Monday, 8 December 2014

മരണം ദുർബലം

പണ്ടൊരിക്കൽ തലശ്ശേരിയിൽ ഒരു അപകടം നടന്നു. ഇരുപത്തി എട്ടു പേര് മരിച്ചു. അന്ന് വൈകുന്നേരം നമ്മുടെ അപ്പുറത്തുള്ള ഒരു കളി സ്ഥലത്ത് കുറച്ചു കുട്ടികൾ ബാസ്കറ്റ് ബോൾ കളിക്കുക ആയിരുന്നപ്പോൾ സ്ഥലത്തെ ഒരു ദിവ്യൻ അവിടെ വന്നു കുട്ടികളെ ശാസിച്ചു. തലശ്ശേരി മുഴുവൻ ദുഖത്തിൽ നിൽക്കുമ്പോൾ നിങ്ങൾ കളിക്കുകയോ എന്ന് അയാള് ചോദിച്ചപ്പോൾ സ്ഥലത്തെ വൃദ്ധനും വിവേകിയും ആയ ബാലൻ മാഷ്‌ ഇങ്ങനെ പറഞ്ഞു . കുട്ടികള് കളിക്കട്ടെ. അവരുടെ ദുഃഖം അവര്ക്ക് കളിയിലൂടെയും തീർക്കാം. എല്ലാ മരണങ്ങളും വലിയ വേദനകൾ തന്നെ ആണ്. പക്ഷെ അത് കൊണ്ടു മനുഷ്യൻ ഒന്നും നിർത്തി വെക്കരുത്. എന്ത് സംഭവിച്ചാലും നമ്മൾ ജീവിച്ചു കൊണ്ടിരിക്കും എന്ന് നിയതിയെ നോക്കി ശക്തമായി പറയണം. ഒരു മരണത്തിനും നമ്മെ പിന്തിരിപ്പിക്കാൻ കഴിയില്ലെന്ന് മുകളിൽ വാഴുന്ന അദ്ദേഹവും അറിയണം.
കുട്ടികൾ കളി തുടർന്നു

മൈകൾ ജാക്സന്റെ മനോഹരമായ ഒരു പാട്ട് ഞാൻ ഇത്തരുണത്തിൽ ഓർക്കുന്നു. പട്ടാള ബാരക്കിനു പുറത്തു വച്ച് ഫുട് ബാൾ കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികൾ. അറിയാതെ ഒരു കുട്ടി അടിച്ച പന്ത് ബാരക്കിന്റെ കമ്പി വേലികൾ കടന്നു പട്ടാളക്കാരുടെ ഇടയിലേക്ക് വീഴുന്നു. കുട്ടികൾ ഗേറ്റ് കടന്നു ബാരക്കിനു ഉള്ളിലേക്ക് കടക്കുകയാണ്. പന്തിനു പുറകെ ഓടുകയാണ്. പന്ത് കിട്ടിയ കളിക്കാരൻ അത് കുട്ടിക്ക് കൊടുക്കാതെ മറ്റൊരു പട്ടാളക്കാരന് തട്ടി കൊടുക്കുന്നു, അയാള് മറ്റൊരുത്തനും. കുട്ടികൾ ബാരക്കിനു ചുറ്റും പന്തിനു വേണ്ടി ഓടി കൊണ്ടിരിക്കെ പെട്ടന്ന് പന്ത് ഒരു കൊച്ചു കുട്ടിയുടെ കാലിൽ തടഞ്ഞു നിന്നു.
പക്ഷെ ആ കുട്ടി പന്തെടുത്തു ഓടുന്നതിന് പകരം അത് വീണ്ടും മറ്റൊരു പട്ടാളക്കാരന് തട്ടി കൊടുത്തു കൊണ്ടു കളി തുടരുകയാണ്. ബാരക്കിൽ നില്കുന്ന ഓരോ പട്ടാളക്കാരനും തന്റെ തോക്ക് താഴെ ഇട്ടു മഹത്തായ ഈ കളിയിൽ പങ്കെടുക്കുകയാണ്.
(ഇത്രയും സുന്ദരമായ രംഗങ്ങൾ സിനിമകളിൽ പോലും വളരെ വിരളമായെ കാണാറുള്ളൂ)


ജാക്സന്റെ പാട്ടും ഈ കളിയും ഞാൻ എപ്പോഴും ഒരുമിച്ചു ചേർത്ത് കൊണ്ടാണ് ഓർക്കുക. രണ്ടും കളികൾ. ദുരന്ത ഭൂമിയിൽ വച്ച് ആടപ്പെടുന്ന കളികൾ. രണ്ടു സ്ഥലത്തും ചെറിയ കുട്ടികൾ. ആപ്പിൾ നിന്ന് പാപം ചെയ്യുന്നതിന് മുൻപേ വിധി എടുത്തു പോയേക്കാവുന്ന കുരുന്നുകൾ ഒരു സ്ഥലത്ത്, ഒരു തീവണ്ടിയുടെ അടിയിൽ അരഞ്ഞു പോയ മനുഷ്യരെ ഓർത്തു കൊണ്ടു കളിക്കാൻ വിധിക്കപ്പെട്ട മറ്റൊരു കൂട്ടം കുരുന്നുകൾ വേറൊരിടത്. രണ്ടിടത്തും മരണമുണ്ട്. രണ്ടിടത്തും കുരുന്നുകൾ മരണത്തെ നിരാകരിക്കുകയാണ്. മരണം നമ്മുടെ ഉത്സവങ്ങളെ ഇല്ലായ്മ ചെയ്യാൻ നാം അനുവദിക്കില്ല എന്ന് ഒരിടത്തും, ഒരു യുദ്ധങ്ങൾക്കും തങ്ങളിലെ സ്നേഹത്തെ തകര്ക്കാനിവില്ലെന്നു മറ്റൊരിടത്തും അവർ പ്രഖ്യാപിക്കുകയാണ്. 

ജാക്സന്റെ പാട്ട് കേട്ടപ്പോൾ ഞാൻ കരയുകയായിരുന്നു.

No comments:

Post a Comment