Wednesday, 31 December 2014

വിവാഹം 2010

അങ്ങനെ നമ്മൾ വർത്തമാന കാല വിവാഹങ്ങളിലേക്ക് കടക്കുകയാണ്. ഈ കടക്കൽ ഒരു ഉപദേശത്തോടെ തുടങ്ങുകയാണ്. അത് നവീന വധൂ വരന്മാർക്കു മാത്രമുള്ള ഉപദേശമാണ്. നിങ്ങൾ നിങ്ങൾക്ക് ഇഷ്ടമുള്ളവന്റെ/അവളുടെ കൂടെ പൊറുക്കാൻ തീരുമാനിച്ച സ്ഥിതിക്ക് അത് നാലാൾ അറിഞ്ഞു വീട്ടുകാരുടെ സമ്മതത്തോടെ തന്നെ വേണമെന്ന് എന്താണ് നിങ്ങൾക്ക് ഇത്ര നിർബന്ധം. നമ്മൾ രക്ഷിതാക്കൾ ഇതറിഞ്ഞു ചെയ്യുമ്പോൾ പന്തലിന്റെ പണം, പന്തൽ ചമയിക്കാനുള്ള പൂവിന്റെ പണം, നാലാൾക്ക് കൊടുക്കേണ്ട ഭക്ഷണത്തിന്റെ പണം, ഇങ്ങിനെ പണങ്ങൾ അനവധി ചിലവാക്കുന്നതിനു പകരം, ഇവയൊക്കെ ഒരു സ്ഥിര കാല നിക്ഷേപമായി ഏതെങ്കിലും ദേശസാല്കൃത ബാങ്കിലോ ദേശസാല്കൃതമല്ലാത്ത ബാങ്കിലോ ചേർത്ത്, തുച്ചമായ ഒരു രെജിസ്ട്രേഷൻ ചാർജ് കൊണ്ടു കാര്യം ഭംഗിയായി നിർവഹിച്ചാൽ പോരെ. പണം എന്നത് അങ്ങനെ വെറുതെ നാട്ടു കാരെ കൊണ്ടു തീറ്റിക്കേണ്ട സാധനമല്ലല്ലൊ മക്കളെ. ഇനിയെങ്കിലും ഇതൊന്നു കൂലം കഷമായി പരിശോധിക്കുക. ഇതാ ഒരു നല്ല ഉദാഹരണം താഴെ കൊടുക്കാം.

അച്ഛാ ഒന്ന് രജിസ്റ്റർ ഓഫീസു വരെ വരണം.
എന്തിനാടാ
ഞാനും എന്റെ പെണ്ണും പിള്ളയും ഇവിടെ നിൽകുന്നുണ്ട്
അപ്പൊ അമ്മ വരേണ്ടേ
അമ്മയെ ഞാൻ നേരിട്ട് വിളിച്ചിട്ടുണ്ട്. പുറപ്പെട്ടു കഴിഞ്ഞു.
നാട്ടുകാരോ.
നാട്ടുകാരും കുടുംബക്കാരും ഒന്നും വേണ്ട. അവർക്ക് വേണമെങ്കിൽ ഒരു റിസപ്ഷൻ
എന്നാൽ ഞാൻ ഇതാ പുറപ്പെടുന്നു.

(ബടായി ആണെന്ന് വിചാരിക്കരുത്. ശരിക്കും നടന്ന സംഭവമാണ്. പക്ഷെ പഹയൻ ഒരു റിസപ്ഷൻ പോലും നടത്തിയില്ല എന്ന കാര്യം ഇന്നും ഞാൻ വേദനയോടെ ഓർക്കുന്നു)

ഉദാഹരണം 2 (ഇത് കുറച്ചു വർഷങ്ങൾക്കു മുൻപ് നടന്നതാണ്)

സാറേ ഒരു ഹാഫ് ഡേ കാഷുവൽ ലീവ് വേണം
എന്തിനാടോ ഇത്ര പെട്ടന്ന്.
പെട്ടന്ന് ഒന്നുമല്ല സാർ. എല്ലാം നേരത്തെ തീരുമാന്ച്ചതാണ്.
മനസ്സിലായില്ല.
അല്ല അവളും ഒരു ഹാഫ് ഡേ കാഷുവൽ ലീവ് എടുത്തിട്ട് രജിസ്റ്റർ ഓഫീസിൽ എത്തിയിട്ടുണ്ട്. സാറും വരണം, ഒരു വിട്നെസ്സ് ആയി.

(ഉച്ചക്ക് ശേഷം രണ്ടു പേരും കൃത്യമായി ഓഫീസിൽ പോയി പൊതു ജനങ്ങളെ സേവിക്കൽ തുടർന്നു)
(മേൽ പറഞ്ഞ കഥയിലെ നായികാ നായകൻമ്മാരായ നാലുപേർ ലോകത്തിന്റെ ഏതെങ്കിലും കോണുകളിൽ ഇരുന്നു കൊണ്ടോ നിന്ന് കൊണ്ടോ ഇത് വായിക്കാനിടയായാൽ ഓർക്കുക ഇങ്ങു ദൂരെ തലശേരിയിൽ നിങ്ങളുടെ സുഹൃത്തായ ഒരു മനുഷ്യൻ നിങ്ങൾ ചെയ്ത സൽ പ്രവൃത്തികളെ ഭാവി തലമുറയ്ക്ക് മുൻപിൽ ഒരു നല്ല ഉദാഹരണമായി കാണിച്ചു കൊടുത്തിരിക്കുകയാണ്. ഉചിതമായ രീതിയിൽ പ്രതികരിക്കുക)

No comments:

Post a Comment