Friday, 19 December 2014

സംഗീതം -- യന്ത്രങ്ങളുടെ മുന്നിൽ മനുഷ്യൻ പരാജയപ്പെടുന്നോ.



ആഞ്ചെലോപൌലോസിന്റെ 'മഞ്ഞിൽ കുളിച്ച ഭൂവിഭാഗം' (landscape in the mist) എന്ന സിനിമ കണ്ടതിനു ശേഷം ഞാൻ എപ്പോഴും ആലോചിക്കുന്ന ഒരു കാര്യമുണ്ട്. ആ സിനിമയിൽ എന്നെ യഥാർത്ഥത്തിൽ ദുഃഖത്തിൽ ആഴ്ത്തുന്നത് എന്താണ്.  കുട്ടികളുടെ  വേദനാ ജനകമായ വിധി മാത്രമാണോ. അതല്ല മറ്റെന്തെങ്കിലും ആണോ..  പല സമയങ്ങളിലും എന്റെ മനസ്സിൽ ഓടി എത്തുന്നത്‌, വേദനയിൽ കുളിച്ച രംഗങ്ങൾ മാത്രമല്ല  , മറിച്ചു, എലിനി കരെന്ദ്രോവിന്റെ ഒരു ഗാന ശകലം കൂടിയാണ്. 'പിതാവിന്റെ പാട്ട് ' ( eleni karaindrou adagio) എന്ന് പേരിട്ട ഈ യന്ത്രപാട്ട് എന്താണ് എനിക്ക് അറിയില്ല. പക്ഷെ ഏതു നേരം അത് കേട്ടാലും ഞാൻ വല്ലാത്തൊരു വേദനക്ക് അടിപ്പെട്ടു പോകുന്നു.

ഞാൻ ഒരിക്കലും സംഗീതം പഠിച്ചിട്ടില്ല.  എന്റെ ജീവിതത്തിലെ വലിയ ഒരു നഷ്ടമായിരുന്നു അതെന്നു എനിക്ക് തോന്നുന്നു.  ഇപ്പോൾ അങ്ങനെ ഒരു നിര്ബന്ധ ബുദ്ധി എനിക്ക് തോന്നുകയാണെങ്കിൽ തന്നെ, വായ്പാട്ട് പഠിക്കാൻ ഞാൻ തുനിയും എന്ന് തോന്നുന്നില്ല.  ഒരിക്കൽ ഒരു ചർച്ചയിൽ വച്ച് ആരോ സംഗീതത്തെ കുറിച്ച് സംസാരിക്കുകയായിരുന്നപ്പോൾ ഞാൻ പറഞ്ഞു,

എല്ലാ ഇടങ്ങളിലും യന്ത്രങ്ങൾ നമ്മളെ പരാജയപ്പെടുത്തിയപ്പോൾ , സംഗീതത്തിൽ എങ്കിലും യന്ത്രങ്ങളെ അത് ചെയ്യാൻ നാം സമ്മതിക്കരുതായിരുന്നു. പക്ഷെ നമ്മുടെ സംഗീതം യന്ത്രങ്ങളുടെ മുന്നിൽ അതി ദാരുണമായി പരാജയപ്പെട്ടു പോകുന്നു.

ഇത്,  സിനിമയ്ക്കു മുന്നിൽ തപസ്സിരിക്കുന്ന ഒരു മനുഷ്യന്റെ വേദന മാത്രമാണെന്ന് , അതിനു മറുപടിയായി എന്റെ ഒരു സുഹൃത്ത്‌ പറഞ്ഞു.
ശരിയായിരിക്കാം.  പക്ഷെ എന്റെ ഒരു സിനിമാ അനുഭവം അത് തെറ്റാണെന്ന് എന്നോട് പറയുന്നു.

കിസ്ലോവിസ്കിയുടെ  'വേരോനിക്കയുടെ ഇരട്ട ജീവിതം'(the double life of veronique) എന്ന സിനിമയിൽ വെറോനിക്ക ആയിരക്കണക്കിന് കാണികളുളള ഒരു വേദിയിൽ വച്ച് പാടുകയാണ്.  ഞാൻ മഹത്തെന്നു കണക്കാക്കാത്ത അതെ വായ്പാട്ട്.  പക്ഷെ ആ പാട്ട് ഏതെല്ലാമോ തലങ്ങളിൽ ഒരു യന്ത്രത്തെ അനുകരിക്കാൻ ശ്രമിക്കുന്നത് പോലെ ആ നിമിഷങ്ങളിൽ എനിക്ക് തോന്നി.  വെറോനിക്ക തന്റെ ശബ്ദ മാധുരിയിലൂടെ യന്ത്രങ്ങളെ ജയിക്കാൻ ശ്രമിക്കുന്നത് പോലെ.  പക്ഷെ വെറോനിക്ക വേദിയിൽ വീണു മരിച്ചു.  യന്ത്രത്തെ പരാജയപ്പെടുത്താനുള്ള ഒരു ഗായികയുടെ ശ്രമം ആ വേദിയിൽ തകർന്നടിഞ്ഞു വീണു.  (ഈ രംഗം ആരും ഇത്തരത്തിൽ വിലയിരുത്തിയില്ല എന്നും, എന്റെ ഈ വിലയിരുത്തൽ പലരും ഒരു വലിയ വിഡ്ഢിത്തമായി കണക്കാക്കുമെന്നും എനിക്ക് അറിയാം.

നമ്മളെന്താണ് യന്ത്രങ്ങൾക്ക് മുന്നിൽ തകർന്നു പോകുന്നത്

(ഇത് തികച്ചും വ്യക്തിപരമായ ഒരു അഭിപ്രായം മാത്രമാണ്.  സിനിമകളിൽ വല്ലാതെ മുഴുകിപോയ ഒരു മനുഷ്യനിൽ നിന്ന് ഇത്തരം അഭിപ്രായങ്ങൾ ഉണ്ടാകാം.  കാരണം അയാളെ സംബന്ദിച്ചു സംഗീതം എന്നത് സിനിമ സംഗീതം മാത്രമാണ്.  ആധുനിക സിനിമയിലെ സംഗീതം ഒരു വല്ലാത്ത തലത്തിൽ എത്തി നിൽകുന്നതായി അതിന്റെ ആഴങ്ങളിൽ ഊളിയിടുന്ന ഏതൊരു നല്ല പ്രേക്ഷകനും മനസ്സിലാക്കാൻ പറ്റും.  ഇവിടെ സംഗീതം എന്നത് പുറമേ ചാർത്തുന്ന ഒരു ആഭരണമേ അല്ല. മറിച്ചു സിനിമയുടെ ആത്മാവിൽ ആകെ ച്ചുട്ടിപ്പടർന്നു ഒരു തരത്തിലും അതിൽ നിന്ന് വേർപെടുത്തി എടുക്കാനാവാത്ത അസ്ഥിത്വമാണ് . സിനിമയ്ക്കു വേണ്ടിയുള്ള സംഗീതം എന്നതിന് പകരം, സംഗീതത്തിനു വേണ്ടിയുള്ള സിനിമ എന്ന് പോലും ചിലപ്പോൾ എനിക്ക് തോന്നാറുണ്ട്.  വർത്തമാന കാലത്തുള്ള സിനിമ സംഗീതം, യഥാർത്ഥത്തിൽ സംഗീതത്തിന്റെ മറ്റൊരു രൂപം തന്നെ ആണ്.)

No comments:

Post a Comment