എന്റെ ഭക്ഷണ മേശയുടെ നേരെ മുന്നിലാണ് ഈ ടീ വീ . ഒരു ഭാര്യ, ഒരു വെപ്പാട്ടി, വേലി ചാടൽ നിത്യ സംഭവം, ചിലർക്ക് മക്കൾ ആരെന്നു അറിയില്ല. ചിലർക്ക് തന്തയും. രണ്ടും അവിടെ എവിടെയെങ്കിലും ചുറ്റി പറ്റി നടക്കുന്നുമുണ്ടാകും. വിഷം സുലഭം. എല്ലാ പെണ്ണുങ്ങളും ഏതു നിമിഷവും കൊലപാതകികൾ ആവാം. സ്ത്രീകളുടെ കവര്ച്ച നിത്യ സംഭവം. കുട്ടികൾ പലരും ഹിംസയെ പ്രൊൽസാഹിപ്പിക്കുന്നവർ, സ്വയം ഹിംസ ചെയ്യുന്നവർ, സ്പർധമാത്രം ഉള്ള കുടുംബാന്തരീക്ഷങ്ങൾ. എവിടെയും പക, കൊല എന്നിങ്ങനെ ഉള്ള ക്ഷുദ്ര വികാരങ്ങൾ. ഇങ്ങനെ എന്തൊക്കെ. സ്ത്രീകള് മാത്രമാണ് ഇത് കാണുന്നത് എങ്കിൽ സഹിക്കാമായിരുന്നു. ഒരു വിധം എല്ലാ സ്ഥലത്തും ഇതിന്റെ കാഴ്ച കുടുംബ സമേതമാണ്. കുട്ടികളുമായി കഥ ചര്ച്ച ചെയ്യുന്നത് പോലും ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. ഒരു ദിവസം സ്ഥലത്തിലാത്തത് കൊണ്ടു സീരിയൽ കാണാൻ വിട്ടു പോയ നമ്മുടെ ശാരദയുടെ സംഭാഷണം ശ്രദ്ധിക്കുക. 'എടീ ജാനു, അയാൾക് അയാളുടെ മോനെ മനസ്സിലായോ. മറ്റവൻ അവന്റെ ഭാര്യയെ കാമുകന് കൊടുത്തോ, അവള് അവളുടെ കെട്ടിയോനെ വിട്ടു കാമുകന്റെ കൂടെ പൊറുക്കാൻ തുടങ്ങിയോ., അവളുടെ ഭര്ത്താവ് അവളുടെ രാത്രി യാത്ര കണ്ടു പിടിച്ചോ, ആ അമ്മയെ എല്ലാവരും വിഷം കൊടുത്തു കൊന്നോ... ഇങ്ങനെ എത്ര എത്ര സുന്ദരങ്ങളായ സംശയങ്ങൾ. ചുംബനം കാണുമ്പോഴേ നമുക്ക് പേടിയുള്ളൂ. സദാചാരം വീട്ടിന്റെ അടിയിലൂടെ ഒഴുകി പോകുന്നത് ആരും കാണുന്നില്ല.(ഞാൻ ഇത് എന്റെ സുഹൃത്തിനോട് പറഞ്ഞപ്പോൾ അവൻ പറഞ്ഞു അയ്യോ ഞാൻ ഇമ്മാതിരി വൃത്തി കേടുകൾ ഒന്നും കാണാറില്ല എന്ന്. പക്ഷെ ഒരിക്കൽ അവന്റെ മകൻ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. ഏഴു മണിക്ക് ശേഷം അതിയാനെ വിളിച്ചാൽ കിട്ടില്ല. മൊബൈൽ ഓഫ് ആയിരിക്കും എന്ന്. സീരിയലിൽ ലയിചിരിക്കുകയാകും എന്ന് ) വലിയവരുടെ കാര്യം അവിടെ നിൽക്കട്ടെ. കുട്ടികളുടെ കാര്യം. ആരും അതിനെ കുറിച്ച് എന്താ ചിന്തിക്കാത്തത്. ഒരു ചുംബന സമരത്തെ എതിര്ത്തത് കൊണ്ടു ഇവിടെ സദാചാരം വരുമെന്ന് ഇപ്പോഴും തോന്നുന്നുണ്ടോ. അതിലും വലിയ ഭീകരതയായ നെറ്റ് കഫെ എന്ന വിദ്യാഭ്യാസ സ്ഥാപനം ഇവിടെ ഉണ്ട് എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ. അവിടത്തെ തിരക്ക് പോണ്‍ എന്ന കലയോടുള്ള ആവേശമാണെന്ന് ആരും മനസ്സിലാക്കിയിട്ടില്ല എന്ന് തോന്നുന്നു. കുണ്ടുകൾ മാത്രമുള്ള റോഡുകളും, ഇപ്പോഴും ലംഘിക്ക പ്പെടുന്ന ട്രാഫിക് നിയമങ്ങളും , കൈക്കൂലികളും , അഴിമതികളും, രാഷ്ട്രീയ കൊലകളും നമ്മുടെ സദാചാരത്തിന്റെ ഭാഗമായി പോയത് നമ്മൾ ആരെങ്കിലും ചിന്തിക്കുന്നുണ്ടോ. അതിനെക്കാൾ വലിയ എന്ത് സദാചാര ഭ്രംശമാണ് ഒരു ചുംബനം കണ്ടാൽ വന്നു പോകുക.
No comments:
Post a Comment