Monday, 8 December 2014

കൊറോസാവയുടെ ഏഴു യോദ്ധാക്കൾ.


കൊള്ളക്കാരനും സമുരായിയും തമ്മിലുള്ള നാഭീ നാള ബന്ധത്തെ അപഗ്രതിക്കുകയാണ് കൊറോ സാവ തന്റെ ഈ ആക്ക്ഷൻ ചിത്രത്തിലൂടെ. ഗ്രാമത്തിലെ കാർഷികോല്പന്നങ്ങൾ കവരുവാൻ കൊയ്തു കഴിയുവോളം കാത്തിരിക്കുന്ന കൊള്ളക്കാർ. അവരെ നേരിടാൻ സമുരായികളെ അന്വേഷിച്ചിറങ്ങുന്ന ഗ്രാമ വാസികൾ. അവർക്ക് കൊടുക്കാനായി തങ്ങളുടെ പക്കൽ ഭക്ഷണമല്ലാതെ മറ്റൊന്നുമില്ല എന്ന് അറിയുന്ന ഗ്രാമ വാസികൾ തേടിപ്പോകുന്നത് ഉണ്ണാനില്ലാത്ത സമുരായികളെ ആണ്. അങ്ങനെ സംഘടിപ്പിച്ച ആറു പേരും ഗ്രാമ വാസിയായ കികൂചിയോ യും കൂടി ചേർന്ന് ഏഴു പേരുടെ ഒരു സൈന്യം രൂപീകരിക്കുകയും ഗ്രാമവാസികൾക്ക്‌ പരിശീലനം കൊടുക്കുകയും ചെയ്യുന്നു. കൊള്ളക്കാരെ മുഴുവൻ ഒറ്റ പ്പെടുത്തി കൊണ്ടുള്ള ഒരു പ്രത്യേക ആക്രമണ ശൈലിയിലൂടെ ഗ്രാമക്കാർ ഭൂരി ഭാഗം കൊള്ളക്കാരെയും കൊല്ലുകയും ശേഷിച്ചവരെ തുരത്തി ഓടിക്കുകയും ചെയ്യുന്നു. യുദ്ധത്തിനു ശേഷം അവശേഷിച്ച മൂന്നു സമുരായികൾ ഗ്രാമ വാസികൾ പതിവ് പോലെ കൃഷി പണിയിൽ മുഴുകി നിന്നത് നോക്കി നിൽകുന്നു. എന്നെന്നും പോലെ ആയുധധാരികൾ പരാജയപ്പെടുകയും കൃഷിക്കാർ വിജയിക്കുകയും ചെയ്യുന്നു.
കൊരോസാവയും പറയാൻ ഉദ്ദേശിക്കുന്നത് അത് തന്നെയാണ്. സൃഷ്ടി കർത്താവായ കൃഷിക്കാരന്റെ രണ്ടു ഭാഗങ്ങളിലായി കൊള്ളക്കാരനും സമുരയിയും നില കൊള്ളുകയാണ്. ഒരാൾ കവർച്ച ചെയ്യുന്നു മറ്റെയാൾ കവര്ച്ചക്കാരനെ പ്രതിരോധിക്കുന്നു. പ്രവൃത്തി കാര്യത്തിൽ ഈ രണ്ടു പേരും ഒരു പോലെ ആണ്. കാരണം കൃഷിക്കാരന്റെ വൃത്തിയിൽ നിന്ന് കിട്ടുന്നത് കൊണ്ടു അവർ രണ്ടു പേരും രണ്ടു രീതിയിൽ ജീവിച്ചു പോകുന്നു എന്ന് മാത്രം. രണ്ടു പേരും സൃഷ്ടിയിൽ പങ്കു ചേരുന്നില്ല. ഒരാൾ സമൂഹത്തിലെ ഇത്തി കണ്ണി ആണെങ്കിൽ മറ്റെയാളും ഒരർത്ഥത്തിൽ അങ്ങനെ തന്നെയാണ്. ഒരാളില്ലെങ്കിൽ മറ്റേ ആളില്ല. പക്ഷെ കൃഷിക്കാരന്റെ കാര്യം അങ്ങനെ അല്ല. എല്ലാറ്റിനു ശേഷവും അവൻ മരിക്കാതെ നില നിൽകുന്നു. അവന്റെ സൃഷ്ടി പ്രവൃത്തി തുടർന്ന് കൊണ്ടെ ഇരിക്കുന്നു.
നമ്മളും പലപ്പോഴും മറന്നു പോകുന്നത് ഈ കൃഷിക്കാരനെ തന്നെയാണ്. ഞാൻ ദി ഹിസ്റ്ററി എന്ന കഥയിൽ പറയാൻ ഉദ്ദേശിച്ചതും അത് തന്നെയാണ്. വയൽ വരമ്പുകളിൽ പണിശാല പണിതു പണിയായുധം നിര്മിച്ച് കൃഷി ജോലിയിൽ നിന്ന് ഓരോ ആളെ ആയി പുറന്തള്ളുകയും അങ്ങനെ തൊഴില് നഷ്ടപ്പെട്ടവർ ഓരോരുത്തരും നമ്മുടെ സംസ്കാരം വളര്തിയെടുക്കുകയും ചെയ്ത ആ പഴയ കാലത്ത് ഈ കൃഷിക്കാരൻ നമ്മുടെ നേരെ മുന്നില് ആക കൊണ്ടു നമുക്ക് അവനെ അറിയാമായിരുന്നു. പക്ഷെ ഇന്ന് അവൻ നമ്മിൽ നിന്ന് എത്രയോ അകലെ ആണ്. അവൻ ഇല്ലെങ്കിലും നമുക്ക് ജീവിച്ചു പോകാം എന്നുള്ള ഒരു ധാരണ അല്ലെങ്കിൽ ഒരു അന്ധ വിശ്വാസം നമ്മെ ആകെ വലയം ചെയ്തു പോയി. ഇന്ന് നമ്മുടെ വ്യവസായ ശാലയിൽ ജോലി ചെയ്യുന്ന ഒരു മെക്കാനികൽ എഞ്ചിനീയർക്കോ നമ്മളെ പോലെ ഉള്ള മറ്റുള്ളവര്ക്കോ അറിയില്ല, നമ്മുടെ പൂർവികർക്കു വേണ്ട ഭക്ഷണം തരാൻ അന്നും, അവരുടെ സന്തതികളായ നമുക്ക് വേണ്ടി ഇന്നും ആരൊക്കെയോ പാടത്ത് ഇറങ്ങിയിട്ടുണ്ട് എന്നുള്ള കാര്യം. പുറം തോടാണ് സത്യം എന്ന് വിശ്വസിക്കുന്ന നമ്മുടെ സമൂഹം പാടങ്ങളെ മറന്നു പോയി.

No comments:

Post a Comment