Tuesday, 30 December 2014

ചില പ്രേമകഥകൾ

കഥ 1

ഒരു ജാതി ഒരു മതം

(നായകനും നായികയും ഒരേ ജാതി മതങ്ങളിൽ പെട്ടത് കൊണ്ടു മാത്രമാണ് കഥക്ക് ഇങ്ങനെ ഒരു പേരിട്ടത്. മറ്റൊരു ദുഷ്ടവിചാരവും ഇക്കാര്യത്തിൽ  ഇല്ല എന്ന് ആദ്യമേ വ്യക്തമാക്കുന്നു )

നായകൻ :  സ്ഥലത്തെ അബ്കാരിയും ബൂർഷ്വയുമായ തീയൻ ചാത്തുവിന്റെ മകൻ രാമൻ.  തൊഴിലാളി വർഗത്തോട്‌ അത്യധികം കാരുണ്യമുള്ള പയ്യൻ. വയലിൽ പണിക്കു പോകുന്ന പെണ്‍ പിള്ളാരെ ലൈൻ അടിക്കലായിരുന്നു കോളേജ് ജീവിതകാലത്തെ മുഖ്യ വിനോദം.  മറ്റുള്ളവരൊക്കെ ടൌണിലെ ചൂരീദാറും പാന്റും നോക്കി ലൈൻ അടിക്കുകയായിരുന്നപ്പോൾ , വയൽ വരമ്പുകളിലെ മുഷിഞ്ഞ മുണ്ടുകൾ നോക്കി ലൈൻ അടിച്ചു അവൻ തന്റെ തൊഴിലാളി സ്നേഹം പ്രഖ്യാപിക്കുകയായിരുന്നു

നായിക : കൂലി പണിക്കാരി പാഞ്ചാലിയുടെ മകൾ പാർവതി. കോളേജ് വിദ്യാർഥിനി.  ബൂർഷ്വാ വർഗത്തെ എന്നും എതിർത്ത് വന്ന കറ കളഞ്ഞ വിപ്ലവകാരിണി

സ്ഥലം.............തലശ്ശേരി ബസ്‌ സ്റ്റാന്റ്.

രംഗം 1

നല്ല മഴയുള്ള ഒരു ദിവസം ബസ്‌ സ്റാന്റിലൂടെ വെറും വെള്ളത്തിൽ (മദ്യത്തിൽ അല്ല) ചരിച്ചു കൊണ്ടിരിക്കുകയായിരുന്ന സുന്ദരിയും സുശീല അല്ലാത്തവളും ആയ പാർവതി ബസ്‌ സ്റ്റാന്റ് കുളത്തിൽ, അതായത് ബസ്‌ സ്റ്റാന്റ് റോഡിലെ കുളത്തിൽ നിപതിച്ചു,  അത്യന്തം ഖിന്നയായിരിക്കെ പെട്ടന്ന് എവിടെ നിന്നോ ദേവ ദൂതനെ പോലെ വന്ന ഒരു കാർ കുളക്കരയിൽ സടൻ ബ്രൈക്ക് ഇട്ടു നിൽക്കുന്നു. കാറിൽ നിന്ന് സുമുഖനും,  തൊഴിലാളി സ്നേഹി എന്ന് മുൻപേ പ്രഖ്യാപിച്ചവനും ആയ സാക്ഷാൽ രാമൻ ഇറങ്ങി വരികയും,  ആയിരക്കണക്കിന് പേർ ഒരു പുല്ലും ചെയ്യാതെ നോക്കി നില്ക്കുന്ന ആ വേളയിൽ, കഥാനായികയായ പാർവതിയെ കുളത്തിൽ നിന്ന് പോക്കിയെടുക്കുകയും , പൊക്കുന്നതിൽ താമസം വന്നതിൽ ക്ഷമിക്കണം എന്ന് ഉരയ്ക്കുകയും (പറയുക എന്നതിന്റെ ഇംഗ്ലീഷ്) ചെയ്യുന്നു.  ഒന്നും പറ്റിയില്ലല്ലോ, ഇല്ല, ആശുപത്രിയിൽ പോകണോ, വേണ്ടാ, ഒരു തോർത്ത്‌ വാങ്ങിച്ചു തരട്ടെ, വേണ്ടാ ഇത്യാദി സംഭാഷണങ്ങൾക്ക്  ശേഷം രാമൻ കാറിലേക്കും, പാർവതി ബസ്‌ ഷെൽറ്റരിലെക്കും നടന്നു നീങ്ങുന്നു.  അതോടെ കഥയുടെ ഒന്നാം ഭാഗം അവസാനിക്കുന്നു.  (കാറിൽ മറയുന്ന കഥാ നായകനെ ഷെൽറ്റരിൽ നിന്ന് പ്രേമ പുരസ്സരം നോക്കുന്ന പാർവതിയുടെ ക്ലോസ് അപ്പ്‌ ഇതിന്റെ സിനിമാ വേർഷനിൽ ഉണ്ടായിരിക്കും)

