ടെലിവിഷം വന്നപ്പോഴും സംഗതികൾ ഏതാണ്ട് ഇങ്ങനെ തന്നെ ആയിരുന്നു. ഓരോ പുതിയ കണ്ടു പിടുത്തങ്ങളും ഒരു കലാകൃതിയെ ഉഴുതു മറിക്കുന്നു എന്നും, താൻ ആരാണ് എന്ന ചോദ്യം അതിനെ കൊണ്ടു ചോദിപ്പിക്കുന്നു എന്നും നമുക്ക് മേലെ പറഞ്ഞ ഉദാഹരണങ്ങളിൽ നിന്ന് മനസ്സിലായി. എല്ലാ ആഴ്ചകളിലും മുകുന്ദാ ടാക്കീസിലെ അവസാനത്തെ വരിയിൽ ഹാജരുണ്ടായിരുന്ന മണ്ടോടി കൌസുവിനെ പിന്നീട് അവിടെ കാണാതായി. ചോദിച്ചാൽ പറയും 'ഇഞ്ഞി ഒന്ന് മിണ്ടാണ്ടിരി ജാനു. ഇന്നലെ ഓള് ഓളുടെ വീട്ടിലേക്കു പോകുന്ന സ്ഥലത്താ പഹയന്മ്മാര് കഥ നിർത്തിയത്. കാലമാടന്മ്മാര് ഓളെ വഴിക്ക് വെച്ചോ മറ്റോ കൊന്നോ പടച്ചോനെ'. മണ്ടോടി കൌസുവിനു ഇനി സിനിമ കാണാൻ പറ്റില്ല. ടെലി വിഷം അവരുടെ നാടി ഞരമ്പുകളെ ആലസ്യത്തിൽ ആഴ്ത്തി കളഞ്ഞു. അങ്ങനെ സിനിമ മരിച്ചു.
പക്ഷെ സിനിമ മരിച്ചില്ല. ഒരിക്കൽ മണ്ടോടി തറവാട്ടിന്റെ അടുത്തു കൂടെ വഴി പോകുകയായിരുന്ന സിനിമ അവിടത്തെ നടു തളത്തിലേക്ക് പാളി നോക്കി. അവിടെ കുറെ പേര് ഇരുന്നിരിക്കുന്നു. എല്ലാവരുടെയും മുഖത്ത് തീഷ്ണ ഭാവം. അത് തനിക്കും പരിചയമുള്ളതാണ്. മുന്നിൽ വച്ച ഈ വിഷ വസ്തുവിനെ ശ്രധിക്കാനാണല്ലോ ഞാൻ ഇവിടെ വന്നത്. വെറും ഒരു പെട്ടി. ഇവനാണോ എന്നെക്കാൾ ഭയങ്കരൻ. അന്ന് മുതൽ സിനിമ ആ പെട്ടിയെ കുറിച്ച് പഠിക്കാൻ തുടങ്ങി. അവനിൽ ഇല്ലാതതിലൂടെയെ ഇനി തനിക്കു നില നില്പുള്ളൂ. അതെന്താണ് എന്ന് അറിയുക തന്നെ. അങ്ങനെ കണ്ടെത്തിയ കാര്യങ്ങൾ ഇവിടെ ചുരുക്കി എഴുതാം.
എന്നെ കാണുന്നവൻ ഓരോരുത്തനും ഇരുട്ടിലാണ്. അത് കൊണ്ടു തന്നെ ഏകനാണ്. അവിടെ അവർ വെളിച്ചത്തിലാണ്. ആൾ കൂട്ടത്തിലാണ്. എന്റെ കൊട്ടാരത്തിൽ നിങ്ങൾക്ക് എന്നെ അല്ലാതെ മറ്റൊന്നിനെയും കാണാൻ കിട്ടില്ല. ഒരു നോവൽ വായിക്കുന്നത് പോലെയാണ് നിങ്ങൾ എന്നെ കാണുന്നത്. പക്ഷെ അവിടെ നോക്കൂ. ആ പെട്ടിക്ക് മുകളിലുള്ള ഒരു ചെറിയ പൂകോട്ട കൂടി നിങ്ങൾ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നു. ഇതെന്തു ആസ്വാദനമാണ്. പിന്നെ എന്നിലെ ഇരുട്ട് . അത് ശരിയായ ഇരുട്ടാണ്. ഒരു ശ്മശാന ഭൂമിയിൽ ഇരുട്ടത്ത് നടക്കുന്നത് എന്നിൽ ആണെങ്കിൽ അത് അങ്ങനെ തന്നെയാണ്. പക്ഷെ അവിടെ നോക്കൂ. ശ്മശാന ഭൂമിയിലെ ഇരുട്ട് പെട്ടിക്കു ഉള്ളിൽ മാത്രം. പുറത്തു മുഴുവൻ വൈദ്യുത വെട്ടം. ഹോ. ആര്ക്കും ഒരു പേടിയുമില്ല. അപ്പോൾ ഇവർ ഓരോരുത്തരും ഇവിടെ ഇരിക്കുന്നത് വെറും കഥയിൽ മാത്രം കണ്ണും നട്ടാണ്. അപ്പോൾ ഇനി ഞാൻ കഥയെ നിരാകരിക്കുകയാണ്. എന്റെ വളര്ച്ച ഇനി കഥയില്ലായ്മയിലൂടെ മാത്രം.
അങ്ങനെ കഥ ഇല്ലായ്മയിലൂടെ സിനിമ വളര്ന്നു കൊണ്ടെ ഇരുന്നു.
No comments:
Post a Comment