Sunday, 7 December 2014

മാർകറ്റ്‌ ---------- മനുഷ്യന്റെ ആവശ്യങ്ങൾ ഗൂഡവൽകരിക്കുന്ന ഒരിടം

മനുഷ്യന് അപ്പം കൊണ്ടു മാത്രം ജീവിക്കാൻ കഴിയില്ല . ദൈവം സംസാരിക്കുന്ന ഓരോ വാക്കും അവനു ആവശ്യമാണ്‌
------------------------------------------------------------------------------(മത്തായി - 4 - 4)

മനുഷ്യന്റെ അസ്തിത്വത്തിനു അവശ്യം വേണ്ടത് എന്തൊക്കെ ആണ്. നിങ്ങൾക്ക് എളുപ്പം പറയാം. ഭക്ഷണം, പാര്പ്പിടം, ആരോഗ്യ പരിപാലനം ....എന്നിങ്ങനെ ഉള്ള അടിസ്ഥാന സൌകര്യങ്ങൾ.  പക്ഷെ നിങ്ങൾ ഒരു ആധുനിക മനുഷ്യൻ ആകുമ്പോൾ നിങ്ങളുടെ ആവശ്യങ്ങൾ നിങ്ങളുടെ അടിസ്ഥാന സൌകര്യങ്ങൾ എന്ന് നിങ്ങൾ ധരിച്ചതിന്റെ അതിർ വരമ്പുകൾക്കു അപ്പുറത്തേക്ക് കടക്കുന്നു. നിങ്ങൾക്ക് ആഡംബര പൂര്ണ്ണമായ ഭക്ഷണം, വസ്ത്രം , പാര്പിടം, ആരോഗ്യ പരിപാലനം......എന്നിങ്ങനെ നമ്മുടെ അടിസ്ഥാന സൌകര്യങ്ങളോട് ബന്ധപ്പെട്ട ചില നൂതന സൌകര്യങ്ങൾ വേണം, ഒപ്പം ആദി മനുഷ്യൻ സ്വപ്നം കാണാത്ത മറ്റു പലതും.  ഇനി നിങ്ങൾക്ക് നിങ്ങളുടെ ആവശ്യങ്ങൾ എന്തെന്ന് വ്യക്തമായി അറിയില്ലെങ്കിൽ, നിങ്ങളുടെ വീടിനു അടുത്തുള്ള ഒരു സൂപ്പർ മാർകറ്റ്‌ ലേക്ക് ചെന്ന് അവിടെ നിങ്ങളുടെ ആഡംബര പൂര്ണമായ ജീവിതത്തിനു ആവശ്യമുള്ളത് എന്തൊക്കെ എന്ന് മനസ്സിലാക്കുക.  ആധുനിക മനുഷ്യൻ ഇരുണ്ട ഒരു ഇടവഴിൽ പെട്ട് പോയ കാഴ്ച നഷ്ടപ്പെട്ട ഒരു യാത്രികനെ പോലെ ആണ്. അവന്റെ യഥാർത്ഥ ആവശ്യങ്ങൾ എന്തൊക്കെ എന്ന് അവനു അറിയില്ല എന്ന് മാത്രമല്ല, അത് പോലും തീരുമാനിക്കുന്നത്, അവനിൽ നിന്ന് ബാഹ്യമായ ഒരു ഭീകര സത്വമാണ്. അതിനെയാണ് നാം മാർകറ്റ്‌ എന്ന് വിളിക്കുന്നത്‌.

ഒരിക്കൽ നമ്മുടെ ഉത്പാദന പ്രക്രിയയെ നിശ്ചയിച്ചിരുന്നത് നമ്മുടെ ആവശ്യങ്ങൾ ആയിരുന്നു.  പക്ഷെ ഇന്ന് നിങ്ങളുടെ ആവശ്യങ്ങൾ തീരുമാനിക്കുന്നത് ഉത്പാദന പ്രക്രിയയുടെ ജിഹ്വയായ ഈ മാർകറ്റ്‌ ആണ്.  ആവശ്യങ്ങൾക്ക് അനുസൃതമായി വസ്തുക്കൾ ഉലപാദിപ്പിക്കപ്പെട്ട ഒരു കാലത്ത് നിന്ന്,  ഉല്പാദനങ്ങൽക്കു ശേഷം ആവശ്യം സൃഷ്ടിക്കപ്പെടുന്ന ഒരു ദുരന്ത കാലത്തേക്ക് നമ്മുടെ ജീവിതം മാറ്റി നടപ്പെട്ടിരിക്കുന്നു.  ഇന്ന് മാർകറ്റ്‌ എന്നത് നിങ്ങളുടെ ആഗ്രഹ പൂര്തീകരണ ത്തിനുള്ള ഒരു ഇടം എന്നതിനേക്കാൾ കൂടുതലായി നിങ്ങളിൽ പുതിയ ആവശ്യങ്ങൾ സൃഷ്ടിക്കുന്ന ഒരു ഇടമായി പരിണമിച്ചു പോയി.  നിങ്ങളുടെ ആഗ്രഹങ്ങൾ അനുസ്യൂതം വളർന്നു കൊണ്ടിരുന്നില്ലെങ്കിൽ നിങ്ങൾ ഇത്രയും നാൾ താലോലിച്ചു വളർത്തി കൊണ്ടു വന്ന ഈ മാർകറ്റും അത് മൂലം നിങ്ങളുടെ സമൂഹത്തിന്റെ വികസന സ്വപ്നങ്ങളും തകര്ന്നു പോകുമെന്ന് നിങ്ങൾ കരുതുന്നു.  വികസനം എന്ന ഈ മാരക പ്രക്രിയ ഒരു നിമിഷം നിലച്ചു പോയാൽ എല്ലാം കീഴ് മേൽ മറിഞ്ഞു പോകുമെന്ന് നിങ്ങളിലെ അഭ്യുദയ കാംക്ഷി ഭയപ്പെടുന്നു.  പക്ഷെ ശാസ്ത്രീയമായ ഒരു അപഗ്രഥനം , വികസനത്തിനെ കുറിച്ചുള്ള നമ്മുടെ ഈ ധാരണ പൂര്ണമായും തെറ്റാണ് എന്നാണ് സമർതിക്കുന്നതു.  ഈ ലോകവും അതിലെ സർവ ചരാചരങ്ങളും നില നിന്ന് പോകാനെങ്കിലും നാം വികസനത്തിന്‌ നേരെ കാണിക്കുന്ന ഈ അത്യാർത്തി ഒഴിവാക്കിയേ പറ്റൂ.

No comments:

Post a Comment