രംഗം 2

പാർവതിയുടെ വീട്ടിൽ ആരൊക്കെയോ പാർവതിയെ പെണ്ണുകാണാൻ വന്നിരിക്കുന്നു.  ഏതോ പട്ടാളം ആണെന്നാണ്‌ കേട്ടത്.  ഉള്ളിൽ പാർവതിയുടെ ദീന വിലാപം. എനിക്ക് പട്ടാളം വേണ്ട, പഠിക്കണം, ജോലി വേണം,കള്ളു കച്ചവടം നടത്തുന്ന ഏതെങ്കിലും കുടുംബത്തിൽ നിന്നുള്ള ചെക്കനെ മതി ഇമ്മാതിരി തോന്ന്യവാസ സംഭാഷങ്ങൾക്ക് ശേഷം ആരോ അനേകം കപ്പു ചായ/കാപ്പികള്മായി പാർവതിയെ അതിഥികളുടെ മുന്നിലേക്ക്‌ തള്ളി വിടുന്നു.  പേരെന്താ, എന്തിനാ പഠിക്കുന്നെ (ഏതു ക്ലാസ്സിലാ പഠിക്കുന്നത് എന്ന അർത്ഥത്തിൽ) പാട്ട് ഇഷ്ടമാണോ, സീരിയൽ കാണാറുണ്ടോ ഇത്യാദി ചോദ്യങ്ങൾക്ക് ശേഷം ചോദ്യ കർത്താക്കൾ സ്ഥലം വിടുന്നു.

രംഗം 3

അബ്കാരി ചാത്തുവിന്റെ വീട്ടിൽ അച്ഛനും മകനും തമ്മിൽ അടി നടക്കുകയാണ്

ചാത്തു : എടീ ജാനു, ഇവൻ ഏതോ പീറ പെണ്ണിനെ പ്രേമിക്കുന്നുണ്ട് എന്ന് പറയുന്നു.  അടിച്ചു ഇവന്റെ കരണ കുറ്റി ഞാൻ പൊട്ടിക്കും. നിനക്ക് അതിൽ വല്ല എതിർപ്പും ഉണ്ടോ. ഉണ്ടെങ്കിൽ ഉടൻ പറയണം. അങ്ങനെ എങ്കിൽ നിന്റെയും കരണ കുറ്റി ഒപ്പം ശരിയാക്കി കളയാം.

ജാനു : നിങ്ങൾ ആവേശം കൊണ്ടു എന്തെങ്കിലും വിഡ്ഢിത്തം ചെയ്യരുത് (ആത്മഗതം-- ആവെശമില്ലാതപ്പോഴും ഇങ്ങേരു വിഡ്ഢിത്തം മാത്രമല്ലേ ചെയ്യാറുള്ളൂ) . ഇപ്പോഴത്തെ കുട്ടികളാണ്. ഒന്ന് പറഞ്ഞു രണ്ടാമത്തെതിന് കയറാണ്. അല്ലെങ്കിൽ റെയിൽ ആണ്.  നമ്മക്ക് അവനെ പറഞ്ഞു മനസ്സിലാക്കാൻ നോക്കാം.

പറഞ്ഞു നോക്കി. രക്ഷയില്ല. അധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗത്തിന്റെ ആകർഷണ വലയത്തിൽ പെട്ടുപോയ ഒരു ബൂർഷ്വയെ ഈ കെണിയിൽ നിന്ന് രക്ഷപ്പെടുത്താൻ വലിയ പ്രയാസമാണെന്ന് ദാസ്‌ കാപിറ്റൽ വായിച്ച ഏതൊരാൾക്കും അറിയാം.  ഫ്രെഞ്ച് വിപ്ലവത്തിന്റെ പുസ്തകങ്ങളും മറ്റും കൊടുത്തു ഇതിനെ മറികടക്കാൻ ചാത്തുവും ജാനുവും ശ്രമിച്ചു നോക്കിയെങ്കിലും അതി ദയനീയമായി പരാജയപ്പെട്ടു.

