റോബോസ്പിയർ അധികാരത്തിൽ വന്നപ്പോൾ അദ്ദേഹം കഴുമരങ്ങൾ കടലിലെറിഞ്ഞു. നന്മ മാത്രം വാഴേണ്ട ലോകത്ത് കഴുമരമെന്തിനു എന്ന് അദ്ദേഹം ചോദിച്ചു. പക്ഷെ എതിർപ്പുകൾ ഇല്ലാതാക്കേണ്ട ഇടങ്ങളിൽ കഴുമരവും കുരിശും നിലനിൽക്കണം എന്ന പ്രപഞ്ച സത്യം അദ്ദേഹം തന്റെ ആവേശത്തിൽ ഒരു നിമിഷം മറന്നു പോയി. ഭീകരത എന്ന വാക്കിന്റെ ഉത്ഭവം, മനുഷ്യ നന്മയിൽ അത്ര അധികം വിശ്വസിച്ച ഒരു മനുഷ്യന്റെ ജിഹ്വയിൽ നിന്നായി പോയി എന്നുള്ളത് ചരിത്രത്തിലെ ഏറ്റവും വലിയ വിരോധാഭാസങ്ങളിൽ ഒന്നാണ്. 1793 കാലത്ത് താൻ ആരംഭിച്ച വിപ്ലവത്തിന്റെ മുന്നണി പോരാളികളായി തന്നോടൊപ്പം നിന്നവർ പലരും അദ്ധേഹത്തിന്റെ ഗില്ലറ്റിൻ കത്തിക്ക് ഇരയായി. ഒരു നല്ല സ്ഥിതി വിശേഷം സൃഷ്ടിക്കുന്നതിനു ഭീകരത അത്യാവശ്യമാണ് എന്ന അദ്ധേഹത്തിന്റെ സിദ്ധാന്തത്തിൽ നിന്നാണ് ഭീകരവാദം ആരംഭിച്ചത്. 11 മാസം നീണ്ട ഭരണത്തിൽ മൂന്നു ലക്ഷം പേര് തടവിലാക്ക പെടുകയും, 17000 പേര് കൊല്ലപ്പെടുകയും ചെയ്തു. റോബോസ്പിയർ സ്വയം , വിപ്ലവത്തിന്റെ പൂജാരിയായി അവരോധിച്ചു. അദ്ദേഹവും അദ്ധേഹത്തിന്റെ യാകൊബിൻ അനുയായികളും (സെയിന്റ് ജസ്റ്റ് എന്ന ചൂടൻ തത്വ ചിന്തകനും അക്കൂട്ടത്തിൽ പെടും. ഭീകരതയുടെ യുഗം ആരംഭിച്ചത് ഇദ്ദേഹമാണ് എന്ന് കരുതുന്നവരും ഉണ്ട് ) പരമോന്നത സത്തയുടെ മതം ആവിഷ്കരിച്ചു. ഭീകരതയെ തള്ളി പറയുന്നവര് പോലും തിന്മയുടെ വാക്താക്കൾ ആയി തീരുമാനിക്കപ്പെട്ടു. അത്തരത്തിൽ മലിനരായ സാധാരണ ജനങ്ങളും വധിക്കപ്പെടണം എന്ന നില വന്നു.
ലോകത്ത് നിന്ന് തിന്മ ഉച്ചാടനം ചെയ്യാനുള്ള എളുപ്പ മാര്ഗം തിന്മയുള്ള മനുഷ്യരെ കൊന്നു തീർക്കലാണെന്ന അതി ലളിതമായ തത്വ ശാസ്ത്രം ഫ്രഞ്ചു വിപ്ലവത്തിൽ പ്രായോഗികമാക്കി. അപ്പോൾ തിന്മ നില നില്ക്കുന്ന കാലത്തോളം കഴുമരങ്ങളും ഇവിടെ നില നിന്ന് പോകണം. കഴുമരങ്ങൾ എന്നത് ഭരണ കൂടങ്ങൾ കെട്ടിയ കഴുമരങ്ങൾ തന്നെ ആകണം എന്നില്ല. സമാന്തര ഭരണ കൂടങ്ങൾ തീരുമാനിക്കുന്ന കഴുമരങ്ങൾ ആയാലും മതി. അപ്പിൾ ഭക്ഷിച്ചതിനു ശേഷം തിന്മയിൽ കുതിർന്നു പോയ ഏതൊരു മനുഷ്യനും അത് കൊണ്ടു തന്നെ കൊല്ലപ്പെടാൻ അര്ഹതയുള്ളവനും ആണെന്ന് വരുന്നു. അത്തരം മനുഷ്യരെ കൊല ചെയ്യുന്നതിന് ശങ്കയേതും വേണ്ട എന്നും അവരുടെ വിശ്വാസം അവരെ പഠിപ്പിക്കുന്നു. ലോകത്ത് ഭീകരത വാദത്തിന്റെ യുഗം ആരംഭിച്ചത് അങ്ങനെയാണ്.
ജോസഫ് കോണ്‍റാടിന്റെ 'രഹസ്യ പ്രതിനിധി' എന്ന ആഖ്യായികയിലെ അരാജകത്വ വാദി പറയുന്നു 'മനുഷ്യന്റെ എല്ലാ സന്ദേഹങ്ങളെയും ദൂരീകരിക്കാൻ തുനിഞ്ഞിറങ്ങിയ ഒരു പിടി മനുഷ്യരെ ഞാൻ സ്വപ്നം കാണുന്നു ... ലോകത്തിലെ ഒന്നിനോടും , തന്നോട് പോലും ദാക്ഷിണ്യമില്ലാത്ത , മനുഷ്യ വർഗ്ഗത്തിന്റെ നന്മക്കു വേണ്ടി മരണം ജീവിത രീതി ആക്കിയ ഒരു പിടി മനുഷ്യർ.............പക്ഷെ അത്തരത്തിലുള്ള ഒരു മൂന്നു പേരെ പോലും ഒന്നിച്ചു കിട്ടാൻ പ്രയാസം.
പക്ഷെ ജോസഫ് കോണ്‍റാഡ് മരിക്കുന്നതിനു മുൻപ് തന്നെ അദ്ദേഹത്തിന് തോന്നിയിരിക്കണം താൻ പറഞ്ഞത് തെറ്റായി പോയി എന്ന്. ഇന്ന് അത് പൂര്ണമായും തെറ്റായിരുന്നു എന്ന് നാം മനസ്സിലാക്കുന്നു. മൂന്നു പെരെന്നല്ല മുന്നൂറോ മുപ്പതിനായിരമോ ആയി ഈ എണ്ണം മാറിപ്പോയിരിക്കുന്നു.
ഈ ലോകത്തെ രക്ഷിച്ചു നിർത്തേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്.
No comments:
Post a Comment