങി പതുങ്ങി എന്റെ അടുത്തു വന്നു

നിനക്ക് എന്താടാ പറ്റിയത് ... ഞാൻ ചോദിച്ചു.

ഒന്നും പറയേണ്ട അവരെന്നെ കമ്മ്യൂണിസ്റ്റ്‌ ആക്കി. 

No comments:

Post a Comment