അങ്ങനെ ഇരിക്കെ ഒരിക്കൽ ആറ്റുപുറം വയൽക്കരയിലൂടെ പോകുകയായിരുന്ന അബ്കാരി ചാത്തു ബോധം കെട്ടു വീണു. വയലിൽ ഞാറു നടുകയായിരുന്ന പാഞ്ചാലി പണി പകുതിക്കിട്ടു ഓടി വന്നു ചാത്തുവിനെ താങ്ങി പിടിച്ചു വയൽകരയിൽ കിടത്തി. വഴിയെ പോകുകയായിരുന്ന ഒരു ഓട്ടോ പിടിച്ചു സ്വന്തംകൈകൾ കൊണ്ടു ചാത്തുവിനെ താങ്ങി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു.  അവിടെ വച്ച് ചാത്തുവിന്റെ ഭാര്യ ജാനുവിനോട്‌  ഡോക്ടർ പറഞ്ഞത്രേ 'ഒരു മിനുട്ട് താമസിച്ചു പോയിരുന്നെങ്കിൽ ആള് വടിയായി പോയേനെ' എന്ന് . (രക്ഷ്പ്പെടുന്നവരോട് ഇങ്ങനെയും വടിയായി പോകുന്നവരോട് 'ഹോ. വളരെ താമസിച്ചു പോയി' എന്നും പറയുന്നത് നമ്മുടെ ഡോക്ടർ മാരുടെ ഒരു ശീലമാണെന്ന് ചാത്തുവിനോ ജാനുവിനോ അവരുടെ രക്ഷകയായ പാഞ്ചാലിക്കോ അറിയാതിരുന്നത്‌ കൊണ്ടു , പാഞ്ചാലിയുടെ മകള് രക്ഷപ്പെട്ടു എന്ന് പറയാം.   തങ്ങളുടെ തെറ്റ് ചാത്തുവിനും ജാനുവിനും ക്ഷിപ്രം മനസ്സിലാകുകയും, അടുത്തൊരു ദിവസത്തെ ശുഭ മുഹൂർത്തത്തിൽ തലശ്ശേരി ബാങ്ക് ഓഡിറ്റൊരിയത്തിൽ വച്ച് അസംഖ്യം  ബൂർഷ്വകളുടെ യും , അത്രയും തന്നെ തൊഴിലാളി സുഹൃത്ക്കളുടെയും സാന്നിധ്യത്തിൽ രാമൻ, പാർവതി പ്രണയ ജോടികളുടെ വിവാഹം കഴിഞ്ഞു.

രംഗം 4

ചില പാർട്ടി അപ്പീസുകളിലെ രംഗങ്ങൾ

മുതലാളി പാർടി: : അങ്ങനെ നമുക്ക് ഒരു അനുയായിയെ നഷ്ടപ്പെട്ടു

തൊഴിലാളി പാർടി: അങ്ങനെ ഒരു ബൂർഷ്വയെ നാം നമ്മുടെ പക്ഷത്തേക്ക് അടുപ്പിച്ചു.

വരനും വധുവും പാർടി ഫണ്ടിലേക്ക് 500 രൂപ സംഭാവന ചെയ്തു

(പ്രേമം ഒരു നല്ല രാഷ്ട്രീയ ആയുധമാണെന്ന് എന്റെ ഒരു രാഷ്ട്രീയക്കാരൻ സുഹൃത്ത്‌ പറഞ്ഞു.  പാരമ്പര്യ രാഷ്ട്രീയ കുടുംബങ്ങളെ തകർക്കാൻ എതിർ പാർട്ടി ക്കാർ ഈ ആയുധം പരക്കെ ഉപയോഗിക്കുന്നുണ്ടത്രേ.  തങ്ങളുടെ അനുഭാവിയായ എന്തെങ്കിലും പീറ ചെക്കനെ കൊണ്ടു എതിർ രാഷ്ട്രീയക്കാരന്റെ മകളെയോ പെങ്ങളെയോ പ്രേമിപ്പിച്ചു പ്രസ്തുത കുടുംബം കുളം തോണ്ടിക്കുന്ന രീതി ഇവിടെ പലരും പ്രയോഗത്തിൽ വരുത്തിയിട്ടുണ്ട് അത്രേ )

നെക്സ്റ്റ് കഥ ........ ഇന്റർ കാസ്റ്റ്

No comments:

Post a Comment