Tuesday, 30 December 2014

ഇന്റർ കാസ്റ്റ്

ഇന്റർ കാസ്റ്റ് പ്രണയം ആരംഭിക്കുന്നത് ആല്മദൊവരിന്റെ സിനിമയിലെത് പോലെ ആണ്.   തീയ്യത്തിയായ പാർവതിയുടെ പണ സഞ്ചി റോഡ്‌ അരികിൽ വീണു പോകുകയും അതിലെ വഴിപോകുകയായിരുന്ന രാമൻ നമ്പ്യാർ അത് സ്നേഹ പുരസ്സരം പാർവതിയടെ കയ്യിൽ എല്പ്പിക്കുകയും ചെയ്യുന്നതോടെ കഥ അഥവാ പ്രേമം ആരംഭിക്കുന്നു.  പണ സഞ്ചിയിൽ പണം എന്ന ഒരു വസ്തു ഒഴിച്ച് മറ്റു പലതും ഉണ്ടായിരുന്നു എന്ന കാര്യമോ,  രാമൻ നമ്പ്യാർ എന്ന സുമുഖനെ വലയിൽ വീഴ്ത്താൻ പാർവതി എന്ന സുന്ദരി കുട്ടി കരുതി കൂട്ടി ചെയ്ത  വേലയായിരുന്നു ഈ പണ സഞ്ചി വീഴ്ച എന്ന കാര്യമോ ഇവിടെ അപ്രസക്തങ്ങൾ ആണ്.

ഓവർ ബരീസ് ഫോളിയിലെ വെയിലിൽ ഒരു നട്ടുച്ച നേരം ഇരിക്കുകയായിരുന്നപ്പോൾ പാർവതി, രാമൻ നമ്പ്യാരോട് ഇങ്ങനെ പറഞ്ഞു.

വീട്ടുകാര് സമ്മതിക്കുന്ന പ്രശ്നമേ ഇല്ല. വേറെ ഏതെങ്കിലും തീയനെ കൊണ്ട് കെട്ടിക്കാനുള്ള പുറപ്പാടിലാണ് അവർ. നമ്മൾ എന്താ ചെയ്യുക.

അയ്യേ. ഒരു ഫോർവേഡ് കാസ്റിനെ ഒരു ബാക്ക്വേർഡ് കാസ്ടിനു   വേണ്ടാ എന്നോ. ഇതെന്തു രക്ഷിതാക്കൾ ആടീ നിന്റേതു.

ഫോർ വേർഡ് എന്നൊക്കെ പറഞ്ഞിട്ടെന്താ രാമാട്ടാ കാര്യം.  ഫീസ്‌ കൊടുക്കാണ്ട് പഠിക്കാൻ പറ്റില്ലല്ലോ.  പണിയുടെ കാര്യത്തിൽ ഇങ്ങള് എപ്പോഴും അവസാനത്തെ വരിയിൽ തന്നെ  അല്ലെ.

രാമൻ നമ്പ്യാർ ആ വർത്തമാനത്തിൽ ആകെ ഒന്ന് ചൂളി പോയി (ഇനി എത്രയോ ചൂളാനുള്ളതാണ്‌. അത് കൊണ്ട് ഇപ്പോഴേ അതൊക്കെ പഠിക്കുന്നത് നല്ലത് തന്നെയാണ് )

രാമാട്ടാ നമുക്ക് ഒളിചോടിയാലോ.  അതാണല്ലോ ഇപ്പോഴത്തെ നാട്ടു നടപ്പ്.

നീ എന്ത് വിഡ്ഢിത്തമാടീ ഈ പറയുന്നത്.  ഒളിച്ചിട്ടാണെങ്കിൽ പിന്നെ ഓടേണ്ട ആവശ്യമുണ്ടോ. നടന്നു പോയാൽ പോരെ.  അല്ലെങ്കിൽ തന്നെ ഇപ്പൊ ആരാ ഈ നടക്കുകയും ഓടുകയും ഒക്കെ ചെയ്യുന്നത്. എല്ലാറ്റിനും വാഹനങ്ങൾ അല്ലെ. ലോക്കൽ ഒളിച്ചോട്ടത്തിന് ഇപ്പൊ ഓട്ടോ റിക്ഷ.  ദൂരം കൂടുന്നതിന് അനുസരിച്ച് ബസ്‌, കാറ്, തീവണ്ടി എന്നിങ്ങനെ  മാറുന്നു എന്നതല്ലാതെ നമ്മുടെ ഓട്ടത്തിന്റെ സ്പീഡ് കൂടുന്നൊന്നും ഇല്ലല്ലോ. നമ്മൾ  ഇരുന്ന ഇരുപ്പിൽ നിന്ന് ഒന്ന് അനങ്ങുന്നു കൂടി ഇല്ലല്ലോ.  പിന്നെയാ ഈ ഓട്ടം.

