Sunday, 28 December 2014

മനുഷ്യന്റെ തിന്മകൾ എത്ര വരെ പോകാം

നമ്മൾ ഒരിക്കലും ചിന്തിച്ചു നോക്കാൻ പോലും ആഗ്രഹിക്കാത്ത ഒരു താത്വിക സമസ്യാണ് ഇത്.  പക്ഷെ ലോകത്ത് ഇതിനെ കുറിച്ച് ചിന്തിച്ച ഒരാളെങ്കിലും ഉണ്ടായിരുന്നു.  സാദെ എന്ന പേരിൽ ഒരു ഭീകരനായി അറിയപ്പെട്ട ദൊനെഷിയൻ അൽഫോൻസ്‌ ഫ്രാൻസ്വാ  എഴുതിയ 'സോഡോമിലെ 120 ദിവസം' എന്ന ആഖ്യായികയും , അതിനെ ആധാരമാക്കി പാസ്സോലിനി സൃഷ്ടിച്ച 'സാലോ. സോഡോമിലെ 120 ദിവസം' എന്ന സിനിമയും പല രാജ്യങ്ങളും നിരോധിച്ചു.  ലൈങ്ങികതയെ അതിന്റെ പാരമ്യത്തിൽ അനുഭവിക്കണം എന്ന് തീരുമാനിച്ച നാലു ധനിക യുവാക്കൾ ആണും പെണ്ണ് അടക്കമുള്ള 46 പേരെ ഒരു കോട്ടയിൽ തടവുകാരാക്കി വെക്കുകയും അവിടെ തങ്ങളുടെ ലൈംഗിക അരാജകത്വത്തിന്റെ വേദി ആക്കുകയും ചെയ്യുന്നു.  രാജാക്കന്മ്മാരുടെ അന്തപുരം പോലെ ഉള്ള പ്രസ്തുത വേദിയുടെ സൂക്ഷിപ്പുകാരായ നാലു സ്ത്രീകൾ തങ്ങളുടെ വീര ലൈംഗിക കഥകൾ തങ്ങളുടെ തടവുകാരോട് പറഞ്ഞു പറഞ്ഞു  അവരെ ലൈംഗിക അതിപ്രസരത്തിന് അടിപ്പെടുത്താൻ ശ്രമിച്ചു കൊണ്ടെ ഇരുന്നു. ക്രൂരത അതിന്റെ പാരമ്യത്തിൽ എത്തി ചേരുകയും ഒടുവിൽ എല്ലാവരും കൊല്ലപ്പെടുകയും ചെയ്യുന്നു.

ലോകാരംഭത്തിന് ശേഷം ഉണ്ടായിട്ടുള്ള ഏറ്റവും വൃത്തികെട്ട ഒരു കഥയാണ് ഇതെന്ന് സാദെ തന്റെ സൃഷ്ടിയെ കുറിച്ച് പറഞ്ഞിട്ടുണ്ട്. സൈമണ്‍ ഡി ബോവിയർ (സാർത്രിന്റെ കാമുകി) എന്ന സ്ത്രീ പക്ഷക്കാരിയായ എഴുത്തുകാരി ഒരിക്കൽ ചോദിക്കുക പോലും ചെയ്തു ' നമ്മൾ സാദെ യെ ചുട്ടു കൊല്ലേണ്ട തുണ്ടോ? എന്ന്.

ഞാനും ചോദിക്കാൻ ആഗ്രഹിക്കുന്നത് ഇത് തന്നെയാണ്.  ഒരു പുസ്തകം വായിക്കുകയോ,  അതിലൂടെ തിന്മയെ കുറിച്ചുള്ള പാഠങ്ങൾ അറിയുകയോ ചെയ്യുന്ന മനുഷ്യൻ അതിലൂടെ തകര്ന്നു പോകും എന്ന് വിശ്വസിക്കാമെങ്കിൽ, അത്തരത്തിൽ ഒരറിവ്‌ ഇല്ലെങ്കിലും അവൻ തകര്ന്നു പോകുകയില്ലേ.  നമ്മുടെ ലോകം രക്ഷപ്പെട്ടു പോകുന്നത് , അതിനു തിന്മയെ കുറിച്ചുള്ള അറിവുകൾ ഇല്ലാത്തത് കൊണ്ടു മാത്രമാണോ.  തിന്മ എന്തെന്ന് ശരിക്കും അറിഞ്ഞു , അതിനെ പൂര്ണമായും ഒഴിവാക്കാൻ മനുഷ്യ കുലത്തിനു സാധിക്കുമെങ്കിൽ അത് ഇതിനേക്കാൾ മെച്ചമായിരിക്കും എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

No comments:

Post a Comment