Friday, 26 December 2014

മത പരിവർത്തനത്തിന്റെ രാഷ്ട്രീയം

എല്ലാ മത പരിവർത്തനങ്ങൾക്കും ഒരു ഉദ്ദേശ്യമുണ്ട്.  അത് യഥാർത്ഥത്തിൽ ചോദ്യം ചെയ്യാൻ ത്രാണി ഇല്ലാത്ത ഒരു തലമുറയെ സൃഷ്ടിക്കൽ ആണ്.  ഒരു മതത്തിനു അടിമകൾ ആക്കുന്നതിനേക്കാൾ അതിന്റെ ഉദ്ദേശ്യം ഒരു ജന വിഭാഗത്തിന്റെ   അടിമകൾ ആക്കുകയാണ്.  ഒരു മൂന്നാം ലോകത്തെ ചൂഷണം ചെയ്യാൻ, അവിടെ ഉള്ള വിഭവങ്ങൾ വെറുതെ കയ്യടക്കി വെക്കാൻ, അതിനു തുനിയുന്ന രാജ്യത്തെ ചോദ്യം ചെയ്യാൻ ത്രാണി ഇല്ലാത്ത ഒരു തലമുറ ആ രാജ്യത്തു ഉണ്ടാകുക തന്നെ വേണം എന്ന് എല്ലാ ഒന്നാം ലോക രാജ്യങ്ങളും മുൻപേ തന്നെ മനസ്സിലാക്കിയിരുന്നു. അമേരിക്ക എന്ന രാജ്യം തന്നെ അതിനു ഒരു ഉദാഹരണമാണ്. അത് കൊണ്ടു ഏതൊരു അധിനിവേശ സേനയുടെ മുന്നിലും ബൈബിൾ കയ്യിലേന്തിയ ഒരു പുരോഹിതൻ ഉണ്ടായി.  അവൻ പഠിപ്പിച്ച മതം, അതിന്റെ വിശ്വാസിക്ക് സ്നേഹിക്കാൻ ഒരു മതം മാത്രമല്ല നല്കിയത് സ്നേഹിക്കാൻ ഒരു ജന വിഭാഗവും  കൂടിയായിരുന്നു.  തന്റെ മതത്തിൽ വിശ്വസിക്കുന്ന ഭൂരിഭാഗം പേരും ഉള്ള ഒരു വിദേശ ഭൂവിഭാഗം/ഭൂവിഭാഗങ്ങൾ .  ഇനി മുതൽ അവർക്ക് വേണ്ടി - എന്റെ സോദരരായ അവർക്ക് വേണ്ടി - എന്റെ വിഭവങ്ങൾ വെറുതെ കൊടുക്കുന്നതിനു ഞാൻ മടി കാണിക്കേണ്ട കാര്യമില്ല.  മത പരിവർത്തനം എന്നത് ഒരു കാലത്തെ സാമ്പത്തിക ശാസ്ത്രമായിരുന്നു. അത് കൊണ്ടു തന്നെ അന്നത്തെ രാഷ്ട്രീയവും.

വർത്തമാന കാലത്ത് വിദേശത്ത് കിടക്കുന്ന ഒരു മൂന്നാം ലോക രാജ്യത്തെ ചൂഷണം ചെയ്യാൻ മതത്തിന്റെ ആവശ്യമില്ല എന്ന് ഈ ഒന്നാം ലോകത്തിനു നന്നായി അറിയാം.  അതിനെക്കാൾ ശക്തിയുള്ള വിദേശ വിനിമയ നിരക്ക് ഇന്ന് അവന്റെ കൂട്ടിനുണ്ട്.   മതത്തെ പൂജിച്ചിരുന്ന മനുഷ്യൻ ഇന്ന് ഈ വിദേശ നാണയത്തിന്റെ മായ വലയത്തിൽ അകപ്പെട്ടിരിക്കുകയാണ്.  ആ മായാ വലയത്തിൽ നാം മരുവുന്ന കാലത്തോളം നമ്മുടെ ഒരു മത്സ്യ  തൊഴിലാളി  തന്റെ ഒരു ദിവസത്തെ കഠിന പ്രയത്നം കൊണ്ടു സ്വരൂപിച്ചെടുക്കുന്ന കൊഞ്ച്, ഈ വെളുത്തവൻ തന്റെ ഒരു മണിക്കൂര് നേരത്തെ കൂലി കൊണ്ടു കൈക്കലാക്കി കളയുന്നു.  നമ്മളുടെ മതം നമുക്ക് തിരിച്ചു തന്നു കൊണ്ടു അവൻ തന്റെ ചൂഷണം തുടരുന്നു. നമ്മളിൽ എത്ര പേര് ഇതിനെ കുറിച്ച് ബോധാവാന്മ്മാർ ആണ്.

No comments:

Post a Comment