ഓ . ഈയാളുടെ ഒരു തമാശ.

തമാശയൊന്നും അല്ലെടീ. ഞാൻ കാര്യമായി പറഞ്ഞതാ.  നമ്മൾ ഒളിചോടുകയോന്നും ചെയ്യുന്നില്ല.  നേരെ രജിസ്ട്രാപ്പീസിൽ പോയി ഒരു പരസ്യം കൊടുക്കുകയാ. പ്രായം ഇരുപതൊക്കെ കഴിഞ്ഞതല്ലേ. ഇനി ഇപ്പോൾ ഇതിനൊക്കെ ആരോടെങ്കിലും ചോദിക്കേണ്ട കാര്യമുണ്ടോ.  നമ്മള് രണ്ടു പേരും വിവാഹിതരാകാൻ ആഗ്രഹിക്കുന്നു എന്നും അതിൽ ആർക്കെങ്കിലും വിരോധം ഉണ്ടെങ്കിൽ ഒരു മാസത്തിനകം ഈ വിരോധം പ്രകടിപ്പിക്കെണ്ടതും ആണെന്ന് നാം പരസ്യം ചെയ്യുന്നു.  ആരെങ്കിലും വിരോധം പ്രകടിപ്പിക്കാൻ , ആരെങ്കിലും ഇത് വായിച്ചിട്ട് വേണ്ടേ.  മര്യാദക്കു ഒരു പേപ്പറ് പോലും വായിക്കാതവരാ എന്റെ തന്തയും തള്ളയും. നിന്റെതും അങ്ങനെ തന്നെ ആകും.

അങ്ങനെ ഒരു മുപ്പതു ദിവസത്തിന് ശേഷം രണ്ടു പേരുടെയും വിവാഹം മൂന്നു സാക്ഷികളുടെ സാന്നിധ്യത്തിൽ രെജിസ്റ്റർ ആപ്പീസിൽ വച്ച് കഴിഞ്ഞു

പ്രതികരണങ്ങൾ:

രാമന്റെ അച്ഛൻ കോമൻ: ആ നായിന്റെ മോൻ ഒളെയും കൂട്ടി ഇങ്ങോട്ട് വരട്ടെ. ഓന്റെ മുട്ട് ഞാൻ തല്ലി ഒടിക്കും.( അദ്ദേഹം സ്വയം പട്ടിയായി പ്രഖ്യാപിച്ചു തങ്ങളുടെ നിലയിലെത്തിയത് കണ്ട് അവരുടെ ചാത്തു എന്ന നായ ചിരിച്ചു.)

പാർവതിയുടെ അച്ഛൻ ചാത്തു : എന്നാലും എന്റെ മോള് എന്നോട് ഇത് ചെയ്തല്ലോ. എന്തെങ്കിലും ആട്ടെ നന്നായി കഴിഞ്ഞാൽ മതി.

രാമന്റെ അമ്മ ജാനു:   ഓൻ ഓന് ഇഷ്ടമുള്ള ആളോടോത്ത് ജീവിക്കട്ടെ. ഇപ്പളത്തെ പിള്ളേരൊക്കെ അങ്ങനെ തന്നെ അല്ലെ.

കോമന്റെ  മോൻ ചന്ദ്രൻ: നോ കമെൻസ്

ചാത്തുവിന്റെ മോൻ ചാപ്പൻ തന്റെ ഭാര്യ ലീലയോട്  : ലപ്പിച്ചിട്ട് വീട്ടില്  വന്നു വീട്ടുകാരുടെ  ചിലവിൽ കല്യാണം കഴിക്കുന്ന പരിപാടിയാ നാട് നീളെ കാണുന്നത്. ഏതായാലും അത് ഒഴിവായി കിട്ടി. ഒരു പത്തു പതിനഞ്ചു ലക്ഷം ആ വകയിൽ നമ്മക്ക് ലാഭം.  പെങ്ങളും അളിയനും നീണാൾ വാഴട്ടെ.

No comments:

Post a